Monday, 21 October 2013

ജാതകം



‘ചേച്ചി ഇതുവരെ ശരിയായില്ലേ?
അവരൊക്കെ എത്ര നേരമായ് കാത്തിരിക്കുന്നു’.
‘ഇപ്പൊ വരാം മോളെ എന്‍റെയീ മുടി അത്രകങ്ങോട്ടു ശരിയായിട്ടില്ല’
അല്ലെങ്കില്‍ത്തന്നെ വേഗം പോയിട്ട് വല്ല്യ കാര്യമൊന്നുമില്ലല്ലോ?’
നമ്മള്‍ കെട്ടിയൊരുങ്ങി ചായയും പിടിച്ച് മുന്നില്‍ പോയി നില്‍ക്കും
രണ്ടു ദിവസ്സം കഴിഞ്ഞ് അവരൊരു വിളിയാ.
‘സോറി’ ജാതകം ശരിയായിട്ടില്ല എന്നും പറഞ്ഞ്
നമ്മള്‍ ഇതെത്ര കണ്ടതാ.
‘അതൊന്നും സാരമില്ല ചേച്ചി എന്തായാലും ഒന്ന് പോയി നിന്നോ’
എപ്പോഴാ ഭാഗ്യം എന്നുപറയാന്‍ പറ്റില്ലല്ലോ’
‘ഉം നീയും കൂടി വന്നേക്കണം കേട്ടോ’
ഞാന്‍ വളരെ നാണം കുണുങ്ങി നമ്രശിരസ്കയായി ആരോടും
മിണ്ടാതെ ചായ പാത്രം മേശയില്‍ വച്ച് വേഗം തിരിച്ചു നടന്നു.
(എന്നൊന്നും ആരും വിചാരിക്കേണ്ട)
കുറച്ചു നാളായ് നടക്കുന്ന ഏര്‍പ്പാടായതുകൊണ്ട് നാണമൊക്കെ
എങ്ങോട്ടോ പോയിരുന്നു.
അതുകൊണ്ടുതന്നെ ചെറുക്കനെയൊക്കെ നല്ലതു പോലെ സൂക്ഷിച്ചു നോക്കി
അവരുടെ ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊക്കെ പറഞ്ഞ്
വളരെ സാവധാനത്തോടെ മുറിയിലേക്ക് തിരിച്ചു നടന്നു.
ചൊവ്വാ ദോഷമാണത്രെ എന്‍റെ ജാതകത്തിന്
അതുകൊണ്ടുതന്നെ മാംഗല്യം എന്ന സ്വപ്നം നടക്കാന്‍ ഇനിയും
കാത്തിരിക്കണമെന്നാ തോന്നുന്നത്.
ഞാന്‍ ജനിച്ചപ്പോള്‍ തന്നെ എന്‍റെ ജീവിതത്തെകുറിച്ച് എഴുതി വയ്ക്കപ്പെട്ട താളിയോലകള്‍.
മുറിയിലെത്തിയപാടെ ഞാനവ ഒന്ന് വായിച്ചു നോക്കി
ഒന്നും മനസ്സിലായില്ല.
ജ്യോതിഷപണ്ഡിതര്‍ എഴുത്താണിയാല്‍ കുറിച്ചു വയ്ക്കപ്പെട്ടവ.
സാധാരണ മനുഷ്യര്‍ക്ക്‌ വായിച്ചാല്‍ മനസ്സിലാവില്ല.
അതുകൊണ്ടുതന്നെ അവര്‍ പറയുന്നത് നമ്മള്‍ പാവങ്ങള്‍ അനുസ്സരിക്കുന്നു.
എന്‍റെപോലെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തടസ്സപ്പെടാന്‍ അതുപോരെ.
‘ചേച്ചി ഇവിടെയിരിക്കുകയായിരുന്നോ അവരൊക്കെ പോയി’
‘അത്രെ തെളിച്ചമില്ലാതെയാ പോയത് ഇതും കലങ്ങിയത് തന്നെയെന്നാ
തോന്നുന്നത്’.
‘പോട്ടെ മോളെ ഞാനിവരെ കണ്ടൊന്നുമല്ലല്ലോ ജീവിച്ചത്
എനിക്കു നിന്‍റെ കാര്യത്തിലാ പേടി ഞാന്‍ കാരണം നിന്‍റെ ജീവിതം
തടസ്സപെടുമോയെന്ന്’
‘അത് സാരമില്ല ചേച്ചി ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടേ ഞാന്‍
എന്‍റെ കാര്യം ചിന്തിക്കു’
രണ്ടു ദിവസം കഴിഞ്ഞ് ബ്രോക്കര്‍ വന്നു.
‘സാവിത്രിയമ്മേ അവര്‍ക്ക് ഈ വീടിനോട് ബന്ധുതയുണ്ടാക്കിയാല്‍
കൊള്ളാമെന്നുണ്ട്’
കേട്ടുനിന്ന എന്‍റെ മനസ്സില്‍ ചെറിയൊരു സന്തോഷം തോന്നി.
‘പക്ഷെ അവര്‍ക്ക് ഇവിടുത്തെ അനിയത്തികൊച്ചിനെയാ താല്പര്യം’
‘അതെങ്ങനെയാ മൂത്തത് നില്‍ക്കുമ്പോള്‍ താഴെയുള്ളതിനെ കെട്ടിക്കുന്നെ’?
അമ്മയും ബ്രോക്കറും തമ്മിലുള്ള സംഭാഷണം കേള്‍ക്കുന്നത്
മതിയാക്കി ഞാന്‍ അനുജത്തിയുടെ മുറിയിലേക്ക് പോയി.
‘എന്നോട് ക്ഷമിക്കില്ലേ ചേച്ചി’?
‘അതിന് മോളെന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ’
അതിന് മറുപടിയായ് മുറിയുടെ മൂലയിലേക്ക് അവള്‍ കൈ ചൂണ്ടി.
അവിടെ “ശ്രീകല – രോഹിണി” നക്ഷത്രത്തിലെ അവസാന ഓലയും

കത്തിതീര്‍ന്നിരിക്കുന്നു…………  

No comments:

Post a Comment