Sunday 30 March 2014

കൊറ്റന്‍ കുളങ്ങരയിലെ പുരുഷാംഗനമാര്‍

പ്രൊജക്റ്റിന്‍റെ ഭാഗമായ് ചമയവിളക്കിനെപറ്റി കേട്ടിട്ടുണ്ടെങ്കിലും
ആദ്യമായാണ്‌ കൊറ്റന്‍ കുളങ്ങരയില്‍ പോകുന്നത്.
സെറ്റുസാരിമുതല്‍ അള്‍ട്രാ മോഡല്‍ വസ്ത്രങ്ങള്‍ വരെയുടുത്ത്
വരിവരിയായ് നില്‍ക്കുന്ന അതിസുന്ദരിമാരെ കണ്ടപ്പോള്‍ അറിയാതെ
മനസ്സൊന്ന് ഇളകിപ്പോയോ..?
ഇന്നലെ വരെ തങ്ങളുടെ മുന്‍പില്‍ മീശ പിരിച്ചു പൗരുഷത്തോടെ
നിവര്‍ന്നു നിന്ന തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ നാണം കുണുങ്ങി സാരിയുടുത്ത് നമ്രശിരസ്കരായി നില്‍ക്കുന്നത് അല്‍പ്പം കുസൃതിയോടെ നോക്കിനില്‍ക്കുന്ന ഭാര്യമാര്‍. പക്ഷെ അവരുടെ മുഖത്ത്കുസൃതിയെക്കാളേറെ നിറഞ്ഞു നില്‍ക്കുന്നത് ദേവിയോടുള്ള ഭക്തിയാണ്.


സ്ത്രീവേഷം കെട്ടി അണിഞ്ഞൊരുങ്ങാന്‍ മേക്കപ്പ് പുരകളും അതുപോലെ
സുന്ദരിമാര്‍ക്ക് ഫോട്ടോയെടുക്കാന്‍ താല്‍ക്കാലിക സ്റ്റുഡിയോകളും ധാരാളം.
ഈ രണ്ട് ദിവസങ്ങളിലുമായ് ആയിരക്കണക്കിന് പുരുഷാംഗനമാരാണ്
വിളക്കെടുക്കാന്‍ വരുന്നത് സ്ത്രീ വേഷത്തില്‍ വിളക്കെടുത്ത് പ്രാര്‍ഥിച്ചാല്‍ തങ്ങളുടെ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.

ചമയവിളക്കിനെകുറിച്ച് കേട്ടറിവില്ലാത്തവര്‍ കണ്ണെഴുതി പൊട്ടുതൊട്ട്
മുല്ലപ്പൂ ചൂടി കൊലുസും വളയുമണിഞ്ഞു നില്‍ക്കുന്ന സ്ത്രീവേഷങ്ങള്‍ കണ്ടാല്‍ ആ നില്‍ക്കുന്നത് പെണ്‍വേഷം കെട്ടിയ ആണുങ്ങളാണെന്ന്‌ പറഞ്ഞാലും വിശ്യസിക്കില്ല.


ചമയവിളക്ക് ദിവസം ക്ഷേത്രപരിസ്സരത്തും റോഡരികിലും കാര്‍കൂന്തല്‍ കോതിയൊതുക്കി അണിഞ്ഞൊരുങ്ങി നാണം കുണുങ്ങി നില്‍ക്കുന്ന
അതിസുന്ദരിമാരെ കണ്ടാല്‍ ഉറപ്പിക്കാം അത് പുരുഷാംഗനമാരാണ്‌.
അവരെ ആസൂയയോടെ നോക്കി മാറി നില്‍ക്കുന്ന നിറം മങ്ങിയ
പാവകളാണ് യഥാര്‍ത്ഥ സ്ത്രീകള്‍.


കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം
-----------------------------------------------
കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ്. 
ഇവിടുത്തെ ചമയ വിളക്ക് ലോക പ്രശസ്തമായ ഒരു ആചാരമാണ്.
ഭക്ത സഹസ്രങ്ങള്‍ക്ക് അഭയവും ആശ്വാസവും അരുളുന്ന സ്വാതികഭാവത്തിലുള്ള സ്വയുംഭുവായ വനദുര്‍‍ഗയുടെ പുണ്യപുരാതന ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവിക്ഷേത്രം. 
തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്‍റെ പേരില്‍തന്നെ ആത്മീയതയുടെ പരിപാവനത്വം തുളുമ്പി നില്‍ക്കുന്നു.


ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പുരാതനകാലത്ത്‌ കാടുംപടലവും ഇടതൂ൪ന്ന്‌വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. ഇപ്പോഴത്തെ ക്ഷേത്രങ്കണത്തിന്‍റെ വടക്കുപടിഞ്ഞാറേ മൂലയക്ക്‌ ഭൂതകുളംഎന്നറിയപ്പെട്ടിരുന്ന ചെറിയ കുളം, ഇന്നുകാണുന്ന ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനത്ത് വിസ്തൃതമായ ചിറ. വര്‍ഷകാലങ്ങളില്‍ ഇവ രണ്ടും കരകവിഞ്ഞ് സമീപത്തുള്ള പാടങ്ങളിലേക്ക് ഒഴുകുന്നു.
പുല്ലും വെള്ളവും സുലഭമായ ഈ പ്രദേശത്ത് സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കാന്‍ ഇടം കണ്ടെത്തി. ഒരു ദിവസം അടര്‍ന്നുവീണുകിട്ടിയ നാളീകേരം ഭൂതക്കുളത്തിന് തെക്കുകിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍വച്ച് തൊണ്ട് നീക്കംചെയ്യാന്‍ ശ്രമിക്കവേ ലോഹക്ഷണം കല്ലില്‍ തട്ടിയപ്പോള്‍ ശിലയില്‍നിന്ന് നിണം വാര്‍ന്നുവന്നു പരിഭ്രാന്തരായ അവര്‍ വീടുകളിലെ മുതിര്‍ന്നവരെ വിവരം ധരിപ്പിച്ചു.
നാട്ടുപ്രമാണിയുടെ നേതൃതത്തില്‍ പ്രശ്നം വയ്പിച്ചു നോക്കിയപ്പോള്‍ ശിലയില്‍ സാതികഭാവതില്ലുള്ള വനദുര്‍‍ഗ കുടികൊള്ളുന്നുവെന്നും നാടിന്‍റെയും നാട്ടുകാരുടെയും ഐശ്വര്യത്തിന്നുവേണ്ടി ക്ഷേത്രം നിര്‍മിച്ചു പൂജാദികര്‍‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്നും കാണാ൯കഴിഞ്ഞു. അന്നേദിവസംമുതല്‍ നാളീകേരം ഇടിച്ചുപിഴിഞ്ഞെടുത്ത് കൊറ്റന്‍ ദേവിക്ക് നിവേദ്യമായി നല്‍കി.

കുമാരന്മാര്‍ ബാലികമാരായ് വേഷമണിഞ്ഞ്‌ ദേവിയുടെ മുന്നില്‍ വിളക്കടുത്തു. ദിവ്യശിലയ്ക്ക് ചുറ്റും കുരുത്തോലപ്പന്തല്‍കെട്ടി വിളക്കുവച്ചു. കുളക്കരയിലെ സ്വയുംഭുവായ വനദുര്‍‍ഗയുടെ ക്ഷേത്രം പിന്നീട് കൊറ്റംകുളങ്ങര ക്ഷേത്രമായി അറിയപ്പെട്ടു. വായുമണ്ഡലം മേല്‍ക്കൂരയായി സങ്കല്പിക്കണമന്നും മേല്‍ക്കൂര പാടില്ലെന്നും ദേവപ്രശ്നവിധി ഉണ്ടായതിനാല്‍ താത്രികവിധിപ്രകരം നിര്‍മിച്ച മേല്‍ക്കൂരയില്ലാത്ത ശ്രീ കോവിലില്‍ ൠതുഭേദങ്ങളെല്ലാം തന്നിലാവാഹിച്ച് ശക്തിസ്വരുപിണിയും എന്നാല്‍ വാത്സല്യനിധിയുമായ ദേവി തന്‍റെ ഭക്തരില്‍ കാരുണ്ണ്യാമൃതവര്‍ഷം  ചൊരിഞ്ഞ് ഇവിടെ വാണരുളുന്നു.

ചമയ വിളക്ക്
.............................
എല്ലാ വര്‍ഷവും മീനം 10,11,തീയതികളില്‍ രാത്രിയില്‍ നടക്കുന്നതാണ് ചമയവിളക്ക്.
അഭീഷ്ടകാരൃസിദ്ധിക്കായി പുരുഷന്മാര്‍ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ വേഷംധരിച്ച് ചമയവിളക്കടുക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിവ്യ ശിലയ്ക്ക് ചുറ്റും കുരുത്തോല കെട്ടി ഗോപാല ബാലന്മാര്‍ നാണം കുണുങ്ങികളെപ്പോലെ വെള്ളക്ക മോടില്‍ വിളക്ക് വെച്ചതിന്‍റെ ഐതീഹ്യ പെരുമായാണ്  പുരുഷാംഗനമാരുടെ ചമയ വിളക്കിന്‍റെ ചരിത്രം.

ഭാരതത്തില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത അപൂര്‍വമായ പുരുഷാംഗനമാരുടെ ചമയ വിളക്ക് വൈകീട്ടുതന്നെ തുടങ്ങുമെങ്കിലും 
ചടങ്ങുകള്‍ നടക്കുന്നത് പുലര്‍ച്ചെ മൂന്നു മണിയോട് കൂടിയാണ് 

കിഴക്ക് കുഞ്ഞാലംമുട് മുതല്‍ അറാട്ടുകടവ് വരെ വരിവരിയായി നില്‍ക്കുന്ന ആയിരക്കണക്കിന് ചമയവിളക്കുകള്‍ക്ക് അനുഗ്രഹം ചൊരിയുന്നതിനായ്‌ ദേവി കുഞ്ഞാലംമൂട്ടില്‍ നിന്നും എഴുന്നളളുന്നു. ദേവിയുടെഎഴുന്നളളത്തു അവാച്യവും ഭക്തിനി൪ഭരവുമായ ആനന്ദാനുഭൂതിയാണ് ഭക്തജനങ്ങളില്‍  ഉളവാക്കുന്നത്.

വിളക്ക് കണ്ടു ആറാട്ട് കഴിഞ്ഞതിനു ശേഷം കല്‍പവൃക്ഷത്തിന്‍റെ  സ്വ൪ണവ൪ണാഭമായ കുരുത്തോലയും കമുകും വാഴപ്പോളയും കൊണ്ട് ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച പന്തലില്‍ ദേവി വിശ്രമിക്കുന്നു എന്നാണ് സങ്കല്‍പം

കുരുത്തോല പന്തലിന്‍റെ ചരിത്രം
----------------------------------------------------
ക്ഷേത്ര ഐതിഹ്യവുമായ്  ബന്ധപ്പെട്ടതാണ് കുരുത്തോലകള്‍ കൊണ്ടുള്ള താല്‍ക്കാലിക ക്ഷേത്രം . കുരുത്തോല കൊണ്ടുള്ള ശ്രീകോവിലില്‍ മുഖമണ്ഡപവും സായാഹ്ന സൂര്യന്‍റെ കിരണങ്ങലേറ്റ് നില്‍ക്കുന്ന കാഴ്ച്ച നയനാനന്ദകരമാണ് .

മണ്ണില്‍ സ്പര്‍ശിക്കാതെ മുറിച്ചെടുക്കുന്ന അടയ്ക്കാമരം, വാഴ, കുരുത്തോല എന്നിവ കയറോ ആണിയോ ഉപയോഗിക്കാതെ പ്രതേക കണക്കില്‍ ഒരുക്കിയെടുക്കുന്നു. പത്താം ഉത്സവത്തിന് കെട്ടുന്ന പന്തലിനുള്ള സാധനങ്ങള്‍ അന്നേ മുറിയ്ക്കുവാന്‍ പാടുള്ളൂ. ഇതിനുള്ള കല്‍പീഠങ്ങള്‍ കാക്കത്തിമാരാണു വൃത്തിയാക്കുന്നത്.
ഈ ജോലിക്ക് മുന്‍പ്‌ കരക്കാര്‍ക്ക് വെറ്റിലയും പുകയി‍ലയും ഉള്‍പ്പെടുന്ന ദക്ഷിണ നല്‍കി അനുവാദം വാങ്ങണം. കരക്കാ൪ തിരിച്ചും ദക്ഷിണ നല്‍കുന്നു. കുരുത്തോല പന്തല്‍ കെട്ടുന്നതിന്നുള്ള അവകാശം തണ്ടര്‍ സമുദായതിനാണ്

ഐതിഹ്യം: കടപ്പാട് 





Wednesday 19 March 2014

മോക്ഷം..

‘എന്തിനും ഇനിയൊരു സഹായിയെ കണ്ടെത്തണം’
രൂപ വന്നുപോയത്തിനു ശേഷമാണ് ഞാനും അതിനെപറ്റി ആലോചിച്ചത്.
‘ഒരു സമയത്തും നിര്‍ത്താതെ ചില്ലുനൂലുകള്‍ താഴോട്ടു വരിയിടുന്ന
ആ നശിച്ച ദിവസ്സത്തില്‍ വെള്ളത്തുണി കൊണ്ട് മൂടിയത് നിന്‍റെ
ജീവിതമായിരുന്നില്ല ഒരുപക്ഷെ നീയുണ്ടല്ലോ അവളെ സാക്ഷിയാക്കി
നീ വരച്ച ചിത്രങ്ങളുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കും യാതൊരുവിധ വിഷമവും കൂടാതെ അവള്‍ പോയത്’

പക്ഷെ എനിക്കപ്പോള്‍ രൂപയോട്‌ മറുപടി പറയാന്‍ തോന്നിയില്ല
എല്ലാം മൂളി കേട്ടു. ഇനിയും ഒരു സഹായി.?
സഹായി മാത്രമല്ലായിരുന്നല്ലോ എനിക്കവള്‍. ഞാനതെങ്ങനെ രൂപയോട്‌
പറഞ്ഞു മനസ്സിലാക്കും.?

ക്യാന്‍വാസ് എടുത്തുവച്ച് ചായകൂട്ടുകള്‍ കലക്കി ഒരാവേശത്തോടെ
എന്തൊക്കെയോ കോറിവരച്ചു.
ആറിതുടങ്ങിയ കിതപ്പിനിടയില്‍ സസൂക്ഷ്മം തന്‍റെ ചിത്രത്തെ അവന്‍
ഒരിക്കല്‍ക്കൂടി വിലയിരുത്തി.

മഞ്ഞയുടെയും പച്ചയുടെയും ചുവപ്പിന്‍റെയും ഇടയില്‍ ഞാന്‍ കലക്കാത്ത
വെളുത്ത നിറം എങ്ങനെവന്നു.? 
വെള്ളയുടെ അറ്റത്ത്‌ വിരലുകള്‍ കൂട്ടിക്കെട്ടിയ ചുവപ്പ് പാദങ്ങള്‍. ഇതെങ്ങനെ സംഭവിച്ചു.?
ഇതൊന്നുമല്ലായിരുന്നല്ലോ ഞാന്‍ വരച്ചത്.?

മോക്ഷപ്രാപ്തിക്കായ് ഗംഗയില്‍ മുങ്ങുന്ന മനസ്സോടെയാണ്
പിന്നെയവനാ ചായകൂട്ടുകളെ സ്പര്‍ശിച്ചത്.

പലവിധ നിറങ്ങള്‍ സിരസ്സിലൂടെ ഒലിച്ചിറങ്ങി ഒടുവില്‍ ബ്രഷുകളാല്‍

കവിത വരച്ച ആ ചിത്രകാരന്‍ സ്വന്തം ക്യാന്‍വാസില്‍ തന്നെ തളര്‍ന്നു വീഴുമ്പോള്‍ നിറങ്ങള്‍ ചാലിച്ച അവന്‍റെ മുടിയിഴകളെ പ്രതലമാക്കി പുതിയ ചിത്രങ്ങളെ വരച്ചുകൊണ്ടിരുന്നത് രൂപയുടെ കൈകളായിരുന്നു.