Saturday 19 October 2013

അര്‍ദ്ധനാരികള്‍ വാഴുന്ന ലോകം

ഈ ബ്ലോഗിന് വേണ്ടി ഞാനറിഞ്ഞും അറിയാതെയും എന്നെ സഹായിച്ചവരോട് ഞാന്‍ ഒത്തിരി കടപ്പെട്ടിരിക്കുന്നു.....

ശിഖണ്ഡി‍ ആണും പെണ്ണും കെട്ടത് എന്നൊക്കെ പറഞ്ഞു നമ്മള്‍
കളിയാക്കുന്ന ജീവിതങ്ങളുടെ വേദനിപ്പിക്കുന്ന മുഖങ്ങള്‍ ഞാന്‍ കണ്ടു.
ദൈവത്തിന്‍റെ സൃഷ്ടിയുടെ പാളിച്ച മൂലം ജീവിതം ആസ്വദിക്കാനാവാതെ
വലയില്‍ കുരുങ്ങിയ ജന്മങ്ങള്‍.
“ദൈവമേ” അല്പം വിഷമത്തോടെയല്ലാതെ എനിക്കവരെ കാണാന്‍ പറ്റില്ല.
കടും നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞു മുറുക്കി ചുവപ്പിച്ച
ചുണ്ടുകളുമായ് നമ്മുടെയടുത്തെക്ക് ഓടിയെത്തി കവിളില്‍ മുത്തമിടുമെന്നും
കൈകൊട്ടി പാട്ടു പാടുമെന്നും പൈസ കൊടുത്തില്ലെങ്കില്‍
ഒരു മടിയും കൂടാതെ തുണി പൊക്കി കാണിക്കുമെന്നും എന്‍റെയൊരു
സുഹൃത്ത്‌ പറയുകയുണ്ടായ്.
നമ്മുടെയൊരു പത്തുരൂപ സാരമില്ല പോകട്ടെ.
പരിഹസിക്കരുതിനിയാരുമാവരെ ചിരിച്ചു തള്ളരുത്
തേഡ്ജെന്‍ഡറാണെന്നു പറഞ്ഞു ഒറ്റപെടുത്തരുത്.
ജന്മം നിര്‍ണയിക്കാന്‍ നമുക്കവകാശമില്ല.
പുരുഷനായാലും സ്ത്രീയായാലും നിന്‍റെ ജന്മത്തില്‍ നീയായിരിക്കുന്ന
അവസ്ഥയില്‍ അഭിമാനിക്കുക ജീവിക്കുക.............................



സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ നമുക്ക് കിട്ടിയ ജന്മങ്ങളില്‍ എത്ര പേര്‍ ജീവിതം ആസ്വദിച്ച്കഴിയുന്നുണ്ട്?
അല്ലെങ്കില്‍ എത്ര പേര്‍ ജീവിതം വെറുപ്പോടെ കാണുന്നു?
നമുക്കു കിട്ടിയ ജന്മങ്ങള്‍ നമ്മള്‍ ആസ്വദിച്ചുതന്നെ തീര്‍ക്കുക. കാരണം നമ്മള്‍ സ്ത്രീയും പുരുഷനും വളരെ അവജ്ഞയോടെ അല്ലെങ്കില്‍ തമാശയായ് കാണുന്ന ഒരു ജന്മം കൂടിയുണ്ട് ഈ ഭൂമിയില്‍.
ആണിന്‍റെ ശരീരവും പെണ്ണിന്‍റെ മനസ്സുമായ് ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ട ചിലര്‍.
നമ്മുടെ കളിയാക്കലുകളും കുറ്റപെടുത്തലുകളും യാതൊരുവിധ പരാതികളുമില്ലാതെ ഏറ്റുവാങ്ങുന്ന ചിലര്‍.
പല പല പേരുകളാല്‍ നമ്മള്‍ അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു.
അവര്‍ക്ക് ഇങ്ങനെയൊരു ജന്മം കിട്ടിയതിന് നമ്മുടെ സമൂഹം എന്തിനാണ് അവരെ ഇങ്ങനെ ക്രൂശിക്കുന്നത്. (എല്ലാവരെയും പറയുന്നില്ല)
ചില പുരുഷന്മാര്‍ക്ക് ഇവര്‍ തങ്ങളുടെ കാമവെറി തീര്‍ക്കാനുള്ള ഒരുപകരണം മാത്രമാണ്.
നമ്മളൊരിക്കലും കാണാത്ത അവരുടെ ജീവിതത്തെപറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നമ്മള്‍ അന്യഷിക്കണം എന്നെങ്കിലും. അത് പോലൊരു അന്യാഷണം മാത്രമാണ് എന്‍റെയീ കുറിപ്പ്.
അല്ലാതെ ആരെയും കുറ്റപെടുത്തുവാനോ വിഷമിപ്പിക്കുവാനോ അല്ല ഞാനിതെഴുതുന്നത് അങ്ങനെ ആര്‍ക്കെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും വിഷമം നേരിട്ടാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
സീഡി-ഒന്‍പത്-ഹിജഡ-സ്റ്റെപ്പിനി-ചാന്തുപൊട്ട്-എന്നെല്ലാം വിളിക്കുന്ന ഇവരുടെ മനസ്സിലേക്ക് ഒരു ചൂഴ്ന്നുനോട്ടം മാത്രമാണിത്.
എനിക്കു കിട്ടിയ അറിവുകളില്‍ ചിലതുമാത്രം അല്ലെങ്കില്‍ ഞാന്‍ അവരെ മനസ്സിലാക്കിയത്.
സ്ത്രൈണത ഉള്ളതുകൊണ്ട് ഇവര്‍ പൊതുവേ ലൈംഗിക തൊഴിലാളികളാണ് എന്നൊരു ധാരണ ഈ സമൂഹത്തിനുണ്ട്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല.
സാധാരണ ഒരു സ്തീയും പുരുഷനും പോലെ ഒരു ജീവിതപങ്കാളിയെ മാത്രം
മതി എന്ന് താല്പര്യം ഉള്ളവരും ഉണ്ട്.
സെക്സ് മാത്രമേ ഈ ജീവിതത്തില്‍ ഉള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്ന ഹിജഡകളില്‍ നിന്നും അല്പം വ്യത്യസ്തരാണിവര്‍ അല്ലെങ്കില്‍ ജീവിതം മാന്യമായ് മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറായിട്ടുള്ളവര്‍.
ഇവര്‍ക്ക് സ്ത്രൈണതയെന്നാല്‍ പൂര്‍ണതയുള്ള ഒരു സ്ത്രീയായ് ജീവിക്കുക എന്നതാണ്.
അതിനുള്ള ഒരുപാധി മാത്രമാണ് cding(cross dressing) സ്ത്രീയുടെ മനോഹരമായ ജീവിതം ആവാഹിച്ച് ജീവിക്കുക.
എന്‍റെയൊരു ആണ്‍? സുഹൃത്ത്‌ തന്‍റെ സ്ത്രൈണത എന്ന അനുഭവം എന്നോട് പങ്കുവെച്ചതിങ്ങനെ.....
''സ്ത്രൈണത'' എനിക്ക് ആവശ്യമുള്ളപ്പോള്‍ എടുത്തണിയുവാനുള്ള ഒരാഭരണം അല്ല.
എന്‍റെ ചിന്താധാരകളിലൂടെ തട്ടിയും തടഞ്ഞും ഒഴുകിപ്പരക്കുന്ന ഒരു തെളിനീരരുവിയാണ്.
അതിന്‍റെ ഓരോ സ്പര്‍ശവും എനിക്ക് സുപരിചിതവും അനവദ്യവുമാണ്.
അതിന്‍റെ എല്ലാ സൌന്ദര്യങ്ങളും ആവാഹിച്ചു അരങ്ങിന്‍റെ മഞ്ഞ-വെളിച്ചത്തില്‍ ഒരുന്മാദിനിയെപ്പോലെ ഞാന്‍ നൃത്തമാടി...
ആ മായികപ്രഭാവത്തില്‍ മോഹിതയായി ഞാന്‍ വീണാലെന്ത്?, ഇനിയൊരു ഉയിര്‍പ്പിന് ആവതില്ലാതെ മണ്ണോടു ചേര്‍ന്നാലെന്ത് ...?



(എന്‍റെയൊരു സുഹൃത്തിന്‍റെ ജീവിതം)

ഒരു സാധാരണ ഹിന്ദു കുടുംമ്പത്തിലാണ്‌ ഞാന്‍ ജനിച്ചത്‌.
ചെറിയ കുട്ടിയായിരിക്കുമ്പോഴേ എനിക്കു പെണ്‍കുട്ടിയാവാനായിരുന്നു ഇഷ്ടം. പെണ്‍കുട്ടികളുടെ ഡ്രെസ്സിടാനും പൊട്ടു തൊടാനും കണ്ണെഴുതുവാനും മാലയും വളയുമൊക്കെ ഇട്ടുനോക്കാനും വലിയ മോഹമായിരുന്നു.
ചേച്ചിമാരുടെ വസ്ത്രങ്ങള്‍ ഉടുത്ത് കണ്ണാടിയില്‍ ഞാനെന്നെതന്നെ നോക്കി രസിക്കും. സഹോദരങ്ങള്‍ കണ്ടാല്‍ വഴക്കുറപ്പ്‌.
പെണ്‍കുട്ടികളുടേത്‌പോലെയായിരുന്നു എന്‍റെ നടത്തം.
പുസ്തകങ്ങള്‍ പെണ്‍കുട്ടികളുടേത്‌പോലെ നെഞ്ചത്ത്‌ ചേര്‍ത്ത് പിടിക്കും .സ്കൂളില്‍ ചെന്നാലും പെണ്‍കുട്ടികളോടായിരുന്നു കൂട്ട്.
ഫ്രെണ്ട്സായിട്ട് ആണ്‍കുട്ടികള്‍ വളരേ കുറവ് എങ്കിലും അവരോടു സംസാരിക്കാന്‍ എനിക്കൊന്നുമുണ്ടായിരുന്നില്ല.
പക്ഷെ പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ വാചാലയാകും എങ്ങനത്തെ പാവാടയാണ് ബ്ലൗസാണ് ഇട്ടിരിക്കുന്നതെന്ന് എന്തുതരം മാലയാണ് വളയാണ് എന്നോക്കെനോക്കും.
ഡാന്‍സ് പഠിക്കണമെന്നായിരുന്നു എന്‍റെ മറ്റൊരാഗ്രഹം പക്ഷെ
എല്ലാവരും എതിര്‍ത്തു. അല്ലെങ്കിലേ പെണ്‍കുട്ടികളുടേതു പോലെയാ
ഇനി ഡാന്‍സും കൂടിയേ വേണ്ടു എന്ന്.
എന്‍റെ പ്രശ്നങ്ങള്‍ എനിക്കാരോടും പറയാന്‍ കഴിഞ്ഞിരുന്നില്ല.
എന്നെ പോലെ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാവാന്‍ ഇഷ്ടമുള്ള മറ്റാരെങ്കിലും ഉണ്ടോയെന്നു ഞാന്‍ അന്യഷിച്ചു നടന്നു.
അവസാനം പഠിത്തമൊക്കെ കഴിഞ്ഞിരുന്ന സമയത്താണ് ഞങ്ങളുടെ നാട്ടിലെ എന്‍റെയൊരു സുഹൃത്തുമായ് ഞാന്‍ നല്ല അടുപ്പത്തിലാകുന്നത്.
നീ ബാംഗ്ലൂരിലേക്ക് പോകൂ അവിടെ നിന്നെ കാത്ത് നിന്‍റെ സമൂഹമുണ്ട്‌.
അവര്‍ നിനക്കായ് ഭക്ഷണം തരും നിന്നെ വെറുക്കുന്ന നിന്‍റെ ബന്ധുജനങ്ങള്‍ക്ക്‌ പകരം പാലൂട്ടി ദത്തെടുക്കാന്‍ ഒരമ്മയുണ്ടാകും.
നിനക്കൊരു ഗുരുനാഥയുണ്ടാകും.
നൊന്തു പ്രസവിക്കാതെതന്നെ നിനക്കു മകള്‍ ജനിക്കും.
നിനക്കു ആരെയും ഭയക്കാതെ ഒരു സ്ത്രീയായ് അവിടെ ജീവിക്കാം.
പരിഹസിച്ചില്ലെങ്കിലും നിന്നെ അംഗീകരിക്കാന്‍ നാട്ടുകാരുണ്ടാകും.
എന്ന് അവനാണ് എന്നോട് പറഞ്ഞത്.
ആരോടും പറയാതെ ഞാന്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.
അവിടെവച്ചു ഒരു മലയാളി ഹിജഡയെ പരിചയപ്പെട്ടു.
അവരാണ് എന്നെ ഹമാമിലേക്ക് കൂട്ടികൊണ്ട് പോയത്.
(“ഹമാം” .........ലൈംഗിക തൊഴിലാളികളായ ഹിജഡകള്‍പുരുഷന്മാരെ
സ്വീകരിക്കുന്ന സ്ഥലമാണ് ഹമാം.
ഹിജഡകള്‍ക്ക് ഇഷ്ടമുള്ള ഹമാമില്‍ ജോലി ചെയ്യാം കിട്ടുന്നതില്‍ പാതി ഉടമയ്ക്ക് നല്‍കണം.
ഹമാം എന്നുവച്ചാല്‍ കുളിപ്പുര എന്നാണു അര്‍ഥം.
കുളിക്കാന്‍ വെള്ളം ചോദിച്ചാണ് ഇവര്‍ ആദ്യം ഹമാമില്‍ വന്നിരുന്നത്.)
അവിടെ ഞാന്‍ കണ്ടു എന്‍റെ കൂടപിറപ്പുകളെ.
ഞാന്‍ അന്യഷിച്ചുനടന്നവര്‍.
മാന്യന്മാരെന്നു പറയുന്ന നമ്മുടെ നാട്ടുകാര്‍ക്കിടയില്‍നിന്നും
രക്ഷപെട്ടു ഇവിടെ വന്നു പൂര്‍ണതയുള്ള സ്‌ത്രീകളായ് ജീവിക്കുന്നവര്‍.
അവിടെ എനിക്കൊരമ്മയെ ലഭിച്ചു എന്നെ പാലൂട്ടി അവരുടെ
മകളായ് ദത്തെടുത്തു.
(ദത്തെടുക്കല്‍ എന്നൊരു ചടങ്ങ് ഹിജഡകള്‍ക്കിടയിലുണ്ട്.
പരസ്പരം സമ്മതമാണെങ്കില്‍ ഏതൊരു ഹിജഡയ്ക്കും മറ്റൊരു ഹിജഡയെ പ്രായഭേദമെന്യേ ദത്തെടുക്കാം.
ദത്തെടുക്കല്‍ ചടങ്ങില്‍ അമ്മ മകളെ പ്രതീകാത്മകമായ് പാല് കുടിപ്പിക്കും.
ഈ അമ്മ-മകള്‍ ബന്ധമാണ് ഹിജഡ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം.
സ്‌ത്രീകളായ് ജീവിക്കുന്നതിനു വേണ്ടി നാടും വീടും ഉള്‍പ്പടെ പലതും
ഉപേക്ഷിക്കേണ്ടിവരുമ്പോഴും പുരുഷശരീരമായതിനാല്‍ ഒരിക്കലും
പ്രസവിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ദത്തെടുക്കലിലൂടെ
മറികടക്കുകയാവണം ഹിജഡകള്‍.
പൊതു സമൂഹം സ്ത്രീകള്‍ക്കു കല്പിച്ചിട്ടുള്ള വ്യവസ്ഥാപിത റോളുകളും വിലക്കുകളും അറിഞ്ഞോ അറിയാതെയോ ഹിജഡകളും
സ്വീകരിക്കുന്നുണ്ട്)
ഇവരുടെ കൂടെ വന്നതിനു ശേഷം ഞാന്‍ നാട്ടിലേക്ക് ഒരു പ്രാവശ്യമേ
പോയിട്ടുള്ളൂ. ഞാന്‍ വിചാരിച്ചതിലും മോശമായിരുന്നു വീട്ടുകാരുടെ
എന്നോടുള്ള പെരുമാറ്റം .
അവരെ കുറ്റം പറയാന്‍ പറ്റില്ല .മുടിയൊക്കെ വളര്‍ത്തി വല്ലാത്ത
ഒരവസ്ഥയിലായിരുന്നു ഞാന്‍ അച്ഛന്‍ മാത്രമേ എന്റൊപ്പം നിന്നുള്ളൂ.
‘എന്‍റെയൊരു മകന്‍ തന്നെയല്ലേ അവനും ഇങ്ങനെയായെന്നുവച്ചു
എനിക്കവനെ കൊല്ലാന്‍ പറ്റുമോ’?
എനിക്കാണേല്‍ ആണ്‍ വേഷത്തില്‍ ശ്യാസം മുട്ടാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ അന്നുതന്നെ തിരിച്ചുപോന്നു.
പക്ഷെ ഇടയ്ക്കിടെ എനിക്കു വീട്ടില്‍ പോകണമെന്ന് തോന്നും
പക്ഷെ എന്തു ചെയ്യാം ഇനിയൊരിക്കലും ആണ്‍ വേഷം കെട്ടാന്‍
എന്‍റെ മനസ്സ് സമ്മതിക്കില്ല.
ഞാനിവിടെ പെണ്ണായിട്ടാണ് ജീവിക്കുന്നതെന്ന് അവര്‍ക്കറിയാം
പക്ഷെ എന്താണ് ജോലിയെന്നോ ഒന്നും അവര്‍ക്കറിയില്ല.
എന്‍റെ ചേലകളില്‍ ഒരാള്‍ക്ക്‌ (ചേലകള്‍-ശിഷ്യര്‍, ചേലകള്‍ ഗുരുവിന്‍റെ
നിയന്ത്രണത്തിലാണ് കഴിയേണ്ടത് അവരുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് ഗുരുവിന്‍റെ കടമയാണ്.
ചേലകളുടെ എണ്ണം കൂടുന്നതിനനുസ്സരിച്ച് ഗുരുവിന്‍റെ ആദരണീയത
വര്‍ധിക്കും)
നല്ല പഠിപ്പും വിവരവുമൊക്കെ ഉണ്ടായിരുന്നു പക്ഷെ ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ അപേക്ഷാഫോമില്‍ ആണോ പെണ്ണോ
എന്നെഴുതാന്‍ സാധിച്ചില്ല ആ ഒരു കാരണം കൊണ്ട് തന്നെ അവള്‍ക്കാ ജോലി ലഭിച്ചില്ല.
തേഡ്ജെന്‍ഡറിന് ജോലി നല്‍കാന്‍ അവര്‍ക്ക് വിഷമം.
ഞങ്ങള്‍ ഇവിടെ ലൈഗിക തൊഴിലാളികളായാണ് ജീവിക്കുന്നത്
പിന്നെ ഭിക്ഷ യാചിക്കും.
കുട്ടികള്‍ ജനിക്കുമ്പോള്‍ ഹിന്ദു വീടുകളില്‍ ചെന്നു അവരെ അനുഗ്രഹിക്കും (ബത്തായ്-വാങ്ങുക) പാട്ടുപാടും നൃത്തം ചെയ്യും.
ഞങ്ങള്‍ പണിയെടുക്കാന്‍ മടിച്ച് ആള്‍ക്കാരെ പറ്റിച്ച്പെണ്‍വേഷം കെട്ടി ജീവിക്കുകയാണ് എന്നാണു എല്ലാവരുടെയും ധാരണ.
ഞങ്ങള്‍ അനുഭവിക്കുന്നതെന്താണെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ.
ആണായിട്ടാണ് ജനിക്കുന്നതെങ്കിലും പെണ്ണിന്‍റെ മനസ്സും
വികാരങ്ങളുമാണ് ഞങ്ങള്‍ക്ക്
ഇത് ഞങ്ങളുടെ ജന്മനാ ഉള്ള പ്രശ്നമാണ് അല്ലാതെ ആരെയും
പറ്റിക്കാനല്ല സാരിയുടുക്കുന്നത്.
എനിക്കു ഇന്നുവരെ ഒരു പുരുഷന്‍റെ ഫീലിംഗ്സ് ഉണ്ടായിട്ടില്ല
അതാണ്‌ പറയുന്നത് ഇത് ജന്മനാ ഉള്ള പ്രശ്നമാണെന്ന്
എന്നാലിത് ആരും മനസ്സിലാക്കുന്നില്ല.
നല്ല കാര്യത്തിനു പോകും മുന്‍പ് ഞങ്ങളെ കണ്ടിട്ട് പോകുന്നവരും
ഉണ്ട് ഇവിടെ. ചിലര്‍ പത്തോ ഇരുപതോ രൂപ തന്നിട്ട് ഒരുരൂപ
തിരിച്ചു വാങ്ങും ഞാന്‍ ഇന്ന കാര്യത്തിനു പോകുകയാണ് എന്നെയൊന്നു മനസ്സില്‍ ഓര്‍ത്തോളാന്‍ പറയും.
അതിനിടയിലാണ് എന്നില്‍ പ്രേമത്തിന്‍റെ അലകള്‍ തീര്‍ത്തു കൊണ്ട്
ഒരാള്‍ എന്നെ പരിചയപ്പെടുന്നത്
അദ്ദേഹം എന്‍റെ കഴുത്തില്‍ താലി കെട്ടി
ഒരു ഭാര്യ കുടുംബിനി എന്നീ വികാരങ്ങള്‍ ഞാന്‍ അനുഭവിക്കുകയായിരുന്നു നീണ്ട അഞ്ചു വര്‍ഷം.
പക്ഷെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചുകൊണ്ട് അദ്ദേഹത്തിനെഴുതിയ കത്തുകള്‍ ഞാന്‍
വായിക്കാനിടയായ് എന്നോട് പറയുവാനുള്ള വിഷമം കൊണ്ട്
ആ കത്തുകള്‍ എനിക്കു കാണിച്ചു തരികയായിരുന്നു.
വീട്ടുകാരെ അനുസ്സരിക്കണമെന്നു ഞാന്‍ പറഞ്ഞു.
ഞങ്ങളുടെ പരിമിതികള്‍ ഞങ്ങള്‍ക്കറിയാമല്ലോ വെറുതെയെന്തിനാ
ഒരാണിന്റെ ജീവിതം നശിപ്പിക്കുന്നത്.
ചിലപ്പോള്‍ വല്ലാതെ വിഷമം തോന്നും എന്തു ജീവിതമാണിത്.
ആണിന്‍റെയോ പെണ്ണിന്‍റെയോ ജീവിതം ഞങ്ങള്‍ക്ക്
അനുഭവിക്കാന്‍ കഴിയുന്നില്ലലോ.
ഏതെങ്കിലും ഒരു ജീവിതമെങ്കിലും പൂര്‍ണമായ് അനുഭവിക്കാന്‍
പറ്റിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നും രണ്ടുമല്ലാതെ ഇങ്ങനെ.
പക്ഷെ വിഷമിച്ചിട്ടു കാര്യമില്ലല്ലോ അതുകൊണ്ട് ഇങ്ങനെ
ജീവിച്ചു പോകുന്നു.
എന്നാലും ഞങ്ങള്‍ക്കിടയില്‍ നിന്ന് എത്ര ദുരിതമുണ്ടെങ്കിലും ഈ
ജീവിതം വിട്ടു ആരും നാട്ടില്‍ പോയതായ് അറിവില്ല
പോയാല്‍ തന്നെ സ്ത്രീയായ് ജീവിക്കാന്‍ നാട്ടുകാരും വീട്ടുകാരും
സമ്മതിക്കില്ല.
ഞാന്‍ ഓപ്പറേഷന്‍ ചെയ്തിട്ടില്ല (ലിംഗം ഛേദിക്കുന്ന)
ആഗ്രഹമില്ലാതെയല്ലഎന്‍റെ ശാരീരികാവസ്ഥ അതിന് പറ്റിയതല്ലെന്നാണ്
ഡോക്ടര്‍ പറഞ്ഞത്.
ചെയ്യണമെന്നു ഞങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമൊന്നുമില്ല
ഇഷ്ടമുണ്ടെങ്കില്‍ മാത്രം ചെയ്‌താല്‍ മതി.
ചെയ്‌താല്‍ നല്ലതെന്നാണ് എന്‍റെ കൂടെയുള്ളവരുടെ അനുഭവം.
ശരീരം സ്ത്രീകളുടേത്‌ സോഫ്റ്റ്‌ ആകും മുഖത്തെ മുടിയൊക്കെ
കൊഴിഞ്ഞുപോകും.
പണ്ടൊക്കെ ഞങ്ങളുടെ ആളുകളാണ് ഇത് ചെയ്തിരുന്നത്
ദായമ്മ എന്നാണു അവരെ വിളിക്കുക.
ലിംഗം കളയണമെന്നുണ്ടെങ്കില്‍ ആദ്യം ഗുരുവിനോട് അനുവാദം ചോദിക്കണം
പിന്നീട് ഞങ്ങളുടെ ദൈവത്തിന്‍റെ മുന്നില്‍ വിളക്ക് കൊളുത്തി
നാളികേരം ഉടയ്ക്കും കറക്ട് രണ്ടു പീസായ്‌ ഉടഞ്ഞാല്‍ ഓപ്പറേഷന്‍
ചെയ്യാമെന്ന് അര്‍ഥം
അല്ലെങ്കില്‍ സമയം ശരിയല്ലെന്നും.
പുറത്ത് വല്ല റെയില്‍ പാളത്തിന്‍റെ അടുത്തോ അല്ലെങ്കില്‍
കടല്‍ കരയിലോ വെച്ചാണ് ഇത് ചെയ്യുന്നത്  വല്ല അപകടവും
സംഭവിച്ചാലോ?
ഓപ്പറേഷന് മുന്‍പ് നമ്മുടെ എന്താഗ്രഹവും സാധിച്ചുതരും.
നമ്മളെ കിടത്തിയിട്ട് ഒരാള്‍ പിറകില്‍ നിന്ന് പിടിക്കും
അടുത്ത് സ്വാമിയുടെ ഫോട്ടോ വച്ച് പൂജ ചെയ്യും
ഒരു പാത്രത്തില്‍ പാല്‍ നിറച്ചു വച്ചിട്ടുണ്ടാകും അതില്‍ മുക്കി വച്ച
കത്തികൊണ്ടാണ് ഇത് ചെയ്യുന്നത്.
പൂജക്കിടയില്‍ സ്വാമി നമ്മുടെ ദേഹത്ത് കയറും അപ്പോഴാണ്‌
ഓപ്പറേഷന്‍ ചെയ്യുക അപ്പോഴൊന്നും വേദനയുണ്ടാകില്ല
സ്വാമി ദേഹത്ത് കൂടിയ കാരണം. പക്ഷെ പിന്നീട് ഭയങ്കര വേദനയായിരിക്കും.
ഇതൊക്കെ പണ്ടത്തെ കാര്യങ്ങളാണ് ഇപ്പോഴൊക്കെ ഹോസ്പിറ്റലില്‍
പോയാല്‍ ഏതു ഡോക്ടറും ചെയ്തുതരും.
എല്ലാം കൂടി ഒരു 25000 രൂപയാകും 
നാട്ടില്‍ എനിക്കു സ്ത്രീയായ് ജീവിക്കാന്‍ സാധിച്ചെങ്കില്‍ ഞാനൊരിക്കലും ഇവിടെ ഇങ്ങനെയൊരു ജീവിതം നയിക്കുമായിരുന്നില്ല.
ഗവണ്മെന്‍റ് പോലും ഞങ്ങള്‍ക്കെതിരാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക്
അവരുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഒരു വകുപ്പ്
തന്നെയുണ്ട്‌ (ഐ പി സി 377 )
സാക്ഷരതയും വിദ്യഭ്യാസവുമൊക്കെയുണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക്‌
സെക്സിനും ഞങ്ങളെ ആവശ്യമുണ്ട് അവിടുത്തെ പുരുഷന്മാര്‍ക്ക്
പക്ഷെ ഹിജഡകളെ ഒരിക്കലും അംഗീകരിക്കില്ല കേരളീയര്‍.
ആയിരകണക്കിന് ഹിജഡകളുണ്ട് കേരളത്തില്‍ നിങ്ങളുടെ
ചുറ്റുവട്ടത്തും. ആരെയെങ്കിലും പുറത്ത് കാണാറുണ്ടോ.
എല്ലാവര്‍ക്കും പേടിയാണ് എല്ലാവരും ഒറ്റപെടുത്തും
എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്ന് ആരും അന്യഷിക്കാറില്ല.
ഇവിടുത്തെ നാട്ടുകാര്‍ ഒന്നുമില്ലെങ്കിലും കുറച്ചു കൂടി
മനുഷ്യത്ത്യം കാണിക്കും.
നമ്മുടെ നാട്ടിലൊക്കെ പെണ്ണത്തമുള്ള നായകന്മാരെ അവതരിപ്പിക്കുന്ന
ചില സിനിമകള്‍ ഇറങ്ങുന്നുണ്ട് അതിലെ നായകന്മാര്‍ പെണ്ണിനെപോലെ നടക്കുന്നുണ്ടെങ്കിലും അയാള്‍ ആണുതന്നെയാണ്
അതുകൊണ്ടാണല്ലോ അവര്‍ സുന്ദരികളായ നായികമാരെ വിവാഹം കഴിച്ച് ജീവിക്കുന്നത്.
ഞങ്ങളുടെ പ്രശ്നം അതല്ല.........


ഹിജഡയുടെ ജനനം

ജല്‍സ എന്ന ചടങ്ങിലാണ് ഹിജഡ സ്വത്വം സ്വീകരിക്കുന്നത്
തുടങ്ങി നാല്പത്തിയൊന്നാം ദിവസമാണ് ജല്‍സ പൂര്‍ത്തിയാവുക
ആട്ടവും പാട്ടും ഒക്കെയായ് ഒരു ഉത്സവം
പുതുനാരിയാകും മുന്‍പ് നൃത്തഘോഷങ്ങള്‍ക്കു ശേഷം ദേഹം
ആസകലം മൂടിയാണ് ലിംഗഛേദം നടത്തിയ നവാഗതരെ
പുറത്തേക്ക് ആനയിക്കുക.
ഗുരു-ചേല ബന്ധത്തിലെ അംഗങ്ങള്‍ അതിന് നേതൃത്തം നല്‍കുന്നു.
(ഗുരു-രക്ഷകര്‍ത്താവ്‌; ചേല-മകള്‍,സാരി നല്‍കി സ്വീകരിക്കപ്പെട്ട
ശിഷ്യകള്‍)
ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്ന അഥിതികള്‍പുതുനാരിക്ക്
സമ്മാനങ്ങളുമായാണ് വരിക. മുഖ്യം വസ്ത്രങ്ങള്‍ തന്നെ.
തുടര്‍ന്ന് ഹിജഡയാകാനുള്ള വ്യക്തി മൂടുപടം മാറ്റി മഞ്ഞള്‍ തേച്ച്
നീരാടും. കുളി കഴിഞ്ഞ്പാല്‍ നിറച്ച കുംഭവുമേന്തി അടുത്തുള്ള
പുഴയിലോ തടാകത്തിലോ പാല്‍ ഒഴിച്ച് മടങ്ങുന്നു. പിന്നീട്
പുതുനാരിയായ ശേഷം തന്‍റെ ബാഹ്യരൂപം കണ്ണാടിയില്‍ കാണിക്കുന്നു.
ദേവിയായ സന്തോഷിമാതയെ സാക്ഷിയാക്കിയാണ് ജല്‍സയിലെ
എല്ലാ ചടങ്ങുകളും നടക്കുന്നത്.
(കോഴിപുറത്തേറിയ സന്തോഷിമാത സമുദായത്തിന്‍റെ രക്ഷക)
നാല്പത്തിയൊന്നാം നാള്‍ പുലര്‍ച്ചെ പുതുനാരികള്‍ ഹിജഡ
സമുദായ അംഗമായ് പിന്നെ പുതിയ ജീവിതം.
കൂവാഗത്തെ കൂത്താണ്ടാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാണ്
ഹിജഡകള്‍ ഒത്തു ചേരുന്നത്.
ഈ ക്ഷേത്രത്തിലെ ഉത്സവത്തിനു നിദാനം മഹാഭാരതത്തിലെ
ഇതിവൃത്തമാണ്.
കുരുക്ഷേത്ര യുദ്ധം മുറുകിയ വേളയില്‍ പാണ്ഡവരുടെ വിജയത്തിനായ് സ്വയം ബലി നല്‍കാന്‍ അര്‍ജ്ജുനന് നാഗസുന്ദരിയായ
ഉലൂപിയില്‍ ജനിച്ച മകന്‍ അരവാന്‍ തയ്യാറായ് ഒരു രാത്രിയെങ്കിലും
വിവാഹിതനായ് കഴിയണമെന്ന ഉലൂപിയുടെ ആഗ്രഹത്തിന്
സ്ത്രീകളാരും തയ്യാറായില്ല എന്നാല്‍ ശ്രീകൃഷ്ണന്‍ മോഹിനീരൂപം
പൂണ്ട് അരവാന്റെ വധുവായ്.
ശ്രീകൃഷ്ണന്റെ മോഹിനീരൂപമാണ് തങ്ങളെന്ന് സങ്കല്‍പ്പിച്ചാണ്
ഹിജഡകള്‍ എല്ലാ വര്‍ഷവും കൂത്താണ്ടാവര്‍ ക്ഷേത്രത്തില്‍
താലി കെട്ടിനെത്തുന്നത്.
ക്ഷേത്രത്തിലെ പൂജാരിയാണ്‌ ഹിജഡയ്ക്ക് താലി ചാര്‍ത്തുന്നത്
അരവാനാണ് താലി ചാര്‍ത്തുന്നത് എന്ന് സങ്കല്പം.
പിറ്റേ ദിവസം രാവിലെ താലി അറുത്തു മാറ്റുന്നു
കൈവളകള്‍ ഉടയ്ക്കുന്നു ഒടുവില്‍ വൈധവ്യം ഏറ്റു വാങ്ങിയ
ഹിജഡകളുടെ വിലാപവും.
പൊട്ടിയ കൈവളകളുടെ ചില്ലുകൊണ്ട് അവളുടെ ദേഹത്തുണ്ടാകുന്ന
മുറിവ് പോലെ കണ്ടു നില്‍ക്കുന്നവരുടെ മനസ്സിലും ഈ കാഴ്ച
മുറിപ്പാടുണ്ടാക്കുന്നു.


കൂവാഗത്തുനിന്നുള്ള ചില കാഴ്ച്ചകള്‍








കൊറ്റംകുളങ്ങര ചമയവിളക്ക്

നമ്മുടെ കേരളത്തിലുമുണ്ട്‌ ഹിജഡകള്‍ ഒത്തുചേരുന്ന ഉത്സവം.
കൊറ്റംകുളങ്ങര ചമയവിളക്ക്.

(കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍ കുളങ്ങര ദേവീ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ്.
ഇവിടുത്തെ ചമയവിളക്ക് ലോക പ്രശസ്തമായ ഒരു ആചാരമാണ്.
ഭക്തസഹസ്രങ്ങള്‍ക്ക് അഭയവും ആശ്യാസവും അരുളുന്ന
സ്വാതികഭാവത്തിലുള്ള സ്വയംഭൂവായ വനദുര്‍ഗ്ഗയുടെ പുണ്ണ്യപുരാതന
ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം.
എല്ലാ വര്‍ഷവും മീനം 10-11 തീയതികളില്‍ രാത്രിയില്‍ നടക്കുന്നതാണ്
ചമയവിളക്ക്.
അഭീഷ്ടകാര്യസിദ്ധിക്കായ് പുരുഷന്മാര്‍ വ്രതാനുഷ്ടാനത്തോടെ
സ്ത്രീ വേഷം ധരിച്ച് ചമയവിളക്കെടുക്കുന്നു.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദിവ്യ ശിലക്ക് ചുറ്റും കുരുത്തോല കെട്ടി
ഗോപാലബാലന്മാര്‍ നാണം കുണുങ്ങികളെ പോലെ വെള്ളക്കതോടില്‍
വിളക്ക് വെച്ചതിന്‍റെ ഐതിഹ്യ പെരുമയായാണ് പുരുഷാoഗനമാരുടെ
ചമയ വിളക്കിന്‍റെ ചരിത്രം ഭാരതത്തില്‍ ഒരിടത്തും കാണാന്‍
കഴിയാത്ത അപൂര്‍വമായ പുരുഷാoഗനമാരുടെ ചമയവിളക്ക്
പുലര്‍ച്ചെ 3 മണിയോട്കൂടി ആരംഭിക്കുന്നു)

ഇതൊരു  തേഡ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ഉത്സവമല്ല.
പക്ഷെ ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതലും എത്തി ചേരുന്ന ഉത്സവമാണിത്.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം ആരെയും പേടിക്കാതെ ഒരു
സ്ത്രീയായ് നടക്കാനുള്ള അവസ്സരം.
സ്ത്രീ വേഷത്തില്‍ വിളക്കെടുത്ത് പ്രാര്‍ഥിച്ചാല്‍ ഏതാഗ്രഹവും
സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്യാസം.
ചമയവിളക്കിനെകുറിച്ച് കേട്ടറിവില്ലാത്തവര്‍ കണ്ണെഴുതി പൊട്ടുതൊട്ട്
മുല്ലപ്പൂ ചൂടി കൊലുസും വളയുമണിഞ്ഞു നില്‍ക്കുന്ന സ്ത്രീവേഷങ്ങള്‍ കണ്ടാല്‍ ആ നില്‍ക്കുന്നത് പെണ്‍വേഷം കെട്ടിയ
ആണുങ്ങളാണെന്ന്‌ പറഞ്ഞാലും വിശ്യസിക്കില്ല.
ചമയവിളക്ക് ദിവസം ക്ഷേത്രപരിസ്സരത്തും റോഡരികിലും
കാര്‍കൂന്തല്‍ കോതിയൊതുക്കി അണിഞ്ഞൊരുങ്ങി നാണം കുണുങ്ങി
നില്‍ക്കുന്ന അതിസുന്ദരിമാരെ കണ്ടാല്‍ ഉറപ്പിക്കാം
അത് പുരുഷാംഗനമാരാണ്‌.
അവരെ ആസൂയയോടെ നോക്കി മാറി നില്‍ക്കുന്ന നിറം
മങ്ങിയ പാവകളാണ് യഥാര്‍ത്ഥ സ്ത്രീകള്‍.



ഹിജഡയുടെ മരണം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ജീവിത
രീതികളുടെയും ഫലമായ് കിട്ടുന്ന മാരക രോഗങ്ങള്‍ ബാധിച്ചാണ്
ഓരോ ഹിജഡയും മരണം പുല്‍കുന്നത്.
പക്ഷെ ഇപ്പോള്‍ ഇവര്‍ക്കിടയില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായ്
പ്രവര്‍ത്തിക്കുന്ന സംഗമയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ട്.
ഹമാമില്‍ വച്ച് മരിക്കുന്ന ഹിജഡയെ കുളിപ്പിച്ചൊരുക്കി
പുതുവസ്ത്രങ്ങള്‍ അണിയിച്ച് മറവു ചെയ്യുന്നതിന് മുന്‍പ്
നിവര്‍ത്തിനിര്‍ത്തി ബന്ധിക്കും അവരിലെ മുതിര്‍ന്ന സ്ത്രീ (ദായമ്മ)
മൃതദേഹത്തില്‍ ചൂരല്‍ കൊണ്ട് അടിക്കും
“ഇനി നീ ഈ നശിച്ച ജന്മമായ് പിറക്കുമോടീ” എന്ന് ചോദിച്ചുകൊണ്ട്
ഹൃദയമുള്ള നമ്മുടേപോലെ ഒരു സാധാരണ വ്യക്തിക്ക് ഈ
ഹൃദയഭേദകമായ കാഴ്ച ഒരിക്കലും കണ്ടുനില്‍ക്കാനാവില്ല.
(മുഴുവന്‍ ആചാരങ്ങളും എനിക്ക് അറിവായിട്ടില്ല )
അപ്പോള്‍ മാത്രമാണ് ഓരോ ഹിജഡയും തങ്ങളുടെ ജന്മം
വെറുപ്പോടെ കാണുന്നത്............................


“എന്തോ.. ഇതെഴുതികഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ഭാരം
സ്വന്തം കൂടപിറപ്പുകളായാലും മക്കളായാലും സ്നേഹത്തിനും
ബന്ധത്തിനും ഈ ലോകത്തെന്തു വില.
ഒരു മനുഷ്യായുസ് മുഴുവനും ശിഖണ്ഡി‍യായ് ഗതികിട്ടാതെ
അലഞ്ഞു നടക്കാന്‍ ആര് ചെയ്ത തെറ്റിന്റെ ഫലമാണ് “അവള്‍ക്ക്”.
അതോ മുന്‍ജന്മ പാപമോ?”..........

1 comment:

  1. പൂമ്പൊടി വീഴുമീ പൂവിന്റെയുള്ളിലും
    പൊടിയും മഴത്തുള്ളി വീഴുമീ ഭൂവിലും
    പാതിരാ മുഴുവനും കരയിൽ തല ചായ്ച്ചു
    പിൻവാങ്ങിയൊഴിയുമീ കടലിന്റെ യുള്ളിലും

    ഓർമ്മയായ് ജീവനായ് ജൈവബിന്ദുക്കളായ്
    പരിണാമവീഥിയിൽ നാഴികക്കല്ലുപോൽ
    പഞ്ചഭൂതങ്ങളെ വസ്തുവായ്‌ മാറ്റുന്നൊ-
    രന്തരാത്മാവിലിന്നീശ്വരാധീനമായ്

    സ്പന്ദനം ചലനം വളർച്ചയുമായ്‌ത്തീരു-
    മിന്ദ്രജാലത്തിനും തുല്യമാണിന്നു നീ
    കാലമായ് മാറ്റമായ് വൈവിധ്യമായ് നിന്റെ
    ശക്തിയീസ്നേഹത്തിനേകപര്യായവും

    ഞാനെന്നഭാവം വെടിഞ്ഞു  ഞാൻ നില്ക്കുന്നു
    സ്വന്തമായുള്ളതിന്നന്യമായ്ത്തീർത്തു ഞാൻ
    പിന്നെയും ബാക്കിയാണേകാന്ത സ്വപ്നങ്ങൾ
    ഇല്ലാത്ത ചുവരിലെ തെളിയാത്ത ചിത്രങ്ങൾ

    ശലഭമായ് വന്നെന്റെയധരം ഭുജിക്കണം
    സർപ്പമായ് വന്നെന്റെയുള്ളിൽ വസിക്കണം
    ഇല്ലായ്മ മാറ്റുന്നൊരുണ്മയായ്ത്തീരണം
    കൃഷ്ണനായ്‌ വന്നെന്നെ രാധയായ് മാറ്റണം

    എന്നിലെ ഗർഭഗൃഹത്തിൽ നിൻ കോശവും
    എന്നുടെ കോശവുമൊന്നു ചേരുന്ന നാൾ
    ഗന്ധർവ രാഗത്തിനാലാപമൂർഛയിൽ
    ഒന്നായ് രതിക്രീഡയാവുന്നു ലോകവും

    ReplyDelete