Monday 10 February 2014

ഒരു ജോണ്‍ എബ്രഹാമിന്‍റെ പുനര്‍വിചിന്തനം....




കോളേജ് പഠനകാലത്ത് ചെഗുവേരയായിരുന്നു അവന്‍റെ മാര്‍ഗദര്‍ശി.
ജോണ്‍ എബ്രഹാം ആയിരുന്നു അവന്‍റെ ആരാധ്യപുരുഷന്‍.
കനം കൂടിയ ചുരുട്ടിന്‍റെ പുകമറയ്ക്കുള്ളില്‍ അവന്‍
ലോകരാഷ്ട്രങ്ങളിലെ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു.

വീര്യം കൂടിയ നാടന്‍ ചാരായത്തിന്‍റെ ലഹരികളില്‍ അവന്‍
വിപ്ലവഗാനങ്ങള്‍ രചിച്ചു.
അവന്‍റെ കൂട്ടുക്കാര്‍ അവനെ തങ്ങളുടെ ജോണ്‍ എബ്രഹാം ആയി കണ്ടു.
അതിനിടയില്‍ കടന്നുവരുന്ന അമ്മയും അനുജത്തിയും അവന്‍റെ
തത്വശാസ്ത്രങ്ങളില്‍ പൊരുത്തപ്പെടാനാവാതെ കുഴഞ്ഞുവീണു.
ഉത്തരവാദിത്ത്വങ്ങള്‍ ഏല്‍പ്പിച്ചു തരുന്ന ബന്ധങ്ങള്‍ എന്ന
കാഴ്ച്ചപ്പാടുകളോട് അവന് വെറുപ്പായിരുന്നു,,
അതുകൊണ്ടുതന്നെ ആ വീഴ്ചകള്‍ അവന്‍റെ ചുണ്ടിലെരിയുന്ന
ചുരുട്ടിന്‍റെ കനത്ത വെള്ള പുകയ്ക്കുള്ളില്‍ മൂടിപ്പോയ്.

നീണ്ട കലാലയ ജീവിതം തന്ന സുഹൃത്തുക്കള്‍ നമ്മുടെ ചിന്തകള്‍
വരട്ടു തത്വശാസ്ത്രം എന്ന് വിലപിച്ചു ചിതറിപ്പോയതോടെ
അവനിലെ ചെഗുവേരയും ജോണ്‍ എബ്രഹാമും അവനെ നോക്കി
പുച്ചിച്ചു ചിരിക്കാന്‍ തുടങ്ങി.
ആരൊക്കെ ഇട്ടെറിഞ്ഞുപ്പോയാലും ഞാനെന്‍റെ തത്വശാസ്ത്രങ്ങളില്‍
മുറുകെതന്നെ പിടിക്കും അതാണെന്‍റെ ജീവിതം.
മുഷിഞ്ഞ ജുബ്ബയും നീട്ടിവളര്‍ത്തിയ ജഡപിടിച്ച മുടിയും താടിയും
കൈമുതലായ് അവന്‍ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ അവിടെ
അവനെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല പക്ഷെ വീടിന്
പതിവില്ലാത്ത ഒരു ഉണര്‍വുള്ള ച്ചായ
പതുക്കെ ഉമ്മറവാതില്‍ തുറന്നു അവന്‍ അകത്തു കയറി
നാടന്‍ ചാരായത്തിന്‍റെ കെട്ടുകള്‍ അഴിഞ്ഞു പോയിരുന്നോ..? സംശയം...

അമ്മയുടെ തുടയില്‍ നിന്നെഴുന്നേല്‍ക്കുന്നതാര്..?
അവന്‍ തിരിഞ്ഞു നടന്നു..
‘തന്‍റെ അനുജത്തി എവിടെ..? അവള്‍..?
അവളുടെ വിയര്‍പ്പുതുള്ളികള്‍ ആയിരിക്കുമോ വീടിന്‍റെ മുകളില്‍
കത്തിക്കൊണ്ടിരിക്കുന്ന സൂര്യന്‍റെ പ്രകാശത്തിനു കാരണം’..?

ഒടുവില്‍ ആ വീട്ടില്‍ പരക്കുന്ന നിലവിളിയേയും എരിയുന്ന
നിലവിളക്കിലെ തിരികളേയും നോക്കി അവര്‍ അടക്കം പറഞ്ഞു.

‘ജോണ്‍ എബ്രഹാമിനെ പോലെ തന്നെയായിരുന്നുവെന്നാ കേട്ടത്

വീഴുമ്പോള്‍ ഇവനും സ്വബോധം ഉണ്ടായിരുന്നില്ലത്രേ’...