Saturday 19 April 2014

ജീവന്‍ വെയ്ക്കാത്ത കുടം

ഒന്നും കാണരുത്. ഒന്നും കേള്‍ക്കരുത്‌. ഒന്നും മിണ്ടരുത്.
കാഴ്ചയുണ്ടായിട്ടും നമ്മള്‍ അന്ധത നടിക്കുക.
കര്‍ണങ്ങളുണ്ടായിട്ടും നമ്മള്‍ ബധിരത നടിക്കുക.
നാവുണ്ടായിട്ടും നമ്മള്‍ നിശബ്ദത പാലിക്കുക.

കാണേണ്ടത് കണ്ടാല്‍ നമ്മുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടും.
കേള്‍ക്കേണ്ടത് കേട്ടാല്‍ നമ്മുടെ ചെവികളില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടും.
ശബ്ദമുയര്‍ത്തേണ്ടി വന്നാല്‍ നമ്മുടെ നാവ് പിഴുതെടുക്കപ്പെടും.

പാപങ്ങളുടെ പ്രായശ്ചിത്തമായി മാതൃത്വത്തെ അവഹേളിച്ച് തനിക്കുണ്ടായ
മക്കളെയെല്ലാം ദൂരെ എറിഞ്ഞുകളഞ്ഞ മഹാനായ പിതാവിന്‍റെ പതിനൊന്നാമത്തെ മകന്‍റെ മറ്റൊരു പ്രതിരൂപമാണ് നമ്മളെല്ലാവരും.
നമ്മുടെ സഹോദരിമാരുടെ ഉടുതുണി വലിച്ചുകീറുന്നത് നമുക്ക് അല്‍പ്പം
സഹതാപത്തോടെയും വിഷമത്തോടെയും കൈകള്‍ കെട്ടി നോക്കി നില്‍ക്കാം
ദ്വാപരയുഗം കഴിഞ്ഞല്ലോ എന്ന ചിന്തയോടെ.
അല്ലെങ്കിലും പ്രതികരിക്കാന്‍ നമുക്കെന്തവകാശം.?
മാതൃവാക്കിനെ ശിരസാ വഹിച്ചു അഞ്ച് പുരുഷന്മാരോടൊത്ത് ശരീരം
പങ്കു വച്ച സ്ത്രീയില്‍ ജനിച്ച മക്കളല്ലേ നമ്മളെല്ലാവരും.

ഭ്രാന്ത് പിടിച്ച ഭരണകൂടം ഉയരങ്ങളിലേക്ക് ഉരുട്ടി കയറ്റുന്ന കല്ലുകളെ
നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം പൊട്ടിക്കരയാം അത് താഴേക്ക്
തള്ളിയിടാന്‍ ഇനിയൊരു ഭ്രാന്തന്‍ ജന്മം കൊള്ളില്ലല്ലോ എന്നോര്‍ത്ത്.
അന്ധത നടിക്കുന്ന സ്ത്രീയുടെ മാംസപിണ്ഡം പകുത്ത് കുടങ്ങളിലാക്കിയപ്പോള്‍ എണ്ണം പിഴച്ചതാണ് നൂറ്റിയൊന്നല്ല
നൂറ്റിരണ്ട് കുടങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ നൂറ്റിരണ്ടാമത്തെ കുടം
മാത്രം ആരും ശ്രദ്ധിച്ചിട്ടില്ല.
നൂറ്റിയൊന്ന് ജന്മങ്ങളും നമ്മളായിരുന്നു. ഇനി ബാക്കിയുള്ള ആ
മാംസപിണ്ഡത്തിനു ഇനിയും ജീവന്‍ വെച്ചിട്ടില്ല.

അതിന് ജീവന്‍ വയ്ക്കുന്നതിനോടൊപ്പം എല്ലാം പോളിച്ചെഴുതേണ്ട സമയമുണ്ടാകും അന്നാണ് പുരാണങ്ങള്‍ മാറ്റിയെഴുതപ്പെടുക.
അന്നാണ് പല നിയമങ്ങളും അരക്കില്ലത്തില്‍ ചുട്ടെരിക്കപ്പെടുക.
അന്നാണ് നമുക്ക് കാഴ്ച്ചയും കേള്‍വിയും ശബ്ദവും തിരിച്ചു കിട്ടുക
പക്ഷെ നൂറ്റിരണ്ടാമത്തെ കുടം ഒരു സങ്കല്‍പ്പം മാത്രം.....




No comments:

Post a Comment