Friday 27 September 2013

ചുവപ്പ്

‘വര്‍ണ്ണങ്ങള്‍’ ഞാനെന്‍റെ ജീവനെക്കാളേറെ സ്നേഹിച്ചവ.
എന്‍റെ ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ നിറമായിരുന്നു.
എന്നില്‍ പ്രണയം കടന്നു വന്നത് ഒരു ലില്ലി പൂവിന്‍റെ
വെളുത്ത നിറത്തോടുകൂടിയായിരുന്നു .
ഈ ഭൂമിയിലെ പച്ച നിറങ്ങളെ സ്നേഹിക്കാന്‍ പറഞ്ഞത്
അവളായിരുന്നു.
ഒരുപാട് നിഗൂഡതകളുള്ള കറുപ്പ് നിറത്തെ വെറുക്കാന്‍
പറഞ്ഞത് അവളായിരുന്നു.
പക്ഷെ ഇപ്പോള്‍ ഞാന്‍ വെറുക്കുന്നതും എനിക്കു
ഏറ്റവും ഭയമുളവാക്കുന്നതും ഒരേയൊരു നിറമാണ്.
‘ചുവപ്പ്’
എന്‍റെ കൈകളില്‍ കിടന്ന് എന്നോട് കണ്ണുകളാല്‍ യാത്ര
പറഞ്ഞ എന്‍റെ പ്രിയതമയുടെ മുഖത്തു കണ്ട അതേ

ചുവപ്പു നിറം..

Monday 23 September 2013

പ്രണയത്തിനുമപ്പുറം

ഞാന്‍ ഉറങ്ങുകയാണ്...
എന്‍റെ എല്ലാ സന്തോഷങ്ങളേയും ധുഃഖങ്ങളേയുംഎന്നില്‍ നിന്ന് അകറ്റികൊണ്ട് ..
ഗാഡനിദ്രയിലും ഞാന്‍ കാണുന്നു കേള്‍ക്കുന്നു ഏതോ മനോഹരമായ
സംഗീതം ..അതിന്‍റെ ഈരടികള്‍.
എന്‍റെ അബോധമനസ്സിന്‍റെ തിരശ്ശീലയില്‍
ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ
സ്വൊപ്നങ്ങള്‍.
അതിനിടയില്‍ എന്‍റെ കേള്‍വിയെ മദിച്ചുകൊണ്ടിരുന്ന സംഗീതത്തില്‍
നിന്ന് ഒരു പുല്ലാങ്കുഴല്‍ ശബ്ദവീചികള്‍ വഴി മാറി വന്ന്
എന്നെ തട്ടിയുണര്‍ത്തി..
ആ ശബ്ദവീചികള്‍ എന്‍റെ കൈ പിടിച്ചു ഞാന്‍ കാണുന്ന സ്വൊപ്നലോകത്തിലേക്ക് നടത്തി കൊണ്ടുപോയ്‌..
എന്താണ് എനിക്ക് പറ്റിയത് എന്‍റെ ശരീരഭാരം എനിക്കനുഭവപ്പെടാത്തതെന്ത്.
ഒരു പക്ഷിതൂവലിനെപോലെ ഞാന്‍ എന്‍റെ സ്വൊപ്നങ്ങളിലേക്ക്‌
അലിഞ്ഞു ചേര്‍ന്നു...
അവിടെ എനിക്കേറ്റവും പ്രിയ്യപ്പെട്ടവള്‍.
ദൈവത്തിന്‍റെ തോഴിമാരോടൊത്ത്‌ എന്‍റെ വരവ് കാത്തിരിക്കുന്നത് പോലെ
മേഘകൂട്ടങ്ങള്‍ക്കിടയില്‍ ഏറ്റവും സുന്ദരിയായ്...
എന്നെ ആ കൈകള്‍ കൊണ്ട് അവള്‍ മാടി വിളിച്ചു .
എനിക്കു കേള്‍ക്കാം ഇപ്പോഴും
അവളുടെ വാക്കുകള്‍ ഒരു പുല്ലാങ്കുഴല്‍ ശബ്ദമെന്ന പോലെ
“പ്രിയനേ” മരണം എന്ന ഈ അവസ്ഥയിലും

ഞാന്‍ നിന്‍റെ കൂടെയുണ്ട്.....   

Friday 20 September 2013

പുതു ജീവന്‍

(“നാളെ നിന്‍ അരികിലെന്‍ കുഞ്ഞുണര്‍ന്നിടും
കുഞ്ഞിളം മൊഴികളില്‍ തേന്‍ചുരന്നിടും”.....)



‘വേണുവിന് എന്നോട് ഇപ്പോഴും ആദ്യത്തെ സ്നേഹമുണ്ടോ?’
ഞങ്ങളുടേതായ് മാത്രം വരുന്ന സ്വകാര്യ നിമിഷങ്ങളിലൊന്നില്‍ ഒരേ
ശരീരവുമായ് അവളുടെ തുളസ്സിയിലഗന്ധമുള്ള മുടിയില്‍ മുഖം പൂഴ്ത്തി
കിടക്കുമ്പോഴാണ് അവളില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്.
‘എന്താ ലച്ചു ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം?’
‘വേണുവിന്‍റെ കുഞ്ഞിന്‍റെ അമ്മയാവാന്‍ കഴിയാത്തതിലുള്ള എന്‍റെ
കുറ്റബോധം. ഞാന്‍ വെറും പെണ്‍ശരീരമായ് വേണുവിന് തോന്നുന്നുണ്ടോ?’
‘ഒരിക്കലുമില്ല ലച്ചു. പിന്നെ നമ്മുടെ സ്നേഹം മൂന്നാമതൊരാള്‍ക്കായ്
പങ്കിടുന്നത് ദൈവത്തിന് ഇഷ്ടമല്ലായിരിക്കും’
അവളെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാനങ്ങനെ പറഞ്ഞെങ്കിലും എനിക്കു
ദേഷ്യം ഉണ്ടായിരുന്നു. അവളോടല്ല എന്നോട് എന്‍റെ സ്വാര്‍ത്ഥതയോട്.
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഒരു കുഞ്ഞുണ്ടാവാത്തതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ ഞാന്‍ ശ്രമിക്കാത്തത്‌ എന്‍റെ ഭയം കൊണ്ടായിരുന്നു.
ഞങ്ങളില്‍ എനിക്കാണ് പരാജയം എന്ന് വൈദ്യശാസ്ത്രം പറഞ്ഞാല്‍
ഒരാണെന്ന നിലയില്‍ അതെനിക്ക് താങ്ങാനാകാത്തതായിരുന്നു.
‘വേണു ഇതൊന്നു നോക്കിയേ’
രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു ലക്ഷ്മി
ഒരു ബ്രോഷര്‍ കാണിച്ചു തന്നത്.
‘ഇന്നത്തെ പത്രത്തിന്‍റെ കൂടെ വന്നതാ’
ഞാനതൊന്നു ഓടിച്ചു നോക്കി.
ഒരു പ്രശസ്ത ഹോസ്പിറ്റലിന്റെ പരസ്യം.
‘നമുക്കൊന്നു പോയാലോ വേണു?’
പോകാമെന്നോ വേണ്ടാ എന്നോ ഞാനവളോട് പറഞ്ഞില്ല.
‘ഉം’ എന്നൊന്ന് മൂളി ഞാന്‍ മെല്ലെ ബസ്റ്റോപ്പിലേക്ക്‌ നടന്നു.
സ്കൂളില്‍ പോകാന്‍ തയ്യാറായ് വാഹനം വരുന്നതും കാത്ത്
കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ നില്‍ക്കുന്നു.
ചിലര്‍ അവരുടെ അമ്മയുടെ ദേഹത്ത് ഒട്ടിപിടിച്ചിരിക്കുന്നു.
ചിലര്‍ അച്ഛന്റെയും അമ്മയുടെയും കയ്യില്‍ പിടിച്ചു നടക്കുന്നു.
എന്തോ എന്നത്തേയും പോലെ ഈ കാഴ്ചകള്‍ എനിക്ക് സന്തോഷം
തന്നില്ല. മറിച്ച് എന്‍റെ മനസ്സിനെ ആലോസരപ്പെടുത്തുകയാണ് ഉണ്ടായത്.
സത്യം പറഞ്ഞാല്‍ എനിക്ക് മടുത്തുതുടങ്ങിയിരിക്കുന്നു
സ്നേഹിക്കാനും ഓമനിക്കാനും ഒരു കുഞ്ഞില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാണ്‌ എന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു.
ഓഫീസില്‍ ഇരിക്കുമ്പോഴും എന്‍റെ ചിന്ത മുഴുവന്‍ ഇതായിരുന്നു.
‘എന്താ സാറേ ആലോചിച്ചിരിക്കുന്നത്?’
നോക്കിയപ്പോള്‍ ബാബു ഞങ്ങളുടെ ഓഫീസിലെ പ്യൂണ്‍.
‘ബാബുവിന് എത്ര കുട്ടികളാ?’
‘എന്താ സാറിന് പറ്റിയേ?’
‘എന്‍റെ മൂന്നാമത്തെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞയാഴ്ച്ചയല്ലേ
നമ്മള്‍ ആഘോഷിച്ചത്’
‘ഇത്ര വേഗം മറന്നോ?’
‘ഓ’ ശരിയാ എനിക്കിപ്പോള്‍ മറവിയും ബാധിച്ചു തുടങ്ങിയോ?’
‘ബാബു ശരിക്കും ഭാഗ്യം ചെയ്തയാളാ സ്നേഹിക്കാന്‍ മൂന്ന് കുട്ടികള്‍
ഉണ്ടാവുക എന്നത് ശരിക്കും ഒരു ഭാഗ്യമാ’
‘എന്തു ഭാഗ്യം സാറേ മൂന്നെണ്ണത്തിനെ വളര്‍ത്താന്‍ ഈ കാലത്ത്
എന്താ പാട്’
‘ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര പിന്നെ ഉള്ളതായില്ലേ എന്നുവെച്ചാ’
‘വയസ്സാം കാലത്ത് പെന്‍ഷന്‍ കിട്ടുമല്ലോ എന്നോര്‍ത്താ ഞാന്‍ ഈ
ജോലി വിട്ടു പോകാത്തത്’
‘വളര്‍ന്നാല്‍ മക്കളുടെ കയ്യിലിരിപ്പ് എങ്ങനെയാകും എന്നറിയാത്തോണ്ടാ
അല്ലെങ്കില്‍ ഞാനീ പണിവിട്ട് വല്ല കൂലിപണിക്കും പോയേനെ’
‘സാറിന്‍റെ ഭാര്യക്ക് ഇതുവരെ വിശേഷം ഒന്നും ആയില്ല അല്ലെ?’
‘അത് ചിലപ്പോള്‍ നല്ലതിനാകും ബാബു’
ഞാന്‍ എന്നെതന്നെ സമാധാനിപ്പിക്കുന്ന ഒരു മറുപടി പറഞ്ഞു.
‘നിങ്ങള്‍ക്ക് അഡോപ്ഷനെപറ്റി ഒന്ന് ചിന്തിച്ചു കൂടെ?’
‘എത്ര കുട്ടികള്‍ അച്ഛനമ്മമാരുടെ സ്നേഹം കൊതിച്ച് ഓര്‍ഫണേജില്‍
വളരുന്നുണ്ട്‌ സാറങ്ങനെയൊരു തീരുമാനമെടുത്താല്‍ അതാകും വലിയൊരു
പുണ്യം’
‘എന്‍റെ അറിവില്‍ ഒരു സ്ഥലമുണ്ട് ഞാന്‍ വേണമെങ്കില്‍ സഹായിക്കാം’
‘ഉം’ ഞാന്‍ ലക്ഷ്മിയോടും കൂടി ഒന്നാലോചിക്കട്ടെ എന്നിട്ടൊരു തീരുമാനം
പറയാം’
അന്ന് വീട്ടിലേക്കു പോകുമ്പോള്‍ എന്തോ എനിക്കൊരു ഉണര്‍വുണ്ടായിരുന്നു.
സ്വന്തം ചോരയില്‍നിന്നല്ലെങ്കിലും ഞങ്ങള്‍ക്ക് സ്നേഹിക്കാന്‍ ഒരു കുഞ്ഞ്
അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഉമ്മറപടിയില്‍ തന്നെ ലക്ഷ്മി നില്‍പ്പുണ്ടായിരുന്നു.
വളരെ സന്തോഷത്തോടെ.
‘എന്താ ലച്ചു ഇത്ര സന്തോഷം?’ ‘പിന്നേ എനിക്കൊരു കാര്യം പറയാനുണ്ട്’
‘എന്താ വേണു?’
‘പറയാം നിനക്ക് സന്തോഷം തരുന്ന ഒരു കാര്യമാ’
അന്നു രാത്രി അവളെ കെട്ടിപിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ കാര്യം
അവതരിപ്പിച്ചു.
‘ലച്ചു നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ?’
അതിന് മറുപടിയായ് ലക്ഷ്മി ആ നനുത്ത ചുണ്ടുകള്‍ കൊണ്ട് എന്‍റെ
കവിളില്‍ അമര്‍ത്തി ചുമ്പിച്ചു എന്നിട്ട് മനോഹരമായ ഒരു പുഞ്ചിരിയോടു
കൂടി എന്‍റെ കൈയെടുത്ത് അവളുടെ വയറ്റില്‍ വച്ചു.
അപ്പോള്‍ എന്‍റെ കൈകളില്‍ എനിക്കനുഭവപ്പെട്ടത്‌ എന്നത്തെയും പോലെ
ആ ശരീരത്തിനോടുള്ള ആവേശമായിരുന്നില്ല മറിച്ച്.

“ഒരു ജീവന്‍റെ തുടിപ്പ്”

“ഒരു കുഞ്ഞു ഹൃദയതാളം”......

Thursday 19 September 2013

കോഴി NO 2

‘ആഹാ’ ദേ വീണ്ടും വന്നു പൂരക്കാലം.
രാവിലെ തന്‍റെ സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് ഇന്നു പൂരത്തിനു പോകാം എന്നൊരു ഐഡിയ വന്നത്.
എന്തായാലും എന്നത്തേയും പോലെ ഒരു പണിയും ഇല്ലാതെ വീട്ടിലിരുപ്പാണല്ലോ.
അപ്പോള്‍ തന്നെ എഴുന്നേറ്റു വീട്ടില്‍ നിന്നും മൂഡില്‍ പറ്റിയ പൊടി
അവിടെ തന്നെ തട്ടി കളഞ്ഞു ഇനി പൂരപ്പറമ്പില്‍ പോയി നിരങ്ങാം.
വേഗം കണ്ണു ചിമ്മുന്ന ഒരു ഡ്രസ്സ്‌എടുത്തിട്ടു ഒരു കൂളിംഗ് ഗ്ലാസും വച്ചു
ഇരിക്കട്ടെ ഒരു ഗമയില്‍ തന്നെ പോകാം.
ഒടുവില്‍ എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞു ഒരു വിധം പൂരപ്പറമ്പിലെത്തി.
‘ശ്ശോ’ ഈ കൂളിംഗ് ഗ്ലാസ് വെക്കണ്ടായിരുന്നു എങ്കില്‍ ഒരഞ്ചുമിനിറ്റു
നേരത്തെ എത്തിയേനെ.
ഈശ്യരാ ഞാനെത്താന്‍ വൈകിയോ. ഏയ് ഇല്ല കളക്ഷനുണ്ട്.
എല്ലായിടത്തേക്കും കണ്ണൊന്നു ഓടിച്ചുനോക്കി.
‘ഒന്നും രണ്ടും പൂത്തിരി’
അതാ ഒരു മൂലയില്‍ കുറച്ചു പെണ്‍കുട്ടികള്‍ നില്‍ക്കുന്നു.
മനസ്സില്‍ അമിതാഭച്ചന്‍റെ ഒരു പഴയ പാട്ടും പാടി അവരുടെ മുന്നില്‍
കൂടി രണ്ടു വട്ടം നടന്നു.
‘ഒരു ഗുണവുമില്ലല്ലോ ദൈവമേ’
പാട്ടൊന്നു മാറ്റി പിടിക്കണോ എന്നൊര്‍ത്തിരിക്കുമ്പോള്‍
അതാ കൂട്ടത്തില്‍ ഒരുത്തി നോക്കി ചിരിക്കുന്നു.
നല്ല വെളുത്തു മെലിഞ്ഞു അത്യാവശ്യം ഉയരത്തില്‍ ഒരു മഞ്ഞ
ചുരിദാറുകാരി.
ഒരു തരത്തില്‍ ഒഴിഞ്ഞുമാറി ഞങ്ങള്‍ രണ്ടാളും വേറൊരു മൂലയില്‍ ചെന്നു
‘എന്താ പേര്’
‘രാധിക’ ‘ചേട്ടന്റെയോ’
‘എന്നെ കുട്ടന്‍ എന്ന് വിളിച്ചോളു എനിക്കതാ ഇഷ്ടം’
കിട്ടിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ പരമാവധി അനുരാഗിച്ചു.
മടങ്ങുമ്പോള്‍ പൂരവും പൂരപ്പറമ്പിലെ ആളുകളും അതിന്‍റെ വഴിക്ക്
പോയിരുന്നു.
അങ്ങനെ എനിക്കും കിട്ടി സ്നേഹിക്കാന്‍ ഒരു മണ്ടിപാറുവിനെ
സന്തോഷത്തോടെ ഞാനും എന്‍റെ വഴിക്കുപോയി.
കൂളിംഗ് ഗ്ലാസ് ഊരി കയ്യില്‍ വെച്ചേക്കാം
ഇനി തട്ടിതടഞ്ഞ് വീണു ഉള്ള ഗ്ലാമര്‍ കളയേണ്ട.
ഒടുവില്‍ വീട്ടിലെത്തി ഒരു കുളിയും പാസാക്കി അവളെകുറിച്ചുള്ള
ഓര്‍മയുമായ് അട്ടം നോക്കി കിടന്ന് ഒരു വിധത്തില്‍ നേരം കൂവി വെളുപ്പിച്ചു.
‘ഡാഡി മമ്മി വീട്ടില്‍ ഇല്ല തടൈ പോടാന്‍ ആരുംമില്ല’
അമ്പലത്തില്‍ ഇപ്പോള്‍ തമിള്‍ പാട്ടാണോ വെക്കുന്നെ.
വേഗം തലയില്‍ നിന്നും പുതപ്പു മാറ്റി എഴുന്നേറ്റു.
‘ഓ’ റിംഗ് ടോണായിരുന്നോ.
നോക്കിയപ്പോള്‍ രാധിക
‘എന്താ ചേട്ടാ എത്ര നേരമായ് ഞാന്‍ വിളിക്കുന്നു എവിടെയായിരുന്നു’
‘സോറി മുത്തേ ഞാന്‍ യോഗ ചെയ്യുകയായിരുന്നു’
‘യോഗയോ?’
‘അതേ നിദ്രാസനം’
‘ചേട്ടാ നമുക്കൊന്നു കറങ്ങാന്‍ പോയാലോ’
‘അതിനെന്താ ഞാന്‍ റെഡി’
എന്‍റെ കര്‍ത്താവേ ഇനി ഇതിനുള്ള കാശ്‌ ഞാനെവിടെ നിന്ന് അടിച്ചുമാറ്റും.
സമയം കളയാതെ വേഗം അവള്‍ പറഞ്ഞ റസ്റ്റോറന്റിലേക്ക്‌ വച്ച്പിടിച്ചു.
‘ഓ’ അവള്‍ നേരത്തെ തന്നെ വന്നു സ്ഥലം പിടിച്ചിട്ടുണ്ടല്ലൊ.
‘ചേട്ടാ എനിക്കു ഭയങ്കര വിശപ്പ്‌ നമുക്ക് എന്തെങ്കിലും കഴിച്ചാലോ’
‘അതിനെന്താ നിനക്കു ഭക്ഷണം വാങ്ങിതരേണ്ടത്‌ എന്‍റെ കടമയല്ലേ’
ഇനിയും വൈകിയാല്‍ റസ്റ്റോറന്റിലെ ബിരിയാണി കഴിഞ്ഞാലോ എന്ന
ആക്രാന്തത്താല്‍ അവള്‍ വിളിച്ചു പറഞ്ഞു.
‘രണ്ടു ചിക്കന്‍ ബിരിയാണി’

ഈശ്യരാ ചിക്കന്‍ ബിരിയാണിയോ
കാലത്തു തന്നെ ബിരിയാണി കഴിക്കാന്‍ ഇവളെന്താ പട്ടിണി കിടക്കുകയായിരുന്നോ എന്നാലോചിക്കുമ്പോഴേക്കും ബിരിയാണി എത്തി.
പ്ലേറ്റിലെ ചിക്കന്‍കാല്‍ എന്‍റെ പോക്കറ്റിലേക്കു നോക്കി ചിരിച്ചു.
കര്‍ത്താവേ ഇന്നിവള്‍ക്ക് വയറിളക്കം വരണേ
രണ്ടു ദിവസ്സത്തെക്ക് സമാധാനം കിട്ടുമല്ലോ.
‘ഇനിയെന്താ മോളെ പരിപാടി നമുക്ക് പാര്‍ക്കില്‍ പോയി
കുറച്ചുനേരം ഇരുന്നാലോ?’
‘അയ്യോ ചേട്ടാ ഞാനിപ്പോഴാ ഒരു കാര്യം ഓര്‍ത്തത് എനിക്കു വേഗം പോണം’
‘എന്‍റെ അമ്മായിയെ പ്രസവിക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയേക്കുവാ’  
ഇവളെന്റെ ബിരിയാണി തിന്നാന്‍ വേണ്ടിയാണോ കാലത്തു തന്നെ
വീട്ടില്‍ നിന്നും കുറ്റിയും പറിച്ച്പോന്നത്.
‘ഞാനും വരണോ?’
‘ഏയ്‌ വേണ്ട ഞാന്‍ പൊക്കോളാം’
‘എന്നാല്‍ ശരി’
അവളുടെ അമ്മാവനെ ഇപ്പോള്‍ കയ്യില്‍ കിട്ടിയാല്‍ തല്ലി കയ്യും കാലും
ഒടിക്കാനുള്ള ദേഷ്യം വന്നെങ്കിലും അത് പുറമേ കാണിക്കാതെ പറഞ്ഞു
‘നാളെയും വരണം’
ഒരു മാസം കഴിഞ്ഞു പോയത് അവള്‍ക്കു വേണ്ടി ചിലവാക്കിയ കാശ്‌
കണക്കുകൂട്ടി നോക്കുമ്പോഴാണ് ഞാനറിഞ്ഞത്.
‘നമ്മുക്ക് ഇങ്ങനെ നടന്നാല്‍ മതിയോ മോളെ എന്തെങ്കിലും ഉടന്‍ തീരുമാനിക്കെണ്ടേ?’
ഞാനെന്തോ അനാവശ്യം പറഞ്ഞതു പോലെ അവള്‍ പെട്ടെന്ന് ഞെട്ടി.
‘എന്തു തീരുമാനിക്കാന്‍?’
‘നമുക്ക് നാളെ ഒളിച്ചോടിയാലോ?’
‘നമുക്കോ?’
‘അല്ലാതെപിന്നെ എനിക്കെന്‍റെ അയലോക്കത്തെ ചേച്ചിയെ അടിച്ചോണ്ടു
പോവാന്‍ പറ്റില്ലല്ലോ?’
അവളുടെ മുന്നിലിരിക്കുന്ന ചിക്കന്‍കാല്‍ കൊണ്ട് എന്‍റെ ഹൃദയത്തില്‍
കൃത്യം നടുവില്‍ നടുവില്‍ തന്നെ കുത്തികൊണ്ട് അവള്‍ പറഞ്ഞു.
‘അതിന് നമ്മള്‍ തമ്മില്‍ പ്രേമമാണെന്ന് ആരാ പറഞ്ഞേ?’
റസ്റ്റോറന്റിലെ മേല്‍കൂര തന്‍റെ മുകളില്‍ ഇടിഞ്ഞു വീഴുന്ന പോലെ.
‘രാധികേ’
ഞാന്‍ ദയനീയമായ് വിളിച്ചു.
‘പിന്നെന്തിനാ നീ എന്‍റെ കൂടെ ഇത്രയും കാലം നടന്നത്?’
‘പ്രേമമുണ്ടെങ്കില്‍ മാത്രമേ ഒരാണും പെണ്ണും ഒരുമിച്ചു നടക്കു?’
‘നീ എന്‍റെ നല്ല ഒരു ഫ്രണ്ടല്ലെ?’
‘ആ പിന്നെ ഒരാഴ്ച്ച കഴിഞ്ഞാല്‍ എന്‍റെ എന്‍ഗേജ്‌മെന്റാ കേട്ടോ
നേരത്തെ വരണം’

അവള്‍ പോയതിലല്ല എനിക്കു വിഷമം വന്നത്.
ഈ ആര്‍ത്തി പണ്ടാരത്തിനു വേണ്ടി ഒരു മാസം ചിലവാക്കിയ എന്‍റെ
പതിനായിരം രൂപ സ്വാഹ.
“പ്രാണനാഥന്‍ എനിക്കു നല്കിയ പരമാനന്തരസത്തേ"
അവളുടെ മൊബൈല്‍ ശബ്ദിച്ചു.
പ്രാണനാഥന്‍ കാമുകിക്കു കൊടുത്ത പരമാനന്തം എന്താണെന്ന് അന്നാണ് എനിക്കു മനസ്സിലായത്‌.
പതിയായിരം രൂപ.
‘മിണ്ടല്ലെ കുട്ടാ എന്‍റെ അച്ഛനാ’
പക്ഷെ മൊബൈല്‍ സ്ക്രീനില്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞത്

“കോഴി” no2 എന്നായിരുന്നു 

Sunday 15 September 2013

നിലാവ്

ദുഃഖങ്ങള്‍ എന്‍റെ മനസ്സിനെ എപ്പോഴും കീഴടക്കുമ്പോഴും
ഈ പൂര്‍ണചന്ദ്രനെ കാണുമ്പോള്‍ എനിക്കാശ്യസിക്കാം
എന്നോ നഷ്ടപ്പെട്ടുപോയ എന്‍റെ പ്രിയ സഖിയുടെ
ഒരിക്കലും തീരാത്ത എന്നോടുള്ള സ്നേഹമാണ് ഈ
നറു നിലാവായ് എനിക്കുവേണ്ടി പൊഴിഞ്ഞിറങ്ങുന്നതെന്ന്‌"""

Saturday 14 September 2013

ഒരു മെഴുകുതിരിയുടെ ആത്മഗതം

എന്‍റെ ജീവിതം 
വേദനയോടെ ഇങ്ങനെ 
ഉരുകി തീരുമ്പോഴും 
എനിക്കു ദുഃഖമില്ല 
എന്തെന്നാല്‍ ഞാന്‍ കാരണം 
മറ്റുള്ള കുറച്ചു ജീവിതങ്ങള്‍ക്ക്‌ 
പ്രതീക്ഷയുടെ ഇത്തിരി വെട്ടം 
കിട്ടുന്നുണ്ടെങ്കില്‍ അതാണ്‌
എന്റെ ഏറ്റവും വലിയ സന്തോഷം...

വീണ്ടും ഒരു പീഡനം



"മരണം" ഏതൊരു മനുഷ്യന്‍റെ ചിന്തകള്‍ക്കും
അതുവരെ ഉണ്ടായിരുന്ന ജീവിത പ്രതിസന്ധികള്‍ക്കും
സന്തോഷങ്ങള്‍ക്കും പ്രണയത്തിനും പ്രണയനൈരാശ്യങ്ങള്‍ക്കും
എല്ലാവിധ ജീവിത സാഹചര്യങ്ങള്‍ക്കും മീതെ ഒരു ഫുള്‍സ്റ്റോപ്പ്.
ആത്മഹത്യ ഈ ഒരു ചിന്തയുമായാണ്‌
ഞാന്‍ അധികമാരും ഇല്ലാത്ത ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്കിലേക്ക്‌ നടന്നത്‌.
"ഹേയ്...
പുറകില്‍ നിന്ന് ഒരു പെണ്‍ശബ്ദം.
നാശം! സ്വസ്ഥമായ് ഒന്നു മരിക്കാന്‍ പോലും ഈ സ്ത്രീവര്‍ഗ്ഗങ്ങള്‍ സമ്മതിക്കില്ലെ?
എന്ന ചിന്തയുമായ് തിരിഞ്ഞു നോക്കി.
ചുരുളന്‍ മുടിയും വിടര്‍ന്ന കണ്ണുകളുമായ് ഒരു "22" വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
'ഈ സ്ഥലം ഞാന്‍ നേരത്തേ കണ്ടുവച്ചതാ നിങ്ങള്‍ക്ക്‌ കുറച്ചുമാറി എവിടെയെങ്കിലും നോക്കിക്കോടെ?'
ഓ.. ആത്മഹത്യ ചെയ്യാനും ക്യൂ നില്‍ക്കണോ? എന്നോര്‍ത്തു ഞാന്‍ അവളോട്‌ ഒന്നും പറയാതെ നടന്നു.
'ഒന്നു നില്ക്കൂ മാഷെ എപ്പോഴാ ട്രെയിന്‍?'
വീണ്ടും അവളുടെ ശബ്ദം.
'ചാവാന്‍ വേണ്ടി ഇറങ്ങിപുറ്പ്പെടുമ്പോള്‍ ഇതൊന്നും നോക്കിയില്ലെ?'
അല്പം ഈര്‍ഷ്യയോടുകൂടി ഞാന്‍ പറഞ്ഞു.
'സമയവും കാലവും മുന്‍കൂട്ടി ചിന്തിചിട്ട്‌ ആരെങ്കിലും ഇതിനിറങ്ങുമോ മാഷെ'.?
ഓ.. അതും ശരിയാ.
എന്തോ അവളോടുണ്ടായിരുന്ന എന്റെ ദേഷ്യം പകുതി കുറഞ്ഞതുപോലെ എനിക്കു തോന്നി.
അല്ലെങ്കില്‍തന്നെ ഇനി ആരോടെങ്കിലും ദേഷ്യം കൊണ്ടു നടന്നിട്ടെന്തിനാ?.
'ആട്ടെ ഈ ചെറുപ്രായത്തില്‍ തന്നെ കുട്ടിക്കു ജീവിതം മതിയായോ?'
എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അവള്‍ നിര്‍ത്താതെ ചിരിച്ചു.
മരിക്കാന്‍ പോകുന്നവള്‍ക്ക്‌ ഇങ്ങനെ ചിരിക്കുവാന്‍ പറ്റുമോ ?
'എന്റെ മാഷെ ഞാന്‍ അത്ര ചെറിയ കുട്ടിയൊന്നുമല്ല
പിന്നെ ജീവിതം മടുക്കാന്‍ പ്രായം ഒരു തടസ്സമാണോ?'
'ആട്ടെ മാഷ്‌ എന്തിനാ മരിക്കാന്‍ വന്നത്‌?'
'പ്രതികാരം. വേറെയൊന്നും  ചെയ്യാന്‍ പറ്റാതെ നോക്കിനില്ക്കുന്നവന്റെ പ്രതികാരം.
എന്റെ കാമുകിക്ക്‌ ഞാന്‍ കൊടുക്കുന്ന വിവാഹ സമ്മാനം'

'പ്രണയനൈരാസ്യം അല്ലെ മാഷെ? ആട്ടെ നിങ്ങള്‍ എത്ര കാലം പ്രണയിച്ചു?'
'നാലു വര്‍ഷം നാലു വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു
ഒരു മനസ്സും ഒരു ശരീരവുമായ്
പിന്നെയെപ്പോഴോ അവള്‍ക്ക്‌ തോന്നിക്കാണും എന്നെ വേണ്ടെന്ന്‌'
'അയ്യേ ഇതു പോലുള്ള നിസ്സാരകാര്യങ്ങള്‍ക്ക്‌ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?
മണ്ടന്‍ മാഷ്‌'
അവള്‍ വീണ്ടും ചിരി തുടങ്ങി.
'അവള്‍ പോയാല്‍ പോകട്ടേ മാഷെ
മാഷ്ക്ക്‌ മാഷിനെ സ്നേഹിക്കാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടിയെ തീര്‍ച്ചയായും കിട്ടും ഇപ്പൊള്‍ പൊയ്ക്കോളു'
എന്തോ മരിക്കാന്‍ ഉള്ള മനസ്‌ അവളുടെ ചിരി കണ്ടപ്പോള്‍ തന്നെ എന്നില്‍ നിന്ന്‌ മാഞ്ഞുപോയിരുന്നു.
ഒരു വ്യക്തിയെ മരണത്തെപറ്റി ചിന്തിപ്പിക്കാനും അതില്‍ നിന്ന്‌ പിന്തിരിപ്പിക്കാനും ഉള്ള സ്ത്രീയുടെ കഴിവ്‌ ഓര്‍ത്ത്‌ ഞാന്‍ അത്ഭുതപെട്ടു.
'കുട്ടി എന്തിനാ ഇങ്ങോട്ടു വന്നത്‌?'
അത്ര നേരം കൊണ്ട്‌ വളരേ അടുത്തുപോയതു കൊണ്ട്‌ ഞാന്‍ ചോദിച്ചു.
"സിംപിള്‍" എന്റെ വയറ്റില്‍ ഒരു കുഞ്ഞു വളരുന്നുണ്ട്‌'
അവളുടെ കൂസലില്ലായ്മ എന്നെ വീണ്ടും അത്ഭുതപെടുത്തി.
പ്രണയത്തിന്റെ ബാക്കിപത്രമാവും അല്ലെ? ചെറിയൊരു പുച്ചത്തോടുകൂടി ഞാന്‍ ചോദിച്ചു.
'ഇതിനൊരു പരിഹാരം ഞാന്‍ കണ്ടെത്തിയാല്‍ കുട്ടി ആത്മഹത്യയില്‍ നിന്ന്‌ പിന്മാറുമോ?'
'ഇതിനൊരു പരിഹാരം എനിക്കാവശ്യമില്ല'
'അതെന്താ?'
'ഞാനും എന്റെ കുട്ടിയും ഒരാളെതന്നെ അഛാ എന്നു വിളിക്കുന്നത്‌ എനിക്ക്‌ ചിന്തിക്കാനാവില്ല'
ഇപ്പോള്‍ അവളുടെ മുഖത്ത്‌ ആ ചിരി ഉണ്ടായിരുന്നില്ല.
അവള്‍ പറഞ്ഞത്‌ ഉള്‍ക്കൊള്ളാന്‍ എനിക്കല്പം സമയം വേണ്ടിവന്നു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അരികില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ആ വാക്കുകള്‍ എന്റെ ചിന്തകളെ ഭ്രാന്തമായ് മദിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ഞാന്‍ അറിഞ്ഞു
ദൂരെ നിന്ന്‌ചീറിപാഞ്ഞു വരുന്ന ട്രെയിനിന്റെ ഇരമ്പല്‍....... ....