Sunday 27 October 2013

കുരുത്തം കെട്ട കാലത്തെ ചിന്തകള്‍



പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഒരു പണിയില്ലാദിവസ്സം
ഞാനൊന്ന് നടക്കാനിറങ്ങി.
കുറേ കാലമായ് നാട്ടുകാരെയൊക്കെ കണ്ടിട്ട് .
കുറച്ചു നടന്നപ്പോള്‍ ഒരു വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടു.
എന്തായാലും കാര്യമന്യഷിക്കാം വേറെ പണിയൊന്നുമില്ലല്ലോ.
‘എന്താ ചേട്ടാ പ്രശ്നം’
അവിടെ കണ്ട ഒരാളോട് ചോദിച്ചു.
‘ഇവിടുത്തെ പെണ്‍കുട്ടിയെ കാണാനില്ല’
‘ആരുടെയോ ഒപ്പം പോയതാണെന്നാതോന്നുന്നേ.’
കുറച്ചു കാലമായ് എപ്പോഴും മൊബൈല്‍ ചെവിയില്‍ വച്ച് നടക്കുന്നു’
ഇങ്ങനെയേ വരൂ എന്ന് ഞാനന്നേ വിചാരിച്ചതാ’.
എന്തോ എനിക്കത് കേട്ടപ്പോള്‍ വളരെ വിഷമം തോന്നി.
അയാളങ്ങനെ പറഞ്ഞതിലല്ല ഇപ്പോഴത്തെ പെണ്‍കുട്ടികളെകുറിച്ചോര്‍ത്ത്.
പ്രായപൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാ ഒന്ന് പ്രേമിക്കാന്‍.
എന്തൊക്കെ കേട്ടാലും കണ്ടാലും പഠിക്കില്ല.
ആ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ അവളെ പ്രാകുന്നത് കേള്‍ക്കാമായിരുന്നു.
‘കുരുത്തംകെട്ടവള്‍ കാട്ടിയ പണി കണ്ടില്ലേ അവളുടെ താഴെയുള്ളതിനെ
കുറിച്ചെങ്കിലും ഓര്‍ത്തോ’
ഒരുത്തനെ കിട്ടിയപ്പോള്‍ അവള്‍ക്കമ്മയും വേണ്ട കൂടപിറപ്പുകളും വേണ്ട
ഗുണം പിടിക്കില്ലടീ എവിടെയെങ്കിലും പോയ്‌ നശിക്ക്’.
ഞാന്‍ വേഗം അവിടെനിന്നും പോന്നു വേഗം സെന്‍ററിലേക്ക്
വച്ച് പിടിച്ചു.
ആ കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട് എവിടെയെങ്കിലും വച്ച് കാണുമ്പോള്‍
ഒരു ചിരി സമ്മാനിക്കാറുണ്ടായിരുന്നു അധികമാരോടും
സംസാരിക്കുന്നതും കണ്ടിട്ടില്ല
എന്‍റെ അറിവില്‍ ഒരു പാവം പെണ്‍കുട്ടിയായിരുന്നു അവള്‍.
ഇങ്ങനെ ചെയ്യും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
ആ’” അല്ലെങ്കില്‍ത്തന്നെ സ്ത്രീമനസ്സ് കണ്ടുപിടിക്കാന്‍ ഇതുവരെ
ആര്‍ക്കും കഴിഞ്ഞിട്ടില്ലല്ലോ.
ഓരോന്നാലോചിച്ച് സെന്ററില്‍ എത്തി ഒരു കൂട്ടുകാരന്‍റെ ബേക്കറി കടയില്‍ കയറിയിരുന്നു.
‘അല്ല സാറെന്താ ഇന്നിവിടെ ലീവാണോ?’
‘വല്ല്യ കാര്യായിട്ട് പണിയൊന്നും ഇല്ല സുരേഷേ’
‘അല്ല സാററിഞ്ഞോ? നമ്മുടെ രാമേട്ടന്‍റെ മോള് ഒളിച്ചോടിപോയത്’
‘ആ ഞാനിപ്പോഴാ അറിഞ്ഞേ അതിലെയാ വന്നത്’.
‘എവിടെ പോകാനാ സാറേ ഇവളൊക്കെ കുറച്ചുകാലം കറങ്ങി തിരിഞ്ഞു
ഇവിടെ തന്നെ വരും കൊണ്ടുപോയവന് വേറെ ഭാര്യയും കുട്ടികളും
ഉണ്ടെന്നു പറഞ്ഞ്’.
‘എല്ലായിടത്തും പതിവിതല്ലേ’.
‘അപ്പോഴേക്കും നല്ലൊരു ജീവിതം നഷ്ടപ്പെട്ടിട്ടുണ്ടാകും’
തന്തയുടെയും തള്ളയുടേയും വില അന്നേ മനസ്സിലാവൂ’
‘ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ’
‘നീയെന്തായാലും എന്തെങ്കിലും കഴിക്കാനെടുക്ക് പിള്ളേര്‍ക്കാ
ഇനി പുറത്തു പോയിട്ട് ഒന്നും വേടിചില്ലെന്നുവേണ്ട’
കുറച്ചു നേരം കൂടി അവിടെയിരുന്നു ഞാന്‍ വീട്ടിലേക്കു പോയ്‌.
അവിടെയെത്തിയപ്പോള്‍ സഹധര്‍മിണിക്കും പറയാനുള്ളത് ഇതുതന്നെ.
പാവം കുട്ടികള്‍ ഇതൊന്നും അറിയാതെ തന്‍റെ കയ്യില്‍ നിന്നും
തട്ടിപറിച്ച പൊതിയില്‍ എന്താണെന്ന് ആകാംക്ഷയോടെ തുറന്നു നോക്കുന്നു.
കയ്യിലുള്ള കാപ്പിപാത്രത്തില്‍ പഞ്ചസാരയിട്ട് ഇളക്കുന്നതിനിടയിലും
അവള്‍ മൊഴിഞ്ഞു .
‘രാമേട്ടന്‍റെ മോള് .......
‘നിനക്കു വേറൊന്നും പറയാനില്ലേ?’
പരദൂഷണത്തിനു ഞാന്‍ നിന്നുകൊടുക്കാത്തതിലുള്ള ദേഷ്യമാണോ
എന്നറിയില്ല അവള്‍ കടുപ്പിച്ചൊരു നോട്ടം സമ്മാനിച്ച് അടുക്കളയിലേക്കു പോയ്‌.
‘ഇതുകണ്ടോ അച്ഛാ അമ്മുചേച്ചി എന്‍റെ ലഡ്ഡു കൂടി എടുത്തു’
താഴെയുള്ള സന്താനം തലയും ചൊറിഞ്ഞ് എന്നോട് പരാതി പറയാനെത്തി.
ഞാനവളുടെ ദുഖത്തില്‍ കൂടി.
രണ്ടു ദിവസം കഴിഞ്ഞ് ഒരു പ്രഭാതത്തില്‍ എന്‍റെ വ്യക്തിത്യമാം
വെണ്മയെ കോള്‍ഗേറ്റ്കൊണ്ട് കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍
പണിപെട്ടുകൊണ്ടിരിക്കെ ഒരു കയ്യില്‍ പുട്ടുകുറ്റിയും മറ്റേ കയ്യില്‍
പപ്പടംകുത്തിയും പിടിച്ചു ഭാര്യ മുന്നില്‍ പപ്പടംകുത്തികൊണ്ട്
എന്‍റെ മുഖത്തിന്‌ നേരെ ചൂണ്ടിയിട്ട്
‘നിങ്ങള്‍ രാവിലെ മുതല്‍ രാത്രിവരെ ബ്രഷും പിടിച്ചിരുന്നോ
രാമേട്ടന്‍റെ മോള് വന്നെന്നാ തോന്നുന്നെ’
അവിടേക്ക് പോലീസും പട്ടാളമൊക്കെ പോകുന്നത് കണ്ടു’
സത്യം പറഞ്ഞാല്‍ എല്ലാവരുടെയും പോലെ ഈ സംഭവം
ഞാനും മറന്നിരിക്കുകയായിരുന്നു.
ഒളിച്ചോടിപോയവളുടെ ഗതി എന്തായെന്നറിയാനുള്ള ആകാംക്ഷയോടെ
ഞാനും അങ്ങോട്ട്‌ പോയ്‌.
പക്ഷെ എത്ര തിരഞ്ഞിട്ടും ആ പെണ്‍കുട്ടിയെ മാത്രം എനിക്കവിടെ
കാണാന്‍ കഴിഞ്ഞില്ല.
പക്ഷെ ആ വീട്ടിനുള്ളില്‍ കുറച്ചു ദിവസ്സമായ് രൂപപ്പെട്ടുകൊണ്ടിരുന്ന
നിശബ്ദത ഒരു വലിയ തേങ്ങലായ് ഞങ്ങളില്‍ വന്നുടക്കിനിന്നു.
ആ വീട്ടുകാരുടെ മാന്യതയ്ക്ക് കളങ്കം വരുത്തിയ പെണ്‍കുട്ടിയെ
പുച്ചത്തോടെയുള്ള നോട്ടം കൊണ്ട് വരവേല്‍ക്കാന്‍ നിന്നിരുന്ന
ഞാനുള്‍പ്പടെയുള്ള ജനങ്ങള്‍ക്കിടയില്‍ വളരെ അപ്രതീക്ഷിതമായാണ്
ആ വാര്‍ത്ത പരന്നത്.
ഇരുട്ടിന്‍റെ മറവില്‍ ഒത്തുവന്ന ഒരവസരത്തില്‍ രതിവൈകൃതം
ബാധിച്ച ഒരുകൂട്ടം മനസ്സുകള്‍ ചേര്‍ന്ന് ആ ശരീരം

പിച്ചിചീന്തിയിരിക്കുന്നു...............       

No comments:

Post a Comment