‘എന്തിനും ഇനിയൊരു സഹായിയെ
കണ്ടെത്തണം’
രൂപ വന്നുപോയത്തിനു ശേഷമാണ്
ഞാനും അതിനെപറ്റി ആലോചിച്ചത്.
‘ഒരു സമയത്തും നിര്‍ത്താതെ
ചില്ലുനൂലുകള്‍ താഴോട്ടു വരിയിടുന്ന
ആ നശിച്ച ദിവസ്സത്തില്‍
വെള്ളത്തുണി കൊണ്ട് മൂടിയത് നിന്‍റെ
ജീവിതമായിരുന്നില്ല
ഒരുപക്ഷെ നീയുണ്ടല്ലോ അവളെ സാക്ഷിയാക്കി
നീ വരച്ച ചിത്രങ്ങളുണ്ടല്ലോ
എന്ന ആശ്വാസത്തിലായിരിക്കും യാതൊരുവിധ വിഷമവും കൂടാതെ അവള്‍
പോയത്’
പക്ഷെ എനിക്കപ്പോള്‍
രൂപയോട് മറുപടി പറയാന്‍ തോന്നിയില്ല
എല്ലാം മൂളി കേട്ടു. ഇനിയും
ഒരു സഹായി.?
സഹായി മാത്രമല്ലായിരുന്നല്ലോ
എനിക്കവള്‍. ഞാനതെങ്ങനെ രൂപയോട്
പറഞ്ഞു മനസ്സിലാക്കും.?
ക്യാന്‍വാസ് എടുത്തുവച്ച്
ചായകൂട്ടുകള്‍ കലക്കി ഒരാവേശത്തോടെ
എന്തൊക്കെയോ കോറിവരച്ചു.
ആറിതുടങ്ങിയ കിതപ്പിനിടയില്‍
സസൂക്ഷ്മം തന്‍റെ ചിത്രത്തെ അവന്‍
ഒരിക്കല്‍ക്കൂടി
വിലയിരുത്തി.
മഞ്ഞയുടെയും പച്ചയുടെയും
ചുവപ്പിന്‍റെയും ഇടയില്‍ ഞാന്‍ കലക്കാത്ത
വെളുത്ത നിറം എങ്ങനെവന്നു.?
വെള്ളയുടെ അറ്റത്ത് വിരലുകള്‍ കൂട്ടിക്കെട്ടിയ ചുവപ്പ്
പാദങ്ങള്‍. ഇതെങ്ങനെ സംഭവിച്ചു.?
ഇതൊന്നുമല്ലായിരുന്നല്ലോ
ഞാന്‍ വരച്ചത്.?
മോക്ഷപ്രാപ്തിക്കായ്
ഗംഗയില്‍ മുങ്ങുന്ന മനസ്സോടെയാണ്
പിന്നെയവനാ ചായകൂട്ടുകളെ
സ്പര്‍ശിച്ചത്.
പലവിധ നിറങ്ങള്‍
സിരസ്സിലൂടെ ഒലിച്ചിറങ്ങി ഒടുവില്‍ ബ്രഷുകളാല്‍
കവിത വരച്ച ആ ചിത്രകാരന്‍
സ്വന്തം ക്യാന്‍വാസില്‍ തന്നെ തളര്‍ന്നു വീഴുമ്പോള്‍ നിറങ്ങള്‍ ചാലിച്ച അവന്‍റെ മുടിയിഴകളെ
പ്രതലമാക്കി പുതിയ ചിത്രങ്ങളെ വരച്ചുകൊണ്ടിരുന്നത് രൂപയുടെ കൈകളായിരുന്നു.

No comments:
Post a Comment