Friday 20 September 2013

പുതു ജീവന്‍

(“നാളെ നിന്‍ അരികിലെന്‍ കുഞ്ഞുണര്‍ന്നിടും
കുഞ്ഞിളം മൊഴികളില്‍ തേന്‍ചുരന്നിടും”.....)



‘വേണുവിന് എന്നോട് ഇപ്പോഴും ആദ്യത്തെ സ്നേഹമുണ്ടോ?’
ഞങ്ങളുടേതായ് മാത്രം വരുന്ന സ്വകാര്യ നിമിഷങ്ങളിലൊന്നില്‍ ഒരേ
ശരീരവുമായ് അവളുടെ തുളസ്സിയിലഗന്ധമുള്ള മുടിയില്‍ മുഖം പൂഴ്ത്തി
കിടക്കുമ്പോഴാണ് അവളില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്.
‘എന്താ ലച്ചു ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം?’
‘വേണുവിന്‍റെ കുഞ്ഞിന്‍റെ അമ്മയാവാന്‍ കഴിയാത്തതിലുള്ള എന്‍റെ
കുറ്റബോധം. ഞാന്‍ വെറും പെണ്‍ശരീരമായ് വേണുവിന് തോന്നുന്നുണ്ടോ?’
‘ഒരിക്കലുമില്ല ലച്ചു. പിന്നെ നമ്മുടെ സ്നേഹം മൂന്നാമതൊരാള്‍ക്കായ്
പങ്കിടുന്നത് ദൈവത്തിന് ഇഷ്ടമല്ലായിരിക്കും’
അവളെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാനങ്ങനെ പറഞ്ഞെങ്കിലും എനിക്കു
ദേഷ്യം ഉണ്ടായിരുന്നു. അവളോടല്ല എന്നോട് എന്‍റെ സ്വാര്‍ത്ഥതയോട്.
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഒരു കുഞ്ഞുണ്ടാവാത്തതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ ഞാന്‍ ശ്രമിക്കാത്തത്‌ എന്‍റെ ഭയം കൊണ്ടായിരുന്നു.
ഞങ്ങളില്‍ എനിക്കാണ് പരാജയം എന്ന് വൈദ്യശാസ്ത്രം പറഞ്ഞാല്‍
ഒരാണെന്ന നിലയില്‍ അതെനിക്ക് താങ്ങാനാകാത്തതായിരുന്നു.
‘വേണു ഇതൊന്നു നോക്കിയേ’
രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു ലക്ഷ്മി
ഒരു ബ്രോഷര്‍ കാണിച്ചു തന്നത്.
‘ഇന്നത്തെ പത്രത്തിന്‍റെ കൂടെ വന്നതാ’
ഞാനതൊന്നു ഓടിച്ചു നോക്കി.
ഒരു പ്രശസ്ത ഹോസ്പിറ്റലിന്റെ പരസ്യം.
‘നമുക്കൊന്നു പോയാലോ വേണു?’
പോകാമെന്നോ വേണ്ടാ എന്നോ ഞാനവളോട് പറഞ്ഞില്ല.
‘ഉം’ എന്നൊന്ന് മൂളി ഞാന്‍ മെല്ലെ ബസ്റ്റോപ്പിലേക്ക്‌ നടന്നു.
സ്കൂളില്‍ പോകാന്‍ തയ്യാറായ് വാഹനം വരുന്നതും കാത്ത്
കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ നില്‍ക്കുന്നു.
ചിലര്‍ അവരുടെ അമ്മയുടെ ദേഹത്ത് ഒട്ടിപിടിച്ചിരിക്കുന്നു.
ചിലര്‍ അച്ഛന്റെയും അമ്മയുടെയും കയ്യില്‍ പിടിച്ചു നടക്കുന്നു.
എന്തോ എന്നത്തേയും പോലെ ഈ കാഴ്ചകള്‍ എനിക്ക് സന്തോഷം
തന്നില്ല. മറിച്ച് എന്‍റെ മനസ്സിനെ ആലോസരപ്പെടുത്തുകയാണ് ഉണ്ടായത്.
സത്യം പറഞ്ഞാല്‍ എനിക്ക് മടുത്തുതുടങ്ങിയിരിക്കുന്നു
സ്നേഹിക്കാനും ഓമനിക്കാനും ഒരു കുഞ്ഞില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാണ്‌ എന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു.
ഓഫീസില്‍ ഇരിക്കുമ്പോഴും എന്‍റെ ചിന്ത മുഴുവന്‍ ഇതായിരുന്നു.
‘എന്താ സാറേ ആലോചിച്ചിരിക്കുന്നത്?’
നോക്കിയപ്പോള്‍ ബാബു ഞങ്ങളുടെ ഓഫീസിലെ പ്യൂണ്‍.
‘ബാബുവിന് എത്ര കുട്ടികളാ?’
‘എന്താ സാറിന് പറ്റിയേ?’
‘എന്‍റെ മൂന്നാമത്തെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞയാഴ്ച്ചയല്ലേ
നമ്മള്‍ ആഘോഷിച്ചത്’
‘ഇത്ര വേഗം മറന്നോ?’
‘ഓ’ ശരിയാ എനിക്കിപ്പോള്‍ മറവിയും ബാധിച്ചു തുടങ്ങിയോ?’
‘ബാബു ശരിക്കും ഭാഗ്യം ചെയ്തയാളാ സ്നേഹിക്കാന്‍ മൂന്ന് കുട്ടികള്‍
ഉണ്ടാവുക എന്നത് ശരിക്കും ഒരു ഭാഗ്യമാ’
‘എന്തു ഭാഗ്യം സാറേ മൂന്നെണ്ണത്തിനെ വളര്‍ത്താന്‍ ഈ കാലത്ത്
എന്താ പാട്’
‘ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര പിന്നെ ഉള്ളതായില്ലേ എന്നുവെച്ചാ’
‘വയസ്സാം കാലത്ത് പെന്‍ഷന്‍ കിട്ടുമല്ലോ എന്നോര്‍ത്താ ഞാന്‍ ഈ
ജോലി വിട്ടു പോകാത്തത്’
‘വളര്‍ന്നാല്‍ മക്കളുടെ കയ്യിലിരിപ്പ് എങ്ങനെയാകും എന്നറിയാത്തോണ്ടാ
അല്ലെങ്കില്‍ ഞാനീ പണിവിട്ട് വല്ല കൂലിപണിക്കും പോയേനെ’
‘സാറിന്‍റെ ഭാര്യക്ക് ഇതുവരെ വിശേഷം ഒന്നും ആയില്ല അല്ലെ?’
‘അത് ചിലപ്പോള്‍ നല്ലതിനാകും ബാബു’
ഞാന്‍ എന്നെതന്നെ സമാധാനിപ്പിക്കുന്ന ഒരു മറുപടി പറഞ്ഞു.
‘നിങ്ങള്‍ക്ക് അഡോപ്ഷനെപറ്റി ഒന്ന് ചിന്തിച്ചു കൂടെ?’
‘എത്ര കുട്ടികള്‍ അച്ഛനമ്മമാരുടെ സ്നേഹം കൊതിച്ച് ഓര്‍ഫണേജില്‍
വളരുന്നുണ്ട്‌ സാറങ്ങനെയൊരു തീരുമാനമെടുത്താല്‍ അതാകും വലിയൊരു
പുണ്യം’
‘എന്‍റെ അറിവില്‍ ഒരു സ്ഥലമുണ്ട് ഞാന്‍ വേണമെങ്കില്‍ സഹായിക്കാം’
‘ഉം’ ഞാന്‍ ലക്ഷ്മിയോടും കൂടി ഒന്നാലോചിക്കട്ടെ എന്നിട്ടൊരു തീരുമാനം
പറയാം’
അന്ന് വീട്ടിലേക്കു പോകുമ്പോള്‍ എന്തോ എനിക്കൊരു ഉണര്‍വുണ്ടായിരുന്നു.
സ്വന്തം ചോരയില്‍നിന്നല്ലെങ്കിലും ഞങ്ങള്‍ക്ക് സ്നേഹിക്കാന്‍ ഒരു കുഞ്ഞ്
അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഉമ്മറപടിയില്‍ തന്നെ ലക്ഷ്മി നില്‍പ്പുണ്ടായിരുന്നു.
വളരെ സന്തോഷത്തോടെ.
‘എന്താ ലച്ചു ഇത്ര സന്തോഷം?’ ‘പിന്നേ എനിക്കൊരു കാര്യം പറയാനുണ്ട്’
‘എന്താ വേണു?’
‘പറയാം നിനക്ക് സന്തോഷം തരുന്ന ഒരു കാര്യമാ’
അന്നു രാത്രി അവളെ കെട്ടിപിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ കാര്യം
അവതരിപ്പിച്ചു.
‘ലച്ചു നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ?’
അതിന് മറുപടിയായ് ലക്ഷ്മി ആ നനുത്ത ചുണ്ടുകള്‍ കൊണ്ട് എന്‍റെ
കവിളില്‍ അമര്‍ത്തി ചുമ്പിച്ചു എന്നിട്ട് മനോഹരമായ ഒരു പുഞ്ചിരിയോടു
കൂടി എന്‍റെ കൈയെടുത്ത് അവളുടെ വയറ്റില്‍ വച്ചു.
അപ്പോള്‍ എന്‍റെ കൈകളില്‍ എനിക്കനുഭവപ്പെട്ടത്‌ എന്നത്തെയും പോലെ
ആ ശരീരത്തിനോടുള്ള ആവേശമായിരുന്നില്ല മറിച്ച്.

“ഒരു ജീവന്‍റെ തുടിപ്പ്”

“ഒരു കുഞ്ഞു ഹൃദയതാളം”......

No comments:

Post a Comment