Showing posts with label Short Story. Show all posts
Showing posts with label Short Story. Show all posts

Sunday, 10 August 2014

മറുക്

എന്‍റെ കണ്ണാടിക്കും എനിക്കും മാത്രം കാണുന്ന തന്‍റെ മുഖത്തെ കറുത്ത പുള്ളിയിലേക്ക് തന്‍റെ ലോകം ചുരുങ്ങി പോവുകയാണോ?

‘നിന്‍റെ മുഖത്ത് കാണുന്ന ഈ വെറുമൊരു കറുപ്പു നിറം എനിക്കൊരു തടസ്സം അല്ല. ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’.

പക്ഷെ അവളവന് ഒരു വിളറിയ ചിരി സമ്മാനിച്ച് നടന്നു നീങ്ങി.
എനിക്കെന്തോ അരോചകമായിരുന്നു എന്‍റെ വലതു കവിളിലെ കറുത്ത മറുക്. ആ കറുപ്പ് നിറം കണ്ണില്‍ക്കൂടി പ്രവേശിച്ചു സിരസ്സിലെ ചിന്തകളില്‍ വളരെ ശക്തമായി കൂടിക്കലരുന്നതായി എനിക്ക് തോന്നി. പലപ്പോഴും ആ കറുത്ത നിറം എന്‍റെ ചിന്തകളെ വഴി തെറ്റിക്കുന്നു. നെറ്റിയില്‍ ഇടുന്ന ചുവപ്പ് നിറത്തേക്കാളും അതെന്‍റെ മുഖത്ത് വല്ലാതെ മുഴച്ചു നില്‍ക്കുന്നു. എന്‍റെ കണ്ണിലെ നിസ്സഹായതേക്കാളും കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്ന മറുകാണ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണുന്നത്.
ഒപ്പമുള്ള മറ്റു പെണ്‍കുട്ടികളുടെ ചുണ്ടിലെ പരിഹാസം എന്നെ ചൂഴ്ന്നു നില്‍ക്കുന്നു. അതില്‍ ഞാന്‍ മുങ്ങിത്താഴ്ന്നു ഇല്ലാതാകുന്നു.
‘നീയെന്തിനാണ്‌ ഇത്രയും വിഷമിക്കുന്നത്? ഒറ്റപ്പെട്ടു പോകേണ്ട കാര്യം എന്താണ് ഉള്ളത്? നിന്നെക്കാള്‍ ഭംഗി കുറഞ്ഞവര്‍ ഇവിടെയില്ലേ? ചെറിയൊരു മറുകല്ലേ അതിനിത്രയും പ്രാധാന്യം കൊടുക്കണോ?’
രാത്രിയുടെ ഉറക്കത്തില്‍ വന്നു തഴുകുന്ന നേര്‍ത്ത കാറ്റിനൊപ്പം ആ മറുക് എന്‍റെ ദേഹത്ത് പടരുന്നു ദേഹം മുഴുക്കെ. നോക്കി നില്‍ക്കെ അതിങ്ങനെ പരന്നു നീങ്ങുന്നു. മുഖം, കൈകാലുകള്‍ എല്ലായിടത്തും കറുപ്പ് നിറം വ്യാപിക്കുന്നു.

അവള്‍ എഴുന്നേറ്റു ഓടി. അവളുടെ അപകര്‍ഷതാബോധത്തെ തെളിയിച്ചു കാണിക്കുന്ന ആ നിലക്കണ്ണാടിയുടെ മുന്‍പിലാണ് ഓട്ടം അവസാനിച്ചത്. എന്‍റെ പ്രതിബിംബത്തിലെ മുഖത്തിന്‌ പഴയ വെളുപ്പ്‌ നിറമില്ല. കണ്ണുകളില്‍ വരെ ഇരുണ്ട കറുപ്പ് നിറം പടര്‍ന്നിരിക്കുന്നതായ് തോന്നി.

വളരേ ഉച്ചത്തില്‍ അലറിവിളിച്ചു വസ്ത്രങ്ങള്‍ വലിച്ചു കീറി. ഇല്ല എന്‍റെ പഴയ സൗന്ദര്യം എവിടെയോ നഷ്ടമായിരിക്കുന്നു.
ഭ്രാന്തിയേപോലെ അവളാ കണ്ണാടിയില്‍ ആഞ്ഞു തല്ലി. ഉടഞ്ഞു ചിതറിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ അവളുടെ ദേഹത്ത് ഒരായിരം മുറിവുകള്‍ സൃഷ്ടിച്ചു.

നഗ്നദേഹത്ത് ഒഴുകിപരക്കുന്ന ചോരക്ക് അവളുടെ നെറ്റിയില്‍ ഇടുന്ന കടും ചുമപ്പ് പൊട്ടിന്‍റെ നിറമായിരുന്നില്ല. കറുത്തതോ ചുവന്നതോ എന്ന് തിരിച്ചറിയാനാകാത്ത ഒരു ഇരുണ്ട നിറം ആയിരുന്നു. നിലത്ത് ചിതറികിടക്കുന്ന കണ്ണാടി ചില്ലുകളില്‍ അവളുടെ പ്രതിബിംബത്തിനു മുകളിലൂടെ ആ നിറം ഒഴുകി പരന്നു.

‘ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’

ആ വാക്കുകള്‍ ഉടഞ്ഞു കിടക്കുന്ന കണ്ണാടി ചില്ലുകളില്‍ ഒലിച്ചു പടരുന്ന തന്‍റെ ചോരയില്‍ മുങ്ങി ഇല്ലാതാകുന്നതായ് അവള്‍ക്ക് തോന്നി...   

Thursday, 24 October 2013

പ്രളയം



ഒഴുകി വരുന്ന പ്രണയം ...
ഞാനതിനുമീതെ ഒരു തടയണ കെട്ടി 
എന്നിട്ടും അതൊരു വന്‍നദിയായ് ആര്‍ത്തലച്ചു വരുന്നു 
എല്ലാം തൂത്തെറിയാനുള്ള രൗദ്രതയോടെ 
ഞാന്‍ കെട്ടിയ തടയണയ്ക്ക് അതിനെ 
പിടിച്ചു നിര്‍ത്താനുള്ള ശക്തിയില്ലായിരുന്നു 
അതുകൊണ്ടുതന്നെയവ എന്‍റെ ഹൃദയം 
തകര്‍ത്തെറിഞ്ഞു മുന്നോട്ടുപോയ്‌ 
ആ പ്രളയത്തില്‍ എനിക്കു കൈത്താങ്ങായ് 
ആരുമുണ്ടായിരുന്നില്ല 
ശിരസ്സിനു മീതെ ഒഴുകി പരക്കുന്നു പ്രളയം 
അതില്‍ ഞാന്‍ മുങ്ങിതാഴുന്നത് 
അല്പം ഭയത്തോടെ നോക്കി നിന്നു
പക്ഷെ അതെന്നെ ഒരിക്കലും വേദനിപ്പിച്ചില്ല 
ജലത്തോടൊപ്പം ഒഴുകിവന്ന പരല്‍ മീനുകള്‍ 
അവ എന്‍റെ കൈപിടിച്ച് നീന്തി 
ഞാന്‍ പുതിയൊരു ലോകം കാണുന്നു 
എന്‍റെ കൈകള്‍ ചിറകുകളാവുന്നു
എനിക്കിപ്പോള്‍ വളരെ അനായാസതയോടുകൂടി 
അതില്‍ നീന്തി തുടിക്കാം 
എന്‍റെ ജീവവായു ജലത്തോടൊപ്പം കൂടികലരുന്നത് 
വളരെ ആശ്ചര്യത്തോടെ ഞാന്‍ നോക്കിനിന്നു 
എല്ലാം നശിപ്പിക്കാനായ് വന്നിരുന്ന പ്രളയത്തിന്റെ 
രൗദ്രഭാവം ഇപ്പാള്‍ എവിടെപ്പോയ് 
അവ അലിഞ്ഞില്ലാതാവുകയാണ് 
ശാന്തമാവുകയാണ് 
എന്‍റെ മനസ്സുപോലെ .............

Saturday, 19 October 2013

നഷ്ടപെടുത്തിയ ചിലങ്കകള്‍

എന്‍റെ കാത്തിരിപ്പുകള്‍ എന്‍റെ വേദനകള്‍.
അറിയില്ല എനിക്ക് കാത്തിരിക്കുന്നതെന്തിനെന്ന്.
അറിയില്ല എനിക്ക് വേദനിക്കുന്നതെന്തിനെന്ന്.
വേദനകള്‍ അസ്ഥികള്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുംപോലുള്ള
വേദനകള്‍ എന്‍റെ ജീവിതത്തില്‍.
എന്‍റെ ഉന്മാദമനസ്സിനെ തൃപ്തിപെടുത്താന്‍ ഞാനവ സ്വീകരിക്കുന്നു.
ചിലങ്കകള്‍ കെട്ടിയ പാദങ്ങള്‍ അവയെന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
ഞാനറിയാതെ എന്നെ ഭ്രാന്തമായ് സ്നേഹിച്ചവള്‍.
അവളുടെ പാദങ്ങളിലുമുണ്ടായിരുന്നു ചിലങ്കകള്‍.
അതിന്‍റെ കിലുക്കം എന്നെ ഉന്മാദിയാക്കി.
എന്നെ വിട്ടൊഴിയാത്ത ദുരന്തങ്ങള്‍ എന്‍റെ കൂടപിറപ്പുകള്‍.
ഒരു ജീവന്‍ നഷ്ടപെടുത്താന്‍ എനിക്കിഷ്ടമാല്ലായിരിക്കാം
അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നു.
ഒരിക്കല്‍കൂടി എന്റമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് മടങ്ങാന്‍ സാധിച്ചെങ്കില്‍.
ഒരുപക്ഷെ അതിനായിരിക്കുമോ എന്‍റെ കാത്തിരിപ്പ്....?

Friday, 27 September 2013

ചുവപ്പ്

‘വര്‍ണ്ണങ്ങള്‍’ ഞാനെന്‍റെ ജീവനെക്കാളേറെ സ്നേഹിച്ചവ.
എന്‍റെ ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ നിറമായിരുന്നു.
എന്നില്‍ പ്രണയം കടന്നു വന്നത് ഒരു ലില്ലി പൂവിന്‍റെ
വെളുത്ത നിറത്തോടുകൂടിയായിരുന്നു .
ഈ ഭൂമിയിലെ പച്ച നിറങ്ങളെ സ്നേഹിക്കാന്‍ പറഞ്ഞത്
അവളായിരുന്നു.
ഒരുപാട് നിഗൂഡതകളുള്ള കറുപ്പ് നിറത്തെ വെറുക്കാന്‍
പറഞ്ഞത് അവളായിരുന്നു.
പക്ഷെ ഇപ്പോള്‍ ഞാന്‍ വെറുക്കുന്നതും എനിക്കു
ഏറ്റവും ഭയമുളവാക്കുന്നതും ഒരേയൊരു നിറമാണ്.
‘ചുവപ്പ്’
എന്‍റെ കൈകളില്‍ കിടന്ന് എന്നോട് കണ്ണുകളാല്‍ യാത്ര
പറഞ്ഞ എന്‍റെ പ്രിയതമയുടെ മുഖത്തു കണ്ട അതേ

ചുവപ്പു നിറം..

Saturday, 14 September 2013

ഒരു മെഴുകുതിരിയുടെ ആത്മഗതം

എന്‍റെ ജീവിതം 
വേദനയോടെ ഇങ്ങനെ 
ഉരുകി തീരുമ്പോഴും 
എനിക്കു ദുഃഖമില്ല 
എന്തെന്നാല്‍ ഞാന്‍ കാരണം 
മറ്റുള്ള കുറച്ചു ജീവിതങ്ങള്‍ക്ക്‌ 
പ്രതീക്ഷയുടെ ഇത്തിരി വെട്ടം 
കിട്ടുന്നുണ്ടെങ്കില്‍ അതാണ്‌
എന്റെ ഏറ്റവും വലിയ സന്തോഷം...