Sunday 10 August 2014

മറുക്

എന്‍റെ കണ്ണാടിക്കും എനിക്കും മാത്രം കാണുന്ന തന്‍റെ മുഖത്തെ കറുത്ത പുള്ളിയിലേക്ക് തന്‍റെ ലോകം ചുരുങ്ങി പോവുകയാണോ?

‘നിന്‍റെ മുഖത്ത് കാണുന്ന ഈ വെറുമൊരു കറുപ്പു നിറം എനിക്കൊരു തടസ്സം അല്ല. ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’.

പക്ഷെ അവളവന് ഒരു വിളറിയ ചിരി സമ്മാനിച്ച് നടന്നു നീങ്ങി.
എനിക്കെന്തോ അരോചകമായിരുന്നു എന്‍റെ വലതു കവിളിലെ കറുത്ത മറുക്. ആ കറുപ്പ് നിറം കണ്ണില്‍ക്കൂടി പ്രവേശിച്ചു സിരസ്സിലെ ചിന്തകളില്‍ വളരെ ശക്തമായി കൂടിക്കലരുന്നതായി എനിക്ക് തോന്നി. പലപ്പോഴും ആ കറുത്ത നിറം എന്‍റെ ചിന്തകളെ വഴി തെറ്റിക്കുന്നു. നെറ്റിയില്‍ ഇടുന്ന ചുവപ്പ് നിറത്തേക്കാളും അതെന്‍റെ മുഖത്ത് വല്ലാതെ മുഴച്ചു നില്‍ക്കുന്നു. എന്‍റെ കണ്ണിലെ നിസ്സഹായതേക്കാളും കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്ന മറുകാണ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണുന്നത്.
ഒപ്പമുള്ള മറ്റു പെണ്‍കുട്ടികളുടെ ചുണ്ടിലെ പരിഹാസം എന്നെ ചൂഴ്ന്നു നില്‍ക്കുന്നു. അതില്‍ ഞാന്‍ മുങ്ങിത്താഴ്ന്നു ഇല്ലാതാകുന്നു.
‘നീയെന്തിനാണ്‌ ഇത്രയും വിഷമിക്കുന്നത്? ഒറ്റപ്പെട്ടു പോകേണ്ട കാര്യം എന്താണ് ഉള്ളത്? നിന്നെക്കാള്‍ ഭംഗി കുറഞ്ഞവര്‍ ഇവിടെയില്ലേ? ചെറിയൊരു മറുകല്ലേ അതിനിത്രയും പ്രാധാന്യം കൊടുക്കണോ?’
രാത്രിയുടെ ഉറക്കത്തില്‍ വന്നു തഴുകുന്ന നേര്‍ത്ത കാറ്റിനൊപ്പം ആ മറുക് എന്‍റെ ദേഹത്ത് പടരുന്നു ദേഹം മുഴുക്കെ. നോക്കി നില്‍ക്കെ അതിങ്ങനെ പരന്നു നീങ്ങുന്നു. മുഖം, കൈകാലുകള്‍ എല്ലായിടത്തും കറുപ്പ് നിറം വ്യാപിക്കുന്നു.

അവള്‍ എഴുന്നേറ്റു ഓടി. അവളുടെ അപകര്‍ഷതാബോധത്തെ തെളിയിച്ചു കാണിക്കുന്ന ആ നിലക്കണ്ണാടിയുടെ മുന്‍പിലാണ് ഓട്ടം അവസാനിച്ചത്. എന്‍റെ പ്രതിബിംബത്തിലെ മുഖത്തിന്‌ പഴയ വെളുപ്പ്‌ നിറമില്ല. കണ്ണുകളില്‍ വരെ ഇരുണ്ട കറുപ്പ് നിറം പടര്‍ന്നിരിക്കുന്നതായ് തോന്നി.

വളരേ ഉച്ചത്തില്‍ അലറിവിളിച്ചു വസ്ത്രങ്ങള്‍ വലിച്ചു കീറി. ഇല്ല എന്‍റെ പഴയ സൗന്ദര്യം എവിടെയോ നഷ്ടമായിരിക്കുന്നു.
ഭ്രാന്തിയേപോലെ അവളാ കണ്ണാടിയില്‍ ആഞ്ഞു തല്ലി. ഉടഞ്ഞു ചിതറിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ അവളുടെ ദേഹത്ത് ഒരായിരം മുറിവുകള്‍ സൃഷ്ടിച്ചു.

നഗ്നദേഹത്ത് ഒഴുകിപരക്കുന്ന ചോരക്ക് അവളുടെ നെറ്റിയില്‍ ഇടുന്ന കടും ചുമപ്പ് പൊട്ടിന്‍റെ നിറമായിരുന്നില്ല. കറുത്തതോ ചുവന്നതോ എന്ന് തിരിച്ചറിയാനാകാത്ത ഒരു ഇരുണ്ട നിറം ആയിരുന്നു. നിലത്ത് ചിതറികിടക്കുന്ന കണ്ണാടി ചില്ലുകളില്‍ അവളുടെ പ്രതിബിംബത്തിനു മുകളിലൂടെ ആ നിറം ഒഴുകി പരന്നു.

‘ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’

ആ വാക്കുകള്‍ ഉടഞ്ഞു കിടക്കുന്ന കണ്ണാടി ചില്ലുകളില്‍ ഒലിച്ചു പടരുന്ന തന്‍റെ ചോരയില്‍ മുങ്ങി ഇല്ലാതാകുന്നതായ് അവള്‍ക്ക് തോന്നി...