Friday 1 November 2013

ഉന്മാദം ബാധിക്കുന്ന മനസ്സുകള്‍



പതിവുപോലെ ഒഴിവുദിവസത്തില്‍ കൂട്ടുകാരുടെ വീട്ടില്‍ നടക്കുന്ന കലാപരിപാടി. കയ്യില്‍ മധുചഷകം ഏന്തി വലിയ ലോകകാര്യങ്ങളെ പറ്റി
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു.
പക്ഷെ ഞങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ വിളിക്കാതെ വന്ന
ഒരതിഥിയെപോലെ അസഹനീയമായ ഒരു നിലവിളി ഇടയ്ക്കിടെ
മുങ്ങിപോകുന്നുണ്ടായിരുന്നു.
അതില്‍ ഞാന്‍ മാത്രമേ അസ്വസ്ഥത പ്രകടിപിച്ചുള്ളൂ.
‘ദീപു നമുക്ക് പോകാം എനിക്കെന്തോ..’
അവനെന്‍റെ തുടയില്‍ പതുക്കെ അടിച്ചുപറഞ്ഞു.
‘നിനക്കെന്താ ഇന്നിത്ര തിരക്ക്? സമയമായിട്ടില്ലല്ലോ?’
‘അതല്ല ദീപു നീയാ ശബ്ദം ശ്രദ്ധിച്ചോ? എനിക്കെന്തോ ഒരു വല്ലായ്മ’
ഗ്ലാസിലെ അവസ്സാനതുള്ളി ഞാന്‍ നിലത്ത് ഒഴിച്ച് പറഞ്ഞു.
‘ഇന്നിനി മതി’
പക്ഷെ അവനെന്നെ എന്തുവന്നാലും വിടില്ല എന്ന ഭാവത്തോടെ എന്‍റെ
ഗ്ലാസ് പിടിച്ചുവാങ്ങി അതില്‍ വളരെ അളന്നുകുറിച്ച് ലഹരിയുടെ
മുന്തിയ പാനീയം ഒഴിച്ച് ചുണ്ടിലെ സിഗരറ്റ്കുറ്റി ആഷ്ട്രേയില്‍
കുത്തികെടുത്തി പറഞ്ഞു.
‘ആ നിലവിളി നിന്നെ വല്ലാതെ ശല്ല്യപ്പെടുത്തുന്നുണ്ടല്ലേ?’
‘അതൊരു നിസ്സഹായതയുടെ നിലവിളിയാണ്’
‘മനുഷ്യനായ് ജനിച്ചുപോയില്ലേ സ്വയം ആ ജീവിതം നശിപ്പിക്കാന്‍
പറ്റാത്തതിലുള്ള നിലവിളി’
‘അല്ലെങ്കില്‍ ഒരു മനുഷ്യജീവിതത്തെ ചങ്ങലകണ്ണികളില്‍ കുരുക്കിയിട്ട
തന്‍റെ ബന്ധുജനങ്ങളോടുള്ള പക എങ്ങനെ വേണമെങ്കിലും വ്യാഘ്യാനിക്കാം’
‘രാകേഷിനറിയാമോ? ഉന്മാദം പിടിപെട്ട മനസ്സിന്‍റെ ഭീകരമായ അവസ്ഥകള്‍’
‘മതി നിര്‍ത്ത്’ ഞാന്‍ വളരെ അസഹ്യതയോടെ പറഞ്ഞു.
പക്ഷെ അവന്‍ എന്നെയനുസ്സരിക്കാതെ അടുത്ത സിഗരറ്റിനു തീകൊടുത്തു.
കസേരയില്‍ ഒന്നുകൂടി ചാരിയിരുന്ന് പതുക്കെ എന്നോട് പറയാന്‍ തുടങ്ങി.
‘രാകേഷ് എപ്പോഴെങ്കിലും നമ്മുടെ മനസ്സിനെപറ്റി ചിന്തിച്ചിട്ടുണ്ടോ?
അവയുടെ സഞ്ചാരപഥങ്ങളെപറ്റി ആലോചിച്ചിട്ടുണ്ടോ?’
‘ഒരു കാറ്റ് നിറച്ച ബലൂണ്‍ പോലെയാണ് നമ്മുടെ മനസ്സ്’
‘എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിത്തെറിക്കാം’
‘അതിന്‍റെ നിയന്ത്രണചരട് ആരുടെ കയ്യിലാണെന്ന് ഇതുവരെ ഒരു ശാസ്ത്രവും കണ്ടുപിടിച്ചിട്ടില്ല’
‘നീയെന്നെങ്കിലും ആ നിലവിളിയുടെ ഉടമയെ കണ്ടിട്ടുണ്ടോ?’
ഒരു ഹിപ്നോട്ടിക് മാന്ത്രികന്‍റെ ആജ്ഞയനുസ്സരിക്കുന്നതുപോലെ
ഞാന്‍ യാന്ത്രികമായ്‌ പറഞ്ഞു.
‘ഇല്ല’
‘അയ്യാളും നിന്നേ പോലൊരു ഡോക്ടറാണ്’
പെട്ടെന്ന് തലക്കടികിട്ടിയപോലെ ഞാന്‍ ഒന്ന് ഞെട്ടി ദീപുവിനെ നോക്കി.
എന്‍റെ ഞെട്ടല്‍ അവന്‍ പ്രതീക്ഷിച്ചിരുന്നു എന്നപോലെ അവനില്‍
ഒരു പുഞ്ചിരി ഒളിഞ്ഞുകിടന്നു.
‘മനുഷ്യനെ ബാധിക്കുന്ന ദുഷിച്ച രോഗാവസ്ഥകളെ ഒറ്റ നോട്ടംകൊണ്ടു
ഇല്ലാതാക്കിയിരുന്ന വളരെ പേരുകേട്ട ഒരു ഡോക്ടര്‍’.
‘പക്ഷെ അയ്യാളുടെ ചിന്തകള്‍ മാറിമറിഞ്ഞുതുടങ്ങുന്നത് ആരും
മനസ്സിലാക്കിയില്ല’
‘ചികിത്സയില്‍ ചില കൈപിഴകള്‍ വരുന്നതുവരെ ആ താളം തെറ്റല്‍
മനസ്സിലാക്കിയപ്പോഴേക്കും അയ്യാള്‍ പൂര്‍ണമായ് തന്‍റെ പേരിനെ മായ്ച്ചുകളഞ്ഞിരുന്നു’
‘സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥയുടെ ഭീകരമുഖം അതാണയ്യാള്‍’
ഉപയോഗിക്കാതെ എരിഞ്ഞുതീര്‍ന്ന സിഗരറ്റിലേക്കും എന്‍റെ മുഖത്തേക്കും
ദിപു മാറിമാറി നോക്കി.
എന്തോവലിയ ജോലി തീര്‍ത്തത്പോലെ ഞാന്‍ വലിയൊരു ദീര്‍ഘശ്യാസം വിട്ട് അവനോടു ചോദിച്ചു.
‘നമുക്കയ്യാളെ ഒന്ന് കാണാന്‍ പറ്റുമോ?’
നിഗൂഡമായൊരു പുഞ്ചിരിയോടെ ദിപു ഒരു മറുചോദ്യമെറിഞ്ഞു.
‘എന്താ നിനക്കിപ്പോള്‍ അങ്ങനെയൊരു തോന്നല്‍?’
‘ഒന്നുമില്ല വെറുതെ ഒന്ന് കാണണമെന്ന് തോന്നി’
‘ഉം നമുക്കൊന്ന് പോയിനോക്കാം’
മദ്യം തലയ്ക്കു പിടിച്ചതിന്‍റെ ആവേശമോ അതോ എന്‍റെ ആകാംക്ഷയോ...
ഞാന്‍ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു അവന്‍റെ കൈപിടിച്ചു.
‘എന്നാ വാ നമുക്കിപ്പോതന്നെ പോകാം’
‘ഇപ്പോഴോ’ അവന്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി.
അതില്‍ സമയത്തെ സൂചിപ്പിക്കുന്ന പങ്കാളികള്‍ ഒന്നായ്തീര്‍ന്നിരിക്കുന്നു.
എന്തോ നഷ്ടപെട്ടതുപോലെ എന്‍റെ മുഖം വാടി.
അതുകണ്ടിട്ട് ദിപു എന്‍റെ തോളില്‍ തട്ടി പറഞ്ഞു.
‘നിരാശപെടേണ്ട നമുക്ക് നാളെ കാലത്തുതന്നെ പോകാം’
ഞാന്‍ നിരാശയോടെ അവനോടൊത്തുള്ള അന്നത്തെ രാത്രിക്ക് വിടപറഞ്ഞു.
പിറ്റേന്ന് ദിപുവിന്‍റെ വിളി കേട്ടാണ് ഞാന്‍ അന്നത്തെ ഉറക്കത്തിന്
തിരശ്ശീലയിട്ട് എഴുന്നേറ്റത്.
അവന്‍ എന്‍റെ കിടക്കയില്‍ കാല്‍ഭാഗത്തായ് ഇരുന്നു
‘ഉം’ ഞാന്‍ ഒരു ചോദ്യഭാവത്തില്‍ അവനെ നോക്കി.
എന്‍റെ ഉറക്കച്ചടവുള്ള കണ്ണുകളില്‍ സൂക്ഷിച്ചുനോക്കി അവന്‍ തുടര്‍ന്നു.
‘നീയെന്താ ഇന്നലെ പറഞ്ഞതൊക്കെ മറന്നുപോയോ?’
ഒരു സ്വപ്നം ഓര്‍ത്തെടുക്കുന്നത്പോലെ ഞാനെന്‍റെ തലയില്‍ കൈയോടിച്ചുകൊണ്ട് ആലോചിച്ചു.
എന്‍റെ ഓര്‍ത്തെടുക്കല്‍ കണ്ടിട്ട് ദിപു എന്‍റെ ചെവിയില്‍ പറഞ്ഞു
‘സ്കിസോഫ്രീനിയ’
‘ഓ അതാണോ’ ഞാന്‍ ഒരു താല്പര്യകുറവോടെ പുതപ്പുമാറ്റി എഴുന്നേറ്റു.
‘എന്താ നിനക്കൊരു മടുപ്പ്?’
ഞാന്‍ അവന്‍റെ മുന്നില്‍ ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു.
‘എന്തോ ലഹരി തന്ന ധൈര്യം ചോര്‍ന്നുപോയത് കൊണ്ടാണെന്ന് തോന്നുന്നു
എനിക്കു വല്ലാത്ത ഭയം’
‘എന്താ രാകേഷ് ഇതിനു ലഹരിയെ കൂട്ട് പിടിക്കേണ്ട ആവശ്യം ഉണ്ടെന്നു
തോന്നുന്നില്ല’
‘നീയെന്തായാലും ഒന്ന് കുളിച്ചു ഉഷാറാവ് ഞാന്‍ പുറത്തു വെയ്റ്റ് ചെയ്യാം’
അവന്‍ എഴുന്നേറ്റു പുറത്തുപോയി.
ഞാന്‍ കുറച്ചു നേരം എന്തോ ആലോചിച്ച് പ്രഭാതകൃത്യങ്ങള്‍ക്കായ്
കുളിമുറിയില്‍ കടന്നു.
ഞങ്ങള്‍ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അവിടെ ഞങ്ങളെ പ്രതീക്ഷിച്ചതുപോലെ ഒരു പ്രായം ചെന്ന ആള്‍ ഉമ്മറപടിയില്‍ ഇരിപ്പുണ്ടായിരുന്നു.
ദിപു അയ്യാളുടെ അടുത്തേക്ക് ചെന്ന് മുഖത്ത് നോക്കി ഉറക്കെ പറഞ്ഞു.
‘എന്നെ മനസ്സിലായോ?’
അയ്യാള്‍ മറുപടി പറയാതെ കൈകൊണ്ട് ആഗ്യം കാണിച്ചു ആരാണെന്ന്.
‘ഞാന്‍ അപ്പുറത്തെ ലക്ഷ്മിയമ്മയുടെ മകനാ’
‘ഞങ്ങള്‍ ഡോക്ടറെ ഒന്ന് വെറുതെ കാണാന്‍ വന്നതാ’
അയ്യാള്‍ പൊയ്ക്കോ എന്ന് കൈകൊണ്ട് പറഞ്ഞു.
ദിപു എന്നെയൊന്ന് തിരിഞ്ഞുനോക്കി അകത്തേക്ക് നടന്നു.
പുതുപെണ്ണ് ചെറുക്കനെ അനുഗമിക്കുന്നത്പോലെ ഞാന്‍ അവന്‍റെ പിന്നില്‍ നടന്നു.
‘ആരാ ദീപു അത്?’
‘ഡോക്ടറുടെ അച്ഛനാ സംസാരശേഷിയില്ല പക്ഷെ ചെവി കേള്‍ക്കാമായിരുന്നു ഇപ്പൊ അതും കുറവാ പ്രായമാവുമ്പോള്‍ ഓരോ മനുഷ്യനും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അല്ലാതെന്തുപറയാന്‍’
ദിപു വാചാലനായ് സംസാരിച്ചു നടക്കുന്നുണ്ടെങ്കിലും എനിക്കത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്‍റെ കണ്ണുകള്‍ ചുറ്റിനും പരതി നടക്കുകയായിരുന്നു.
മുകളിലേക്ക് കയറുംതോറും ഇരുണ്ട ഒരു അന്തരീക്ഷം എന്തോ മടുപ്പിക്കുന്ന
ഗന്ധങ്ങള്‍ നിലതെറ്റി വീഴുന്ന ചില അപശബ്ദങ്ങള്‍ എന്നിവ എന്നെ
വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
ഏതോ മുറിയുടെ മുന്നിലെത്തിയപ്പോള്‍ അവനവിടെ നിന്ന് എന്നെ നോക്കി പതുക്കെ വിളിച്ചു.
‘രാകേഷ് നീയത് കണ്ടോ?’
ഞാന്‍ ഭയത്തോടെ അതിലേറെ ആകാംക്ഷയോടെ ദിപുവിന്‍റെ കയ്യില്‍ എന്തിനോ വേണ്ടി മുറുകെ പിടിച്ചു അവന്‍റെ പിന്നില്‍ നിന്നുതന്നെ ഉള്ളിലേക്ക് എത്തിനോക്കി.
“തുരുമ്പിച്ച ചങ്ങലകണ്ണികളില്‍ ഒരു ജീവന്‍.
മലവും മൂത്രവും പിന്നെ ഏതൊക്കെയോ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും
ഒക്കെകൂടി കുഴഞ്ഞുകിടക്കുന്ന മിശ്രിതത്തില്‍ ഒരു നേരം ശ്വാസം തടസ്സപ്പെട്ടാല്‍ ജീവന്‍തന്നെ നഷ്ടപെട്ടേക്കാം എന്ന അവസ്ഥയില്‍ ഒരു രൂപം
കിടന്നിഴയുന്നു എന്തൊക്കെയോ അവ്യക്തമായ്‌ ഉച്ചരിച്ചുകൊണ്ട്”
എന്‍റെ കാലിന്‍റെ ബലം എവിടെയോ ചോര്‍ന്നു പോകുന്നത് ഞാനറിഞ്ഞു.
കണ്ണുകള്‍ രണ്ടും ഇറുക്കിയടച്ച് കൈകള്‍ കൊണ്ട് ചെവികള്‍ പൊത്തി
ഞാന്‍ താഴെക്കൂര്‍ന്നു.
‘ഹേയ് രാകേഷ് എന്തായിത് നീയിത്രക്ക് സില്ലിയാണോ?’
അവനെന്‍റെ അടുത്തിരുന്നു എന്‍റെ കൈകള്‍ ബലമായ്‌ അടര്‍ത്തിമാറ്റി.
പക്ഷെ അപ്പോഴേക്കും മനുഷ്യന്‍റെ നിസ്സഹായവസ്ഥകളെകുറിച്ച്
ഞാനൊരുപാട് ചിന്തിച്ചു കൂട്ടിയിരുന്നു.
അവിടുത്തെ ഓക്കാനം വരുന്ന ദുര്‍ഗന്ധത്തേയും ആ മനുഷ്യന്‍റെ കണ്ണുകളെയും നേരിടാന്‍ പറ്റാതെ ഞാന്‍ ദിപുവിന്‍റെ കൈകള്‍ തട്ടി മാറ്റി
താഴേക്ക് ഓടിയിറങ്ങി.
‘രാകേഷ് നില്‍ക്കു ഞാനും വരാം’
താഴെ റോഡിലെത്തിയപ്പോഴാണ് ഞാനെന്‍റെ ഓട്ടം നിര്‍ത്തിയത്.
അവിടെ കണ്ട ഒരു കലുങ്കില്‍ കയറിയിരുന്നു.
‘നീയെന്താ രാകേഷ് ഇന്ന് ടോയലറ്റില്‍ പോയില്ലേ?’
അവന്‍ പറഞ്ഞപ്പോഴാണ് ഞാനെന്‍റെ ഇരുപ്പ് ശ്രദ്ധിച്ചത്.
‘ഓ സോറി ഞാന്‍ വന്നപാടെ ഇങ്ങനെ ഇരുന്നതാ’
‘നീയെന്തിനാ ഓടിയത്?’
ഈ പ്രപഞ്ചത്തിലെ തുറന്ന വായുവിനേയും പ്രകാശത്തേയും ഞാന്‍ എന്നിലെക്കാവാഹിച്ചു കണ്ണുകളടച്ചു ഒരു ധ്യാനത്തിലെന്നവണ്ണം ഇരുന്നു.
‘നീയെന്താ പറഞ്ഞത് കേട്ടില്ലേ?’ അവന്‍ ഒച്ചയല്‍പ്പം ഉയര്‍ത്തി.
‘ഏ’ ഞാനൊരു ഞെട്ടലില്‍ ഉണര്‍ന്നു.
‘അയാള്‍ക്ക്‌ എപ്പോഴെങ്കിലും ഈ അവസ്ഥയെപറ്റി ബോധ്യം വന്നിട്ടുണ്ടാകുമോ ദീപു?’
‘എന്ത്’ അവന്‍ ചോദ്യരൂപേണ എന്നെ നോക്കി.
‘മനസ്സിലായിട്ടുണ്ടെങ്കില്‍ അതാകുമോ ആ നിലവിളിയായ് പുറത്തുവരുന്നത്’
അവന്‍ എന്തോ ആലോചിച്ച് പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ് കൂടെടുത്തു
തുറന്നു. അത് കാലിയാണെന്ന്കണ്ട് നിരാശയോടെ ചുരുട്ടി തറയിലിട്ട്
പറഞ്ഞു തുടങ്ങി.
‘ഇടക്കെപ്പോഴെങ്കിലും സ്വബോധത്തിന്‍റെ നേര്‍വെളിച്ചം കടന്നു വന്നിട്ടുണ്ടാകും
പക്ഷെ അതാര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ’
‘ഇനി കണ്ടുപിടിച്ചാല്‍ തന്നെ അതൊരു ഭ്രാന്തന്‍ ചലനമായേ കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നൂ’
ഞാന്‍ അവന് മുഖം കൊടുക്കാതെ പറഞ്ഞു.
‘എന്നാലും അവര്‍ക്കയ്യാളെ ഈ വൃത്തികെട്ട സാഹചര്യത്തില്‍ നിന്നും മാറ്റാമായിരുന്നു’
‘നിനക്കറിയാതെയാ രാകേഷ് എപ്പോഴും എവിടെയും തങ്ങള്‍ക്കു വേണ്ടി ചിന്തിക്കുന്നവരെയാ ബന്ധുജനങ്ങള്‍ക്കിഷ്ടം അപ്പോള്‍ പിന്നെ സ്വന്തമായ് പോലും ചിന്തിക്കാന്‍ കഴിവില്ലാത്തവരുടെ കാര്യം പറയാനുണ്ടോ’
‘ഞാന്‍ പോകുന്നു ദിപു ഇന്നത്തെ ദിവസ്സം ആകെ കുളമായ് ഇനിയൊന്നു കിടന്നാലേ ശരിയാകൂ’
അവന്‍റെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഞാന്‍ വേഗം നടന്നു.
ചെറിയൊരു ഭയം എന്നെ പിടികൂടാന്‍ തുടങ്ങിയിരുന്നു ചില സമയങ്ങളില്‍
ഒരര്‍ത്ഥവും ഇല്ലാതെ എന്‍റെ ചിന്തകള്‍ സഞ്ചരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഭയത്തിനു കാരണം വേറൊന്നുകൂടി ഉണ്ടായിരുന്നു എന്‍റെ മുന്‍ തലമുറയില്‍
പെട്ടവരില്‍ ആര്‍ക്കോ ഭ്രാന്തുണ്ടെന്ന് അമ്മ പറഞ്ഞ ഒരു കേട്ടറിവ്.
“ശ്ശെ” ഞാന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത് എനിക്കു ഭ്രാന്തോ ഒരിക്കലുമില്ല ഒരു ഭ്രാന്തനെ കണ്ടതുകൊണ്ടുണ്ടായ അപ്പോഴത്തെ വിഷമം
അല്ലാതെന്ത്.
ഞാന്‍ കിടക്കയില്‍ വീണു പുതപ്പെടുത്തു തലവഴി മൂടി കണ്ണുകളടച്ചു.
ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം പരത്തുന്ന മനുഷ്യാസ്ഥികള്‍ എന്‍റെ ചുറ്റിനും
നൃത്തം വെയ്ക്കുന്നു.
‘പോകൂ ദൂരേ പോകൂ’ ഞാനവയെ അകറ്റാന്‍ നോക്കി
പക്ഷെ അവ എന്‍റെ അടുത്തേക്കുതന്നെ വരികയാണ് അവയുടെ എണ്ണം കൂടി വന്നു അതില്‍ ചില വികൃതമായ ശിരസ്സുകളും അതിന്
ചെറുതായ് രൂപമാറ്റം സംഭവിക്കുന്നോ? എന്‍റെ ഛായയാണോ ആ
തലയോട്ടികള്‍ക്ക് കൈവരുന്നത്?
പെട്ടെന്നൊരാള്‍ എന്‍റെ അരികത്തിരുന്ന് എന്‍റെ തലയില്‍നിന്ന് പുതപ്പു വലിച്ചുമാറ്റി എന്‍റെ മുഖത്ത് നോക്കി അട്ടഹസിച്ചു ചിരിച്ചു.
‘നിന്‍റെ ചിന്തകള്‍ ഞാനെടുക്കുകയാണ് നിനക്കിനി അതാവശ്യമില്ല.
അവ എനിക്കു തന്നേക്കൂ നിനക്കിനി ആവശ്യമുള്ളത് ഒരേയൊരു വസ്തുമാത്രം ഞാനവ നിനക്ക് ഭിക്ഷയായ്‌ തരാം. നിന്‍റെ ഉപയോഗം
കഴിഞ്ഞാല്‍ അത് നിന്‍റെ ഇനി വരുന്ന തലമുറകള്‍ക്ക് കൈമാറുക
അതാണ്‌ നിന്‍റെ ജീവിത നിയോഗം.
അനുസ്സരിക്കൂ നീയെന്നെ. എന്നെ അനുസ്സരിക്കാനുള്ള ചിന്തകള്‍ മാത്രം
ഞാനെടുക്കുന്നില്ല. ഊരിയെരിയൂ നിന്‍റെ മേല്‍ വസ്ത്രങ്ങള്‍.
നിനക്കാവശ്യമായ ആഭരണം ഞാന്‍ നിന്നെ അണിയിക്കാം’.
എന്‍റെ കാലുകള്‍ ആരോ ബന്ധിക്കുന്നു. എന്‍റെ മുറിയുടെ വാതിലുകള്‍
ആരോ ചാരിയിടുന്നു. വെളിച്ചം എനിക്കു നിഷേധിക്കപെടുന്നു.
ഞാന്‍ സ്വപ്നം കാണുകയാണോ? എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല.
‘എന്നെ തുറന്നു വിടൂ’
‘എനിക്കെന്‍റെ ഉറ്റവരെ കാണണം’  
‘എന്‍റെ സുഹൃത്തുകളോടൊപ്പം നടക്കണം’
‘ഈ ചങ്ങലകള്‍ എടുത്തു മാറ്റൂ’
ഞാനലറി വിളിച്ചു..........
ഈ സമയം തൊട്ടടുത്ത വീട്ടില്‍ രണ്ടു സുഹൃത്തുക്കള്‍ കയ്യില്‍ മധുചഷകമേന്തി ലഹരിയുടെ സുഖവിഭ്രാന്തികള്‍ അനുഭവിക്കുകയായിരുന്നു.
‘ഇന്നിനി മതിയെടാ നമുക്ക് നിര്‍ത്താം’
‘എന്താ നിനക്കിത്ര വേഗം മടുത്തോ?’
‘അതല്ല എന്തോ നിലവിളി പോലെ കുറേ നേരമായ് കേള്‍ക്കുന്നു
എനിക്കെന്തോപോലെ’
‘ആ നിലവിളി നിന്നെ വല്ലാതെ ശല്ല്യപെടുത്തുന്നുണ്ടല്ലേ?’
‘അതൊരു ഉന്മാദാവസ്ഥയുടെ നിലവിളിയാണ്’
‘നിനക്കയ്യാളെപറ്റി അറിയണോ?’
എന്തൊക്കെയോ രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച് അവന്‍ രണ്ടാമന്‍റെ ചെവിയില്‍ പറഞ്ഞു.

“അയാള്‍ ഒരു ഡോക്ടറാണ്”