Wednesday, 16 April 2014

നിറങ്ങള്‍ മങ്ങുന്ന സ്വപ്നം


മഴവില്ലുകളായിരുന്നു എന്‍റെ സ്വപ്നങ്ങളില്‍ ആദ്യം വന്നിരുന്നത്
പക്ഷെ അതിന് വര്‍ണങ്ങള്‍ കൂടുതലായിരുന്നു. ഏഴല്ല ഏഴായിരം.
അറ്റുപോയൊരു ചിത്രശലഭത്തിന്‍റെ ചിറകുപോലെ ഞാനതില്‍
പാറി തെറിച്ചു നടന്നു.
ഇടയ്ക്കെപ്പോഴോ വീശിയടിച്ച കൊടുങ്കാറ്റില്‍ എന്‍റെ സ്വപ്‌നങ്ങള്‍
ഏഴായിരം നിറങ്ങള്‍ എവിടെയോ ചിതറി തെറിച്ചു പോയി.

“എന്താണിത് ഉറങ്ങൂ ഉറങ്ങൂ ശാന്തമായ്” ആരോ എന്‍റെ നെറ്റിയില്‍
തലോടുന്നു. ഞാന്‍ വീണ്ടും പതുക്കെ ഉറക്കത്തിലേക്ക് ഊളിയിട്ടു.
പാതിയില്‍ മുറിഞ്ഞ സ്വപ്‌നങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.

പക്ഷെ ഇപ്പോള്‍ മഴവില്ലുകള്‍ക്ക് നിറം മങ്ങുന്നു അവയുടെ
മദിപ്പിക്കുന്ന വര്‍ണങ്ങള്‍ ഒലിച്ചുപോകുന്നു.
കൈക്കുമ്പിളില്‍ കോരിയെടുക്കണോ.?
വേണ്ട ഞാനവയെ അവിടെയുപേക്ഷിച്ചു തിരിഞ്ഞു നടന്നു.

നെല്‍മണികള്‍ കൊത്തിയെടുത്ത് പറന്നുപോകുന്ന പറവകള്‍ അവയുടെ
ചുണ്ടുകളില്‍ നിന്ന് ഓരോ മണികള്‍ താഴെ വീഴുന്നു. ഞാനത് ആവേശത്തോടെ പെറുക്കിയെടുത്തു. ഒന്ന് രണ്ട് മൂന്ന് ‘ഹോ’
എന്‍റെ കൈകളില്‍ ഒതുങ്ങുന്നില്ല ഇതിനെന്താ ഭാരവും വര്‍ദ്ധിക്കുന്നുണ്ടോ?
പക്ഷെ എത്ര നിസ്സാരമായിട്ടാണ് ആ ചെറുകിളികള്‍ അത് കൊത്തി
പെറുക്കി പോകുന്നത്

ബീപ് ബീപ് ‘ശെ’ ഞാന്‍ വീണ്ടും എഴുന്നേറ്റു.
“ഉറങ്ങൂ ഉറങ്ങൂ ശാന്തമായ് ഉറങ്ങൂ”
ആരോ വീണ്ടും എന്‍റെ നെറ്റിയില്‍ തലോടുന്നു. പക്ഷെ ഇപ്രാവശ്യം
എനിക്ക് ശരിക്കും ഉറങ്ങാന്‍ സാധിക്കുന്നില്ല നെറ്റിയിലുള്ള തലോടലിനൊപ്പം
എന്തോ ഒരു സാധനം ശിരസില്‍ ഇറുകുന്നു. എന്തായിരിക്കും?
പതുക്കെ ഒരു തരിപ്പ്. സ്വപ്‌നങ്ങള്‍ മഴവില്ലുകള്‍ ധാന്യമണികള്‍
എല്ലാം ചിതറി തെറിക്കുന്നു അത് ശരീരത്തിലാകമാനം പരക്കുന്നു.
ഇപ്പോള്‍ പുതിയൊരു സ്വപ്നം. പക്ഷെ എന്താണെന്ന് വ്യക്തമാകുന്നില്ല.

ചില വക്കുകള്‍ പൊട്ടിയ നിറങ്ങള്‍ പാതിയുടഞ്ഞ രൂപങ്ങള്‍
അപൂര്‍ണതയുടെ വക്കത്തെത്തി നില്‍ക്കുന്ന ശില്‍പങ്ങള്‍ അതിലാരോ
ചായം പൂശുന്നുണ്ട് എന്‍റെ അബോധമനസ്സാണോ അത്.?
പക്ഷെ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല എന്നെയൊന്ന് തിരിഞ്ഞു
നോക്കുന്നില്ല നോക്കിയാല്‍ ഒന്ന് പറയാമായിരുന്നു

“എല്ലാം പൂര്‍ണമാക്കിക്കോളൂ ഞാന്‍ പോവുകയാണ്” 

No comments:

Post a Comment