Sunday 20 April 2014

വഴിമാറുന്ന ഫേസ്ബുക്ക് സൗഹൃദങ്ങള്‍


മുഖപുസ്തകം എന്നാല്‍ സൗഹൃദങ്ങള്‍ക്കപ്പുറം വഞ്ചനകളുടെ ഒരു വലിയ
ലോകം ആണെന്നത് എന്താണ് ഇപ്പോഴും ആളുകള്‍ തിരിച്ചറിയാത്തത്.?
ഒരു സ്ത്രീ അതില്‍ അക്കൌണ്ട് തുടങ്ങുന്നത് ആദ്യം തന്‍റെ അടുത്ത ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയുമായി സംസാരിക്കാനും വിശേഷങ്ങള്‍
പങ്കുവയ്ക്കാനുമാണ്.
സമൂഹം സ്ത്രീകള്‍ക്ക് കല്‍പിച്ചിട്ടുള്ള സമയപരിമിതികളെ വെല്ലുവിളിച്ചുകൊണ്ട് പലരോടും തുറന്നു സംസാരിക്കാനുള്ള വേദി കൂടിയാണ് അവര്‍ക്ക് ഫേസ്ബുക്ക്.

വെറും അടുക്കള വിശേഷങ്ങള്‍ക്കപ്പുറം അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. വളരെ നല്ല കാര്യങ്ങള്‍തന്നെ.
പക്ഷെ സൗഹൃദങ്ങളുടെ എണ്ണം നമ്മളറിയാതെതന്നെ കൂടി പോകും.
പുറമേനിന്നുള്ള പലരോടും അറിയാതെ മനസു തുറക്കുന്നിടത്താണ് പ്രശ്നങ്ങളുടെ ആരംഭം.

സ്വന്തം ഭര്‍ത്താവിനോടോ മക്കളോടോ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചിലവഴിക്കാന്‍ തുടങ്ങുന്നു. തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ അതില്‍ ആളുണ്ടെന്ന തോന്നല്‍..

പക്ഷെ ആ ശ്രോതാവിന്‍റെ ലക്‌ഷ്യം എന്താണെന്ന് അവള്‍ തിരിച്ചറിയാതെ പോകുന്നു. നല്ല സൗഹൃദങ്ങളും ഉണ്ടാവാം ഇല്ലെന്നു തീര്‍ത്തും പറയുന്നില്ല..
പല അക്കൌണ്ടുകളും സ്ത്രീകളെ വശീകരിക്കാന്‍ തന്നെയാണ് നിര്‍മിക്കപ്പെടുന്നത്. തന്നോട് തുറന്നു സംസാരിക്കുകയും തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ മനസു കാണിക്കുകയും ചെയ്യുന്ന വ്യക്തിയെ അവള്‍ അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു. ആ അടുപ്പം പിന്നീട് വഴി മാറുന്നത് പ്രേമത്തിലേക്കും അതിനപ്പുറത്തേക്കും ആണ്.

ഭര്‍ത്താവിനേക്കാള്‍ തന്‍റെ കാര്യത്തില്‍ ശ്രദ്ധ വേറെ ഒരുവനുണ്ടെന്ന തോന്നല്‍ വരുന്നിടത്ത് എല്ലാ സീമകളെയും ലംഘിക്കാന്‍ അവള്‍ തയ്യാറാകുന്നു.
ഇത്തരം കാമുകന്മാര്‍ക്ക് ലക്‌ഷ്യം വേറെയാണെന്നത് ആ തോന്നലില്‍ അവള്‍ മറന്നു പോകുന്നു അല്ലെങ്കില്‍ തന്‍റെ ചുറ്റിനുമുള്ള കെട്ടുപാടുകള്‍ അവള്‍ മനപ്പൂര്‍വം മറക്കുന്നു.

വെറും ചാറ്റിലൂടെയും ഫോണ്‍ കോളിലൂടെയും കണ്ട മുഖങ്ങളല്ല ഒരു ചതുര സ്ക്രീനിനു മുന്‍പില്‍ ഉള്ളതെന്ന് സ്ത്രീയും പുരുഷനും മനസിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.
ഇതുപോലൊരു പ്രണയമാണ് ഒന്നുമറിയാത്ത ഒരു കുഞ്ഞിന്‍റെ ജീവനെടുത്തത് മൊബൈലിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ വരെ അയച്ചു കൊടുക്കാനുള്ള അടുപ്പം വളര്‍ന്നതിന് വെറും മാസങ്ങളുടെ കണക്കേയുള്ളൂ.

വിവാഹം കഴിഞ്ഞ പല സ്ത്രീകളുടെയും ഫേസ്ബുക്ക് ഫ്രെണ്ട്സ് ലിസ്റ്റില്‍ തങ്ങളുടെ ഭര്‍ത്താവ് ഉള്‍പ്പെടുന്നില്ലെന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്.

ഇത്രയൊക്കെ പറഞ്ഞെങ്കിലും എന്തുകൊണ്ട് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പുരുഷന്‍ മറ്റുള്ള ബന്ധങ്ങളില്‍ പെടുന്നു.
ആ പ്രണയത്തിനുവേണ്ടി എന്തുകൊണ്ട് സ്വന്തം രക്തത്തെയടക്കം അവര്‍ വലിച്ചെറിയുന്നു എന്നതിനൊന്നും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല.

അത് കിട്ടണമെങ്കില്‍ ആദ്യം ഒരു ജിവിതം തുടങ്ങുന്നിടത്ത്നിന്നും ആലോചിക്കണം. വിവാഹ ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പങ്കാളികള്‍ അനുസരിക്കണം. പക്ഷെ ഈ ജീവിത തിരക്കിനിടയില്‍ പലര്‍ക്കും അതിന് സമയം കിട്ടാറില്ല. ആ സമയം കിട്ടാത്തിടത്തോളം ഇതുപോലുള്ള പ്രണയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും..ഇതുപോലെ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ അതിന്‍റെ ഇരകളായിക്കൊണ്ടിരിക്കും.

No comments:

Post a Comment