Tuesday 10 December 2013

......?



മുത്തൂര്‍ക്കരയില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍ അയാള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടാകും.
ഞാനിപ്പോള്‍ എന്തിനാണ് ഇത്രയും ദൂരം ആരെയോ അന്വേഷിച്ചു വന്നത്.
എന്‍റെ ആരുമല്ല അവള്‍. പ്രണയിനിയോ.കൂട്ടുക്കാരിയോ. സഹോദരിയോ.
ആരുമല്ല. കൂടിയാല്‍ ഒരാഴ്ച അതിനിടയില്‍ ഒരു ദിവസ്സത്തെ പരിചയം.
പക്ഷെ കണ്ടുപിടിച്ചേ പറ്റൂ.
പുതുമുഖങ്ങളെ കാണുമ്പോഴുള്ള നാട്ടുക്കാരുടെ ചോദ്യങ്ങള്‍ നിറഞ്ഞ
കണ്ണുകളെ കബളിപ്പിച്ച്‌ വലിയ ഉറപ്പില്ലെങ്കിലും മുന്നില്‍ കണ്ട വഴിയിലേക്ക്ഞാന്‍ നടന്നു.
മുത്തൂര്‍ക്കര എന്നു കേട്ടപ്പോള്‍ തീരെ പുരോഗമനം കടന്നുചെല്ലാത്ത ഒരു
സ്ഥലം എന്നുള്ള എന്‍റെ സങ്കല്‍പ്പം പോളിച്ചെഴുതുന്നതായിരുന്നു
ഞാനവിടെ കണ്ട കാഴ്ചകള്‍.
ഒരു ടൌണ്‍ എന്നുവേണമെങ്കില്‍ പറയാം. അത്യാവശ്യം വലിയ
കടമുറികളും ഒരു ടാക്സി പാര്‍ക്കുമൊക്കെയായ് ഒരു സെന്റര്‍.
പല ദിക്കുകളിലേക്കായ് ചിതറിപ്പോകുന്ന പാതകള്‍ അതിലൊന്നിലെ
ചെമ്മണ്‍ പാതയിലേക്കാണ് ഞാനവളെ തേടി നടന്നത്.
എന്തോ. എന്‍റെ മനസ് പറയുന്നു. ഈ വഴി അവസ്സാനിക്കുന്നിടത്ത്
അവളുണ്ടാകും. ഇനി ഇല്ലെങ്കില്‍?
ശരിയായ പേരോ വിലാസമോ ഒന്നും അറിയില്ല.
എല്ലാവരോടും പറയാറുള്ളത് പോലെ ഒരു കള്ള പേര്. സ്ഥലം.
അതുതന്നെയാവുമോ എന്നോടും പറഞ്ഞിട്ടുണ്ടാവുക?
“അനുരാധ” അതായിരുന്നു എന്നോടവള്‍ പറഞ്ഞ പേര്.
പിന്നെ മുത്തൂര്‍ക്കര എന്നൊരു സ്ഥലവും. ഇത് രണ്ടുംവച്ച് ഈ സ്ഥലത്തെ ജനക്കൂട്ടത്തിനിടയില്‍ ഞാനവളെ കണ്ടുപിടിക്കണം.
ഓര്‍ത്തപ്പോള്‍ ഇന്നുതന്നെ തിരിച്ചുപോയാലോ എന്ന ചിന്ത എന്നില്‍
വരാതിരുന്നില്ല.
റോഡിലെ ചെമ്മണ്ണ്‍ അവിടെ വീശുന്ന വിളറിയ കാറ്റില്‍ അയാളുടെ വിയര്‍ത്ത നെറ്റിയില്‍ സ്ഥാനം പിടിച്ചിരുന്നു.
എന്നെ അത്ഭുതപ്പെടുത്തുകയും അതേ സമയം നിരാശപ്പെടുത്തുകയും
ചെയ്ത് ആ വഴി അവിടെ അവസ്സാനിച്ചിരിക്കുന്നു.
രണ്ടു വശങ്ങളിലായ് കെട്ടിയുയര്‍ത്തിയ ചെറിയ രണ്ട് മണ്‍ത്തിട്ടകള്‍.
അതില്‍ തട്ടിനില്‍ക്കുന്നു  ഞാന്‍ വന്ന വഴി.
അതിനുമുന്നില്‍ ചെറിയൊരു മുറ്റം. ഓലകൊണ്ട് മറച്ച ഒരു വീട്.
ചെറിയൊരു കൂരയാണെങ്കിലും വളരെ വൃത്തിയുള്ളത്. ഉമ്മറത്ത്‌
ഒരു ഫൈബര്‍ കസേര. ഒരു സൈഡില്‍ കിണ്ടിവെള്ളം വച്ചിരിക്കുന്നു.
‘ഇവിടെയാരുമില്ലേ?’ അകത്തു മൂടിക്കിടക്കുന്ന ഇരുട്ടിലേക്കു നോക്കി
ഞാന്‍ ചോദിച്ചു.
‘ആരാ?’ പുറകില്‍ നിന്നൊരു ചോദ്യം.
എകദേശം ഒരറുപത്‌ വയസ്സുള്ള ഒരു സ്ത്രീ. 
എന്തോവലിയ പണിയിലായിരുന്നെന്നു വ്യക്തം. അവരുടെ കറുത്ത നിറമുള്ള മുഖത്തുംനഗ്നമായ ചുക്കിച്ചുളിഞ്ഞ വയറിലും വിയര്‍പ്പുമണികള്‍ തൂങ്ങി കിടക്കുന്നു.
‘അനുരാധ’ ഞാന്‍ പെട്ടെന്ന് പറഞ്ഞുപോയ്.
അവര്‍ എന്‍റെ തൊട്ടുമുന്നില്‍ വന്നുനിന്നു. ‘ആര്?’
‘അല്ല അനുരാധയുടെ വീടാണോ ഇത്’
‘മോനെവിടുന്നാ?’ അവര്‍ അല്‍പ്പം സ്നേഹത്തോട് കൂടി ചോദിച്ചു.
‘ഞാന്‍ കുറച്ചു ദൂരെനിന്നാ അനുരാധ എന്നൊരു കുട്ടിയെ അന്വേഷിച്ചു
വന്നതാ.
‘ഇപ്പോഴത്തെ പെണ്‍പിള്ളാരുടെ പേരൊന്നും പറഞ്ഞാല്‍ നിക്കറിയില്ല.
അച്ഛന്‍റെയോ അമ്മയുടെയോ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ഞാനറിഞ്ഞേക്കും.
അവര്‍ ചവിട്ടുപടിയില്‍ ഇരിപ്പുറപ്പിച്ചു.
പെട്ടെന്നൊരു ഓര്‍മ എന്നില്‍ കത്തി. ഒരു കൗതുകത്തിന് ഞാനെടുത്ത അവളുടെ ഫോട്ടോ എന്‍റെ മൊബൈലില്‍ കാണണം. ഞാനൊന്ന്
തിരഞ്ഞുനോക്കി. 
‘ഇതാണ് ഞാന്‍ പറഞ്ഞ കുട്ടി അറിയുമോ?’
ഞാന്‍ മൊബൈല്‍ അവരുടെ നേരെ നീട്ടി.
‘ഇത് രാഗിണിയല്ലേ?’
‘രാഗിണിയോ?’ എനിക്ക് അമ്പരപ്പുണ്ടായില്ല ഞാനത് പ്രതീക്ഷിച്ചതാണ്.
‘അതേ ഇവിടുത്തെ മേലേപുറം തറവാട്ടിലുള്ളതാ. അവിടെ കാണുന്ന
തുണിക്കടയില്‍ ചോദിച്ചാല്‍ അറിയാം. അതവരുടെ കടയാ,’
ഞാന്‍ തിരിഞ്ഞു നടന്നു. അവരോടൊരു നന്ദി പോലും പറഞ്ഞില്ല.
അവരത് പ്രതീക്ഷിക്കുന്നില്ലെന്നെനിക്ക്‌ തോന്നി.
‘രാഗിണി’ ‘അനുരാധ’ ഏതാവും സത്യം.?
വലിയൊരു ഷോപ്പിംഗ്‌മാള്‍ എന്നുതന്നെ പറയാം.
ഞാന്‍ ഉള്ളിലേക്ക് കയറി. വെളുത്തു മെലിഞ്ഞൊരു പെണ്‍കുട്ടി
പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
‘എന്താണ് സാര്‍ വേണ്ടത്’
എന്‍റെ കണ്ണുകള്‍ ആ ഷോപ്പിംഗ്‌മാളിന്‍റെ ഉടമയെ തിരയുകയായിരുന്നു.
‘എനിക്കിതിന്‍റെ ഉടമസ്ഥനെ ഒന്ന് കാണാന്‍ പറ്റുമോ?’
‘ഓ ഷുവര്‍ സാര്‍ വരൂ’
അവളെന്നെയുംകൂട്ടി അകത്തേക്ക് കയറി.
വലിയൊരു കൗണ്ടറിനപ്പുറത്ത് ലാപ്ടോപിലെക്കും കണ്ണുംനട്ടിരിക്കുന്ന ഒരാള്‍. മുതലാളിയാണെന്നു വ്യക്തം.
അയാള്‍ ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
‘ഞാന്‍ ബിസിനസ് സംസാരിക്കാന്‍ വന്നതല്ല. ഒരാളെ തിരക്കി വന്നതാണ്’
‘നിങ്ങളോട് ചോദിച്ചാല്‍ അറിയാന്‍ പറ്റുമെന്ന് ഞാന്‍ വിശ്യസിക്കുന്നു’
അയാള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
‘അനുരാധ എന്നൊരു കുട്ടിയെ അന്വേഷിച്ചു വന്നതാണ് ഞാന്‍’
‘പക്ഷെ ഇവിടെയെത്തിയപ്പോള്‍ അവള്‍ രാഗിണിയായ് മാറിക്കഴിഞ്ഞിരിക്കുന്നു’
ഞാന്‍ മൊബൈല്‍ അയാളുടെ നേര്‍ക്ക്‌ നീട്ടി.
അയാളുടെ മുഖത്തെ പുഞ്ചിരി അല്പം മാഞ്ഞു.
‘നിങ്ങള്‍ക്കെങ്ങനെ ഇവളെയറിയാം?’
‘എന്‍റെ കൂടെ ജോലിയിലുണ്ടായിരുന്ന ഒരു കുട്ടിയാ. പക്ഷെ ഇപ്പോള്‍
കുറച്ചു ദിവസ്സമായ് അവള്‍ അപ്രതക്ഷ്യമാണ്’
എന്‍റെ നാവില്‍ വന്ന ഒരു നുണ ഞാനറിയാതെ പുറത്തുവന്നു.
‘നിങ്ങളുടെ കൂടെയോ?’ അയാളുടെ മുഖത്ത് ആശ്ചര്യം.
‘ഒന്നുകില്‍ നിങ്ങള്‍ക്ക് ആളുതെറ്റി’ ‘അല്ലെങ്കില്‍!
‘അല്ലെങ്കില്‍’ അതിന്‍റെ അര്‍ഥം ഞാന്‍ ഊഹിച്ചു.
‘രാഗിണി എന്‍റെ സഹോദരന്‍റെ മകളാണ്’ ‘പക്ഷെ രണ്ടു വര്‍ഷമായ് അവള്‍ ഈ ലോകത്തില്ല’
അയാള്‍ മേശയില്‍ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്കു തന്നു.
ഒരു വേള എന്‍റെ ശ്യാസം ഒന്ന് നിശ്ചലമായി. ഞാന്‍ തിരക്കി നടക്കുന്നവള്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു പോയെന്നോ?
“നോ” ഞാനലറി. ‘ഒരിക്കലുമില്ല രണ്ടാഴ്ച മുന്‍പ് ഇവളെന്‍റെ കൂടെയുണ്ടായിരുന്നു’
ഞാന്‍ മേശയില്‍ ആഞ്ഞടിച്ചു.
‘സുഹൃത്തേ എനിക്കു നിങ്ങളോട് നുണ പറയേണ്ട ആവശ്യമില്ല’
‘എന്‍റെ മകനാണ് അവളുടെ ചിതയ്ക്ക് തീ കൊളുത്തിയത്’
‘നിങ്ങള്‍ കണ്ടത് വേറെ ആരെയെങ്കിലുമായിരിക്കും’
‘അല്ലെങ്കില്‍തന്നെ ഇതു ചോദിക്കാന്‍ നിങ്ങളാരാ?'
‘ആരുമല്ല’ ‘ആരുമല്ല’ പതുക്കെ പിറുപിറുത്തുകൊണ്ട് ഞാന്‍ സമനില
തെറ്റിയവനെപോലെ എഴുന്നേറ്റു പുറത്തേക്കു നടന്നു.
എന്‍റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പുറത്തേക്ക് വന്നു.
“ഒരു ദിവസ്സത്തെ കാമം തീര്‍ക്കാന്‍ ഞാന്‍ വാടകയ്ക്കെടുത്തവള്‍.
എന്തിനുവേണ്ടി ഞാനവളെ തിരയുന്നു.?
ഇത്രയും വലിയ വീട്ടില്‍ ജനിച്ചവളെന്തിനു ഈ വഴി തിരഞ്ഞെടുത്തു.?
രണ്ടുവര്‍ഷം മുന്‍പ് മരിച്ചവള്‍ എങ്ങനെ എന്നോടൊത്തു ശയിച്ചു”.?
പോകാന്‍ നേരം അവളെന്നോട് പറഞ്ഞ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങി.
‘ഇനിയെന്നെ വിളിക്കരുത്. അന്വേഷിക്കരുത്. ഒരു രാത്രിക്ക് വേണ്ടി വന്നു
അതുപോലെ പോയ്‌ അത്രമാത്രം’
ഇനി ഈ നാട്ടുകാര്‍ എന്നോട് കള്ളം പറയുകയാണോ?
ആണെങ്കില്‍ എന്തിന്? ഇനി കള്ളം പറയുന്നത് ഞാന്‍ തന്നെയാണോ?
ഒന്നും വ്യക്തമല്ല.
റോഡരികില്‍ ബള്‍ബുകള്‍ വെളിച്ചം വിതറി തുടങ്ങിയിരുന്നു.
അനുരാധയെ കുറിച്ചുള്ള എന്‍റെ ആദ്യത്തെ തിരച്ചില്‍ ഇവിടെ കഴിഞ്ഞിരിക്കുന്നു.
തല്‍ക്കാലം നാട്ടിലേക്ക് മടങ്ങാം.
ശ്രീ മുരുകന്‍റെ പേരുള്ള ബസ്സ്‌ എന്‍റെയടുത്ത് നിരങ്ങിനിന്നു.
എന്നെയും വഹിച്ചുകൊണ്ട് ആ വാഹനം നീങ്ങിത്തുടങ്ങി.
ഇതിലുള്ള യാത്രക്കാരെല്ലാം മുത്തൂര്‍ക്കരയില്‍ ആരെയെങ്കിലും തിരക്കി
വന്നതാവുമോ?
ബസ്സില്‍ ഏതോ തമിഴ് പാട്ട് വച്ചിരിക്കുന്നു. പക്ഷെ ആരും അത്
ശ്രദ്ധിക്കുന്നില്ലെന്നെനിക്ക്‌ തോന്നി.
ഇനി നാലഞ്ചു മണിക്കൂര്‍ എടുക്കും നാട്ടിലെത്താന്‍ അതുവരെ ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍.
‘ക്ഷീണിച്ചോ എന്നെ തേടി നടന്ന്’ അനുരാധയുടെ ശബ്ദം.
ഞാനൊന്ന് ഞെട്ടിതിരിഞ്ഞ് പുറകിലേക്ക് നോക്കി.
ഇല്ല പുറകില്‍ രണ്ടു ചെറുപ്പക്കാര്‍ ഇരുന്നുറങ്ങുന്നു.
തിരക്കേറിയ റോഡിലൂടെ ബസ്സ് ഒരു മെയ് വഴക്കം വന്ന അഭ്യാസിയുടേത് പോലെ ഒഴുകി നീങ്ങി.
‘മധുവേട്ടാ’ ‘മധുവേട്ടാ’ ഉറക്കം തടസ്സപ്പെടുത്തി വേലന്‍റെ ശബ്ദം കാതുകളില്‍ മുഴങ്ങി.
പാതിരാത്രി എപ്പോഴോ ആണ് വന്നുകിടന്നത് ഉറക്കം മതിയായില്ല.
അപ്പോഴേക്കും ഓരോരുത്തരായ് വന്നുതുടങ്ങി.
ഞാന്‍ എഴുന്നേറ്റു മൊബൈല്‍ നോക്കി.
‘ഓ’ പന്ത്രണ്ട് മിസ്സ്‌ കോള്‍ എല്ലാം ടോണിയുടെ.
സമയം നോക്കിയപ്പോള്‍ 10.30 ആകുന്നു.
‘മധുവേട്ടാ’ പിന്നെയും അവന്‍റെ വിളി.
‘വേലന്‍’ ഫ്ലാറ്റിലെ എല്ലാവരുടെയും ഒരു സഹായി എന്ന് വേണമെങ്കില്‍ പറയാം. എന്തു കാര്യവും വിശ്യസിച്ച് ഏല്‍പ്പിക്കാം.
അവനേപറ്റി മറ്റുള്ളവരെ പോലെ കൂടുതലൊന്നും എനിക്കും അറിയില്ല.
ഞാന്‍ ഇവിടെ വന്നതുമുതല്‍ അവന്‍ എന്റടുത്ത് വരുന്നു.
‘എന്താ വേലാ?’ ഉറക്കം നഷ്ടപ്പെടുത്തിയതിലുള്ള നീരസം ഞാന്‍ മുഖത്തോളിപ്പിച്ചു ചോദിച്ചു.
‘ടോണിചേട്ടന്‍ എന്നെ വിളിച്ചിരുന്നു മധുവേട്ടനെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു’
‘അതുകൊണ്ട് എന്നെ പറഞ്ഞു വിട്ടതാ’ ഉച്ചയാകുമ്പോഴേക്കും ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്’
‘ആ ഞാന്‍ പൊയ്ക്കോളാം’
നഗരത്തിന്‍റെ മുഖച്ഛായ മാറ്റിമറിക്കുന്നവര്‍ കൂട്ടമായ്‌ ഇരിക്കുന്ന സ്ഥലം
അതില്‍ ടോണിയും ഒരു പങ്കാളി.
എന്നെ കണ്ടപാടെ അവന്‍ ഒന്ന് ചിരിച്ചു.
‘ഓ നീ വന്നോ? ഞാന്‍ ഹാഫ്ഡേ ലീവ് പറഞ്ഞിട്ടുണ്ട് നീ വന്നിട്ട് കണ്‍ഫോം ചെയ്യാമെന്ന് കരുതി. നീ ഇരിക്ക് ഞാന്‍ എം ഡി യെ കണ്ടിട്ട് വരാം.
അവനെന്നെയും കൊണ്ടുപോയത് അവിടെതന്നെയുള്ള ഒരു ചെറിയ കുട്ടികളുടെ പാര്‍ക്കിലേക്കായിരുന്നു.
‘എന്തായ് നീ പോയിട്ട്?
‘അവള്‍ അനുരാധയല്ല രാഗിണി’
‘ഉം’ അവന്‍ ആകാംക്ഷയോടെ എന്നെ നോക്കി.
‘പക്ഷെ അതല്ല രസം. അവള്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചുപോയിരിക്കുന്നു’
ഞാന്‍ അവിടെ സംഭവിച്ചതെല്ലാം ടോണിയോടു പറഞ്ഞു.
‘ഇതാണ് എനിക്ക് കിട്ടിയ വിവരം’
‘ഇനി ഞാനെന്ത് ചെയ്യും ടോണി?’
‘അല്ല മധു ഞാന്‍ വേറൊരു കാര്യം ചോദിക്കട്ടെ?’
അവന്‍ ഒച്ചയല്‍പ്പം താഴ്ത്തി.
‘നിനക്കെന്തിനാ അവളെ?’ ‘ആദ്യമായ് കൂടെകിടന്നവളോട് നമ്മള്‍
പുരുഷന്മാരെ സംബന്ധിച്ച് ഒരു താല്പര്യം തോന്നാം.പക്ഷെ ഞാന്‍ നിന്നില്‍ കാണുന്നത് അതല്ല. എനിക്കെന്തോ ചെറിയൊരു ഭയം തോന്നുന്നു’
‘അറിയില്ല ടോണി എനിക്കറിയില്ല. ഞാനെന്തിന് അവളെ തേടുന്നുവെന്ന്’
‘പക്ഷെ കുറച്ചു ദിവസ്സമായ് ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ്‌ ആണ്’
ടോണിക്ക് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയൂ’
ഞാന്‍ അപേക്ഷാഭാവത്തില്‍ അവനെ നോക്കി.
‘ഞാനവളെ നിനക്ക് പരിചയപ്പെടുത്തി എന്നുള്ളത് നേരാ. പക്ഷെ അനുരാധ എന്ന പേരുപോലും നീ പറഞ്ഞാ ഞാനറിയുന്നത്’
‘ആ പിന്നെ നീ പോയതിന് ശേഷം ഞാന്‍ അവളെ കണ്ട റസ്റ്റോറന്റിലേക്ക്‌ പോയിരുന്നു. ആ വെയ്റ്റര്‍ ചെക്കന്‍ തന്ന നമ്പരാ നിന്നോട് പറഞ്ഞിട്ട് വിളിക്കാമെന്നു കരുതി’.
ഞാനത് തട്ടി പറിച്ചു.  ‘ഇപ്പോള്‍തന്നെ വിളിച്ചാലോ? ടോണി’
‘ഉം നീ വിളിച്ചു നോക്ക്’
ഞാന്‍ ആകാംക്ഷയോടുകൂടി ഓരോ നമ്പരും മൊബൈലില്‍ തൊട്ടു.
ഒരു കിളി നാദം ‘സോറി നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച് ഓഫ്‌ ചെയ്തിരിക്കുന്നു ദയവായ് അല്‍പ്പസമയം കഴിഞ്ഞു വിളിക്കുക’
‘ശ്ശെ’ ഞാന്‍ തലയില്‍ തട്ടി.
‘എന്താ മധു വിട്ടുകള ഇനിയതിനെപറ്റി ചിന്തിക്കേണ്ട. പോട്ടെ’
‘നീ ഇന്ന് എന്‍റെ കൂടെ കൂടുന്നോ? അതോ ഫ്ലാറ്റിലേക്ക് പോകുന്നോ?’
അവന്‍ എഴുന്നേറ്റു 
‘ഇല്ല ടോണി നീ പൊയ്ക്കോ ഞാന്‍ കുറച്ചുകഴിഞ്ഞ് പൊയ്ക്കോളാം’
അവന്‍ കണ്ണില്‍ നിന്ന് മായുന്നത് വരെ ഞാനവനെയും നോക്കി ഇരുന്നു.
അറിയാതെ എന്‍റെ വിരലുകള്‍ വീണ്ടും മൊബൈലിലെ അക്കങ്ങളില്‍ പതിഞ്ഞു.....

അസ്തമയ സൂര്യന്‍റെ ചുവപ്പ് രാശിയോടുകൂടി ശാന്തതയോടെ പതഞ്ഞൊഴുകുന്ന തിരകള്‍ കാലുകളില്‍ വന്നുതട്ടി എന്നെ നനച്ചുകൊണ്ട്
തിരികെ പോയ്‌.
കുങ്കുമ സൂര്യന്‍ അവളുടെ കവിളില്‍ മറ്റൊരു രൂപം തീര്‍ത്തു.
നീണ്ട മുടിയിഴകള്‍ അവിടുത്തെ നനഞ്ഞ കാറ്റില്‍ ഓരോ ഇതളുകളായ്
പാറി കളിച്ചു.
കുതിര്‍ന്ന മണല്‍ തരികളില്‍ സ്വയം തീര്‍ത്ത ദ്വാരങ്ങളില്‍ നിന്നും ചെറു ഞണ്ടുകള്‍ കുസൃതിയോടെ അവളുടെയടുത്തേക്ക്‌ ഓടിയടുത്തു.
“അനുരാധ”
അവളുടെ കവിളില്‍ തിളങ്ങുന്ന സൂര്യരശ്മികള്‍. അതെന്നില്‍ തട്ടി തെറിച്ചു.
‘ഞാന്‍ പറഞ്ഞതല്ലേ ഇനിയെന്നെ കാണാന്‍ ശ്രമിക്കരുതെന്ന്. പിന്നെന്തിനാ
നീ വീണ്ടും വീണ്ടും എന്‍റെ പിന്നാലെ?’
‘പക്ഷെ അനുരാധാ! ഞാന്‍ നിന്നെക്കുറിച്ച് അറിഞ്ഞത്? അതെങ്കിലും എനിക്ക് മനസ്സിലാക്കിത്തരൂ.
ശാന്തമായ് ഒഴുകിയ തിരകള്‍ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.
‘എന്തിന് നീ അതറിയണം? നിന്‍റെ ഒരു ദിവസ്സത്തെ ദാഹത്തിന് വേണ്ടി ഞാന്‍ വന്നു. അതുപോലെ തിരിച്ചു പോയി. അതവിടെ അവസ്സാനിച്ചേ പറ്റൂ’.
‘അല്ലെങ്കില്‍ നീയതറിയാന്‍ ഒരുപാട് അനുരാധമാരെ തേടി നടക്കേണ്ടി വരും’.
അവളുടെ കവിളിലെ ചുവപ്പ് നിറം മായ്ച്ചുകളഞ്ഞ് തിരകള്‍ക്കിടയില്‍
എന്‍റെ ആകാംക്ഷകളെക്കാള്‍ വേഗത്തില്‍ സൂര്യന്‍ ഒളിച്ചിരുന്നു...
പത്താമത്തെ അക്കവും കഴിഞ്ഞ് പച്ച ബട്ടണില്‍ വിരലമര്‍ത്തി ഞാന്‍
മൊബൈല്‍ ചെവിയോട് ചേര്‍ത്തു.

“സോറി നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു”