Sunday 20 April 2014

വഴിമാറുന്ന ഫേസ്ബുക്ക് സൗഹൃദങ്ങള്‍


മുഖപുസ്തകം എന്നാല്‍ സൗഹൃദങ്ങള്‍ക്കപ്പുറം വഞ്ചനകളുടെ ഒരു വലിയ
ലോകം ആണെന്നത് എന്താണ് ഇപ്പോഴും ആളുകള്‍ തിരിച്ചറിയാത്തത്.?
ഒരു സ്ത്രീ അതില്‍ അക്കൌണ്ട് തുടങ്ങുന്നത് ആദ്യം തന്‍റെ അടുത്ത ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയുമായി സംസാരിക്കാനും വിശേഷങ്ങള്‍
പങ്കുവയ്ക്കാനുമാണ്.
സമൂഹം സ്ത്രീകള്‍ക്ക് കല്‍പിച്ചിട്ടുള്ള സമയപരിമിതികളെ വെല്ലുവിളിച്ചുകൊണ്ട് പലരോടും തുറന്നു സംസാരിക്കാനുള്ള വേദി കൂടിയാണ് അവര്‍ക്ക് ഫേസ്ബുക്ക്.

വെറും അടുക്കള വിശേഷങ്ങള്‍ക്കപ്പുറം അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. വളരെ നല്ല കാര്യങ്ങള്‍തന്നെ.
പക്ഷെ സൗഹൃദങ്ങളുടെ എണ്ണം നമ്മളറിയാതെതന്നെ കൂടി പോകും.
പുറമേനിന്നുള്ള പലരോടും അറിയാതെ മനസു തുറക്കുന്നിടത്താണ് പ്രശ്നങ്ങളുടെ ആരംഭം.

സ്വന്തം ഭര്‍ത്താവിനോടോ മക്കളോടോ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചിലവഴിക്കാന്‍ തുടങ്ങുന്നു. തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ അതില്‍ ആളുണ്ടെന്ന തോന്നല്‍..

പക്ഷെ ആ ശ്രോതാവിന്‍റെ ലക്‌ഷ്യം എന്താണെന്ന് അവള്‍ തിരിച്ചറിയാതെ പോകുന്നു. നല്ല സൗഹൃദങ്ങളും ഉണ്ടാവാം ഇല്ലെന്നു തീര്‍ത്തും പറയുന്നില്ല..
പല അക്കൌണ്ടുകളും സ്ത്രീകളെ വശീകരിക്കാന്‍ തന്നെയാണ് നിര്‍മിക്കപ്പെടുന്നത്. തന്നോട് തുറന്നു സംസാരിക്കുകയും തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ മനസു കാണിക്കുകയും ചെയ്യുന്ന വ്യക്തിയെ അവള്‍ അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു. ആ അടുപ്പം പിന്നീട് വഴി മാറുന്നത് പ്രേമത്തിലേക്കും അതിനപ്പുറത്തേക്കും ആണ്.

ഭര്‍ത്താവിനേക്കാള്‍ തന്‍റെ കാര്യത്തില്‍ ശ്രദ്ധ വേറെ ഒരുവനുണ്ടെന്ന തോന്നല്‍ വരുന്നിടത്ത് എല്ലാ സീമകളെയും ലംഘിക്കാന്‍ അവള്‍ തയ്യാറാകുന്നു.
ഇത്തരം കാമുകന്മാര്‍ക്ക് ലക്‌ഷ്യം വേറെയാണെന്നത് ആ തോന്നലില്‍ അവള്‍ മറന്നു പോകുന്നു അല്ലെങ്കില്‍ തന്‍റെ ചുറ്റിനുമുള്ള കെട്ടുപാടുകള്‍ അവള്‍ മനപ്പൂര്‍വം മറക്കുന്നു.

വെറും ചാറ്റിലൂടെയും ഫോണ്‍ കോളിലൂടെയും കണ്ട മുഖങ്ങളല്ല ഒരു ചതുര സ്ക്രീനിനു മുന്‍പില്‍ ഉള്ളതെന്ന് സ്ത്രീയും പുരുഷനും മനസിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.
ഇതുപോലൊരു പ്രണയമാണ് ഒന്നുമറിയാത്ത ഒരു കുഞ്ഞിന്‍റെ ജീവനെടുത്തത് മൊബൈലിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ വരെ അയച്ചു കൊടുക്കാനുള്ള അടുപ്പം വളര്‍ന്നതിന് വെറും മാസങ്ങളുടെ കണക്കേയുള്ളൂ.

വിവാഹം കഴിഞ്ഞ പല സ്ത്രീകളുടെയും ഫേസ്ബുക്ക് ഫ്രെണ്ട്സ് ലിസ്റ്റില്‍ തങ്ങളുടെ ഭര്‍ത്താവ് ഉള്‍പ്പെടുന്നില്ലെന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്.

ഇത്രയൊക്കെ പറഞ്ഞെങ്കിലും എന്തുകൊണ്ട് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പുരുഷന്‍ മറ്റുള്ള ബന്ധങ്ങളില്‍ പെടുന്നു.
ആ പ്രണയത്തിനുവേണ്ടി എന്തുകൊണ്ട് സ്വന്തം രക്തത്തെയടക്കം അവര്‍ വലിച്ചെറിയുന്നു എന്നതിനൊന്നും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല.

അത് കിട്ടണമെങ്കില്‍ ആദ്യം ഒരു ജിവിതം തുടങ്ങുന്നിടത്ത്നിന്നും ആലോചിക്കണം. വിവാഹ ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പങ്കാളികള്‍ അനുസരിക്കണം. പക്ഷെ ഈ ജീവിത തിരക്കിനിടയില്‍ പലര്‍ക്കും അതിന് സമയം കിട്ടാറില്ല. ആ സമയം കിട്ടാത്തിടത്തോളം ഇതുപോലുള്ള പ്രണയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും..ഇതുപോലെ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ അതിന്‍റെ ഇരകളായിക്കൊണ്ടിരിക്കും.

Saturday 19 April 2014

ജീവന്‍ വെയ്ക്കാത്ത കുടം

ഒന്നും കാണരുത്. ഒന്നും കേള്‍ക്കരുത്‌. ഒന്നും മിണ്ടരുത്.
കാഴ്ചയുണ്ടായിട്ടും നമ്മള്‍ അന്ധത നടിക്കുക.
കര്‍ണങ്ങളുണ്ടായിട്ടും നമ്മള്‍ ബധിരത നടിക്കുക.
നാവുണ്ടായിട്ടും നമ്മള്‍ നിശബ്ദത പാലിക്കുക.

കാണേണ്ടത് കണ്ടാല്‍ നമ്മുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടും.
കേള്‍ക്കേണ്ടത് കേട്ടാല്‍ നമ്മുടെ ചെവികളില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടും.
ശബ്ദമുയര്‍ത്തേണ്ടി വന്നാല്‍ നമ്മുടെ നാവ് പിഴുതെടുക്കപ്പെടും.

പാപങ്ങളുടെ പ്രായശ്ചിത്തമായി മാതൃത്വത്തെ അവഹേളിച്ച് തനിക്കുണ്ടായ
മക്കളെയെല്ലാം ദൂരെ എറിഞ്ഞുകളഞ്ഞ മഹാനായ പിതാവിന്‍റെ പതിനൊന്നാമത്തെ മകന്‍റെ മറ്റൊരു പ്രതിരൂപമാണ് നമ്മളെല്ലാവരും.
നമ്മുടെ സഹോദരിമാരുടെ ഉടുതുണി വലിച്ചുകീറുന്നത് നമുക്ക് അല്‍പ്പം
സഹതാപത്തോടെയും വിഷമത്തോടെയും കൈകള്‍ കെട്ടി നോക്കി നില്‍ക്കാം
ദ്വാപരയുഗം കഴിഞ്ഞല്ലോ എന്ന ചിന്തയോടെ.
അല്ലെങ്കിലും പ്രതികരിക്കാന്‍ നമുക്കെന്തവകാശം.?
മാതൃവാക്കിനെ ശിരസാ വഹിച്ചു അഞ്ച് പുരുഷന്മാരോടൊത്ത് ശരീരം
പങ്കു വച്ച സ്ത്രീയില്‍ ജനിച്ച മക്കളല്ലേ നമ്മളെല്ലാവരും.

ഭ്രാന്ത് പിടിച്ച ഭരണകൂടം ഉയരങ്ങളിലേക്ക് ഉരുട്ടി കയറ്റുന്ന കല്ലുകളെ
നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം പൊട്ടിക്കരയാം അത് താഴേക്ക്
തള്ളിയിടാന്‍ ഇനിയൊരു ഭ്രാന്തന്‍ ജന്മം കൊള്ളില്ലല്ലോ എന്നോര്‍ത്ത്.
അന്ധത നടിക്കുന്ന സ്ത്രീയുടെ മാംസപിണ്ഡം പകുത്ത് കുടങ്ങളിലാക്കിയപ്പോള്‍ എണ്ണം പിഴച്ചതാണ് നൂറ്റിയൊന്നല്ല
നൂറ്റിരണ്ട് കുടങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ നൂറ്റിരണ്ടാമത്തെ കുടം
മാത്രം ആരും ശ്രദ്ധിച്ചിട്ടില്ല.
നൂറ്റിയൊന്ന് ജന്മങ്ങളും നമ്മളായിരുന്നു. ഇനി ബാക്കിയുള്ള ആ
മാംസപിണ്ഡത്തിനു ഇനിയും ജീവന്‍ വെച്ചിട്ടില്ല.

അതിന് ജീവന്‍ വയ്ക്കുന്നതിനോടൊപ്പം എല്ലാം പോളിച്ചെഴുതേണ്ട സമയമുണ്ടാകും അന്നാണ് പുരാണങ്ങള്‍ മാറ്റിയെഴുതപ്പെടുക.
അന്നാണ് പല നിയമങ്ങളും അരക്കില്ലത്തില്‍ ചുട്ടെരിക്കപ്പെടുക.
അന്നാണ് നമുക്ക് കാഴ്ച്ചയും കേള്‍വിയും ശബ്ദവും തിരിച്ചു കിട്ടുക
പക്ഷെ നൂറ്റിരണ്ടാമത്തെ കുടം ഒരു സങ്കല്‍പ്പം മാത്രം.....




ചില സ്വതന്ത്രചിന്തകള്‍

സാമൂഹ്യ പ്രവര്‍ത്തനം എന്ന പേരില്‍ എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്ന അവസ്ഥയായിരിക്കുന്നു നമ്മുടെ നാട്ടില്‍. സഹായത്തിന്‍റെ മറവില്‍ ആദ്യം ആള്‍ദൈവങ്ങളായിരുന്നു ഭരിച്ചിരുന്നത് ഇപ്പോഴിതാ ഒരു പകല്‍മാന്യന്‍. പക്ഷെ അദ്ധേഹത്തിന് ആത്മീയതയുടെ കൂട്ടില്ല എന്ന് മാത്രം.
ലളിത ജീവിതം നയിച്ച്‌ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കിടന്നു കഷ്ടപെടുന്ന കാഴ്ചകള്‍ കണ്ടിട്ട് കുറച്ചായി ചിരിയടക്കാന്‍ ഈയുള്ളവന്‍ പാടുപെടുന്നു.
പക്ഷെ ഈ ലളിത ജീവിതത്തിനിടയിലും സുഗഭോഗങ്ങള്‍ അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ് ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ. അതില്‍ ചിലതാണ് സെലിബ്രിറ്റികളുമായുള്ള ബന്ധങ്ങള്‍. 
സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ അവരെ കൂട്ടുപിടിക്കുന്ന കച്ചവട തന്ത്രങ്ങള്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഇവിടുത്തെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും മൊത്തം അവര്‍ക്കനുകൂലമാണ് എന്നതുതന്നെയാണ് കാരണം. 
വെറുമൊരു ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ച പുസ്തകഭീമന്മാര്‍ക്കെതിരെയും ചാനലുകള്‍ക്കെതിരെയും ഇപ്പോഴുണ്ടായ നിയമനടപടികളും ആക്രമണങ്ങളും കണ്ടു പേടിച്ച് മിണ്ടാതിരിക്കുന്ന പൊതുജനങ്ങള്‍ ഈ നശിച്ച വ്യവസ്ഥിതിയോട് കലഹിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് സ്വത്തുവിവരങ്ങള്‍ വെളിപെടുത്തണം എന്നാവശ്യപ്പെട്ട് ശ്രീ ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ന്നു വന്ന പരാതി. 
ഇന്‍കം ടാക്സുക്കാരൊക്കെ ഇപ്പോള്‍ സിനിമാ താരങ്ങളുടെ പിന്നാലെയല്ലേ അവര്‍ക്കെവിടെ സ്വര്‍ണ ഖനികളുടെയും ആത്മീയതയുടെയും പിറകെ പോകാന്‍ സമയം.
പക്ഷെ ചില ചാനലുകള്‍ ഇപ്പോള്‍ ആള്‍ദൈവങ്ങളുടെ പിറകെ പോകാന്‍ തുടങ്ങിയിട്ടുണ്ട് അവരുടെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പക്ഷെ അപ്പോഴും വലയില്‍ കുരുങ്ങുന്നത് അന്നന്നത്തെ ചിലവിന് മായങ്ങള്‍ കാട്ടി ജീവിക്കുന്ന പാവം തരികിട സ്വാമിമാരാണെന്ന് മാത്രം. കോടികളും ഭരണവും കയ്യിലുള്ള അമ്മമാരും അച്ഛന്‍മാരും അപ്പോഴും സേഫ്.
പക്ഷെ ഇതുകൊണ്ടൊന്നും തീരുന്നതല്ല വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ അതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും പലതിന്‍റെയും മറവില്‍. 
അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത നാടല്ലേ ഇപ്പോള്‍ പരാതി കൊടുത്തവന്‍ നാളെ ജീവിച്ചിരുന്നാല്‍ അയാളുടെ ഭാഗ്യം കൂടെ ഈ പോസ്റ്റെഴുതിയവനും...

Wednesday 16 April 2014

നിറങ്ങള്‍ മങ്ങുന്ന സ്വപ്നം


മഴവില്ലുകളായിരുന്നു എന്‍റെ സ്വപ്നങ്ങളില്‍ ആദ്യം വന്നിരുന്നത്
പക്ഷെ അതിന് വര്‍ണങ്ങള്‍ കൂടുതലായിരുന്നു. ഏഴല്ല ഏഴായിരം.
അറ്റുപോയൊരു ചിത്രശലഭത്തിന്‍റെ ചിറകുപോലെ ഞാനതില്‍
പാറി തെറിച്ചു നടന്നു.
ഇടയ്ക്കെപ്പോഴോ വീശിയടിച്ച കൊടുങ്കാറ്റില്‍ എന്‍റെ സ്വപ്‌നങ്ങള്‍
ഏഴായിരം നിറങ്ങള്‍ എവിടെയോ ചിതറി തെറിച്ചു പോയി.

“എന്താണിത് ഉറങ്ങൂ ഉറങ്ങൂ ശാന്തമായ്” ആരോ എന്‍റെ നെറ്റിയില്‍
തലോടുന്നു. ഞാന്‍ വീണ്ടും പതുക്കെ ഉറക്കത്തിലേക്ക് ഊളിയിട്ടു.
പാതിയില്‍ മുറിഞ്ഞ സ്വപ്‌നങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.

പക്ഷെ ഇപ്പോള്‍ മഴവില്ലുകള്‍ക്ക് നിറം മങ്ങുന്നു അവയുടെ
മദിപ്പിക്കുന്ന വര്‍ണങ്ങള്‍ ഒലിച്ചുപോകുന്നു.
കൈക്കുമ്പിളില്‍ കോരിയെടുക്കണോ.?
വേണ്ട ഞാനവയെ അവിടെയുപേക്ഷിച്ചു തിരിഞ്ഞു നടന്നു.

നെല്‍മണികള്‍ കൊത്തിയെടുത്ത് പറന്നുപോകുന്ന പറവകള്‍ അവയുടെ
ചുണ്ടുകളില്‍ നിന്ന് ഓരോ മണികള്‍ താഴെ വീഴുന്നു. ഞാനത് ആവേശത്തോടെ പെറുക്കിയെടുത്തു. ഒന്ന് രണ്ട് മൂന്ന് ‘ഹോ’
എന്‍റെ കൈകളില്‍ ഒതുങ്ങുന്നില്ല ഇതിനെന്താ ഭാരവും വര്‍ദ്ധിക്കുന്നുണ്ടോ?
പക്ഷെ എത്ര നിസ്സാരമായിട്ടാണ് ആ ചെറുകിളികള്‍ അത് കൊത്തി
പെറുക്കി പോകുന്നത്

ബീപ് ബീപ് ‘ശെ’ ഞാന്‍ വീണ്ടും എഴുന്നേറ്റു.
“ഉറങ്ങൂ ഉറങ്ങൂ ശാന്തമായ് ഉറങ്ങൂ”
ആരോ വീണ്ടും എന്‍റെ നെറ്റിയില്‍ തലോടുന്നു. പക്ഷെ ഇപ്രാവശ്യം
എനിക്ക് ശരിക്കും ഉറങ്ങാന്‍ സാധിക്കുന്നില്ല നെറ്റിയിലുള്ള തലോടലിനൊപ്പം
എന്തോ ഒരു സാധനം ശിരസില്‍ ഇറുകുന്നു. എന്തായിരിക്കും?
പതുക്കെ ഒരു തരിപ്പ്. സ്വപ്‌നങ്ങള്‍ മഴവില്ലുകള്‍ ധാന്യമണികള്‍
എല്ലാം ചിതറി തെറിക്കുന്നു അത് ശരീരത്തിലാകമാനം പരക്കുന്നു.
ഇപ്പോള്‍ പുതിയൊരു സ്വപ്നം. പക്ഷെ എന്താണെന്ന് വ്യക്തമാകുന്നില്ല.

ചില വക്കുകള്‍ പൊട്ടിയ നിറങ്ങള്‍ പാതിയുടഞ്ഞ രൂപങ്ങള്‍
അപൂര്‍ണതയുടെ വക്കത്തെത്തി നില്‍ക്കുന്ന ശില്‍പങ്ങള്‍ അതിലാരോ
ചായം പൂശുന്നുണ്ട് എന്‍റെ അബോധമനസ്സാണോ അത്.?
പക്ഷെ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല എന്നെയൊന്ന് തിരിഞ്ഞു
നോക്കുന്നില്ല നോക്കിയാല്‍ ഒന്ന് പറയാമായിരുന്നു

“എല്ലാം പൂര്‍ണമാക്കിക്കോളൂ ഞാന്‍ പോവുകയാണ്”